അല്ലു അർജുനെ തൊട്ടത് കോൺഗ്രസ്സിന് പണിയാകും, തെലങ്കാനയിൽ പുതിയ എതിരിയെ സൃഷ്ടിച്ച് സർക്കാർ !

കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ നടത്തിയ അറസ്റ്റ് നാടകം, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ അല്ലു അര്‍ജുന്‍ തന്നെ പട നയിക്കാന്‍ ഇറങ്ങുന്നതോടെ തെലങ്കാനയുടെ മണ്ണിന്‍ നിന്നും കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെടുമെന്നതാണ് അവരുടെ കണക്ക് കൂട്ടല്‍

അല്ലു അർജുനെ തൊട്ടത് കോൺഗ്രസ്സിന് പണിയാകും, തെലങ്കാനയിൽ പുതിയ എതിരിയെ സൃഷ്ടിച്ച് സർക്കാർ !
അല്ലു അർജുനെ തൊട്ടത് കോൺഗ്രസ്സിന് പണിയാകും, തെലങ്കാനയിൽ പുതിയ എതിരിയെ സൃഷ്ടിച്ച് സർക്കാർ !

ന്ധ്രയില്‍ ഭരണപക്ഷമായ കോണ്‍ഗ്രസ്സിന് ഇനി നേരിടേണ്ടി വരിക പുതിയ ഒരു ശത്രുവിനെ കൂടിയാണ്. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത നടപടി കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ വലിയ ശത്രുതയാണ് തെലുങ്ക് സിനിമാ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. തെലങ്കാനയിലും ആന്ധ്രയിലും വലിയ സ്വാധീനമുള്ള താരമാണ് അല്ലു അര്‍ജുന്‍. സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, പവന്‍ കല്യാണ്‍, രാംചരണ്‍ തുടങ്ങിയവരുടെ അടുത്ത ബന്ധു കൂടിയായ അദ്ദേഹം കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ നീങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. അങ്ങനെ സംഭവിച്ചാല്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന ഭരണം തന്നെ കോണ്‍ഗ്രസ്സിന് നഷ്ടമായാലും അത്ഭുതപ്പെടാനില്ല.

അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 വിന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ, തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകളാണ് അല്ലു അര്‍ജുന് എതിരെ ചുമത്തിയിരിക്കുന്നത്. 5 മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

Allu Arjun

ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്‌സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ നടന്ന പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ചിത്രം കാണാനെത്തിയ ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി മരിച്ചിരുന്നത്. അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നാണ് അധികൃതരുടെ വാദം. അതിനാല്‍ തന്നെ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ലെന്നും പൊലീസ് പറയുന്നു.

അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് ആരോപിച്ചിട്ടുണ്ട്. അല്ലു അര്‍ജുനെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനഃപൂര്‍വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റ്, അല്ലുവിന്റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്‍, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Also Read: അല്ലു അർജുന് ജാമ്യം

മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച അല്ലു അര്‍ജുന്‍, ഇത്തരമൊരു സംഭവം നടന്നതില്‍ തന്റെ ഹൃദയം തകര്‍ന്നു പോയതായും പറഞ്ഞിരുന്നു. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീ തേജിന്റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ പൊലീസ് നടപടിയെ തടുക്കാന്‍ പര്യാപ്തമായിരുന്നില്ല.

ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും മുന്‍പാണ് തികച്ചും നാടകീയമായി ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ച് അല്ലു അര്‍ജുനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കെ കോടതി തീരുമാനം വരും മുന്‍പ് അല്ലുവിനെ അറസ്റ്റ് ചെയ്തത് എന്തിന് വേണ്ടിയാണ് എന്ന ചോദ്യമാണ് അല്ലു അര്‍ജുന്റെ ആരാധകരും സിനിമാ പ്രവര്‍ത്തകരും ഇപ്പോള്‍ ചോദിക്കുന്നത്. തിയറ്ററില്‍ താരം എത്തുന്ന കാര്യം പൊലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Pawan Kalyan

അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍, അല്ലു അര്‍ജുന്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിടപ്പ് മുറിയില്‍ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അര്‍ജുന്‍ ചോദിച്ചതും പ്രാതല്‍ കഴിക്കാന്‍ സമയം തരണം എന്ന് ആവശ്യപ്പെട്ടതുമെല്ലാം പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റത്തിന് കാരണമായതാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ അല്ലു അരവിന്ദും ഭാര്യ സ്‌നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ കേസിന്‍ ജാമ്യത്തില്‍ ഇറങ്ങുന്ന അല്ലു അര്‍ജുന്‍ തെലങ്കാനയില കോണ്‍ഗ്രസ്സ് സര്‍ക്കാരിന് വന്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ആന്ധ്രയില്‍ അല്ലു അര്‍ജുന്റെ ബന്ധു കൂടിയായ സൂപ്പര്‍ താരം പവന്‍ കല്യാണിനെ മുന്‍ നിര്‍ത്തിയാണ് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു ഭരണം പിടിച്ചിരുന്നത്. നിലവില്‍ പവന്‍ കല്യാണ്‍ ആന്ധ്ര ഉപമുഖ്യമന്ത്രി കൂടിയാണ്. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തെലുങ്ക് മണ്ണില്‍ അല്ലു അര്‍ജുന്‍ പരസ്യമായി കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ പട നയിച്ചാല്‍ അത് തെലങ്കാന സര്‍ക്കാരിന് വലിയ വെല്ലുവിളിയായി മാറും.

Revanth Reddy

119 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 64 സീറ്റുകളാണ് ഉള്ളത്. ബി.ആര്‍.എസിന് 39ഉം ബി.ജെ.പിക്ക് എട്ടും സീറ്റുകള്‍ നിയമസഭയിലുണ്ട്. ഇതിനു പുറമെ സി.പി.ഐയ്ക്ക് ഒന്നും, എ ഐ എം ഐ എമ്മിന് ഏഴ് സീറ്റുകളുമാണുള്ളത്. ജനകീയനായ രേവന്ത് റെഡ്ഡിയുടെ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ്സിന് തെലങ്കാന ഭരണം നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നത്. എന്നാല്‍ ഈ ജനപ്രീതി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാര്യമായി പ്രതിഫലിച്ചിരുന്നില്ല. ആകെയുള്ള 17 ലോക്‌സഭ സീറ്റുകളില്‍ എട്ടു സീറ്റുകള്‍ വീതമാണ് എന്‍.ഡി.എയും ഇന്ത്യാ സഖ്യവും തെലങ്കാനയില്‍ നേടിയിരിക്കുന്നത്. എ ഐ എം ഐ എമ്മിന് ഒരു സീറ്റും ലഭിക്കുകയുണ്ടായി.

Also Read: അല്ലു അർജുന് അപകടത്തിൽ ബന്ധമില്ലെന്ന് മരിച്ച യുവതിയുടെ ഭർത്താവ്

കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ നടത്തിയ അറസ്റ്റ് നാടകം, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ അല്ലു അര്‍ജുന്‍ തന്നെ പട നയിക്കാന്‍ ഇറങ്ങുന്നതോടെ തെലങ്കാനയുടെ മണ്ണിന്‍ നിന്നും കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെടുമെന്നതാണ് അവരുടെ കണക്ക് കൂട്ടല്‍.

വീഡിയോ കാണാം

Share Email
Top