മുസ്ലീം ലീഗ് – കോൺഗ്രസ് നേതൃത്വങ്ങളെ വെട്ടിലാക്കി പ്രമുഖ സാമുദായിക സംഘടനയായ എപി വിഭാഗം സുന്നികളും രംഗത്ത് വന്നിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിൽ ലീഗ് നേതൃത്വം വീഴരുതെന്ന മുന്നറിയിപ്പ് ഇകെ വിഭാഗം സമസ്തയ്ക്ക് പിന്നാലെ എപി വിഭാഗം സമസ്തയിലെ നേതാക്കളും പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
സമസ്തയും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നതയിൽ നിലപാട് വ്യക്തമാക്കിയാണ് എപി വിഭാഗം നേതാവും എസ്.വൈ.എസ് ജനറൽ സെക്രട്ടറിയുമായ എപി അബ്ദുൽ ഹക്കീം അസ്ഹരി തുറന്നടിച്ചിരിക്കുന്നത്. സമസ്തയുടെ കൂടി ഭാഗമായ ലീഗ് നേതാക്കൾ സുന്നി വിരുദ്ധ ആശയങ്ങളെ പിന്തുണക്കുന്നതാണ് ഇപ്പോഴുള്ള അസ്വസ്ഥതകൾക്ക് കാരണമെന്നാണ് ഹക്കീം അസ്ഹരി പറഞ്ഞിരിക്കുന്നത്. മുസ്ലീം ലീഗ് രൂപീകരിക്കുന്നതിന് മുമ്പ് തന്നെ സമസ്ത സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലീഗിന് സമസ്തയെ നിയന്ത്രിക്കുന്നതിന് അർഹതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാണക്കാട് – ഖാസി വിവാദത്തിലും ഹക്കീം അസ്ഹരി തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. ഖാസിമാർ പണ്ഡിതൻമാർ ആയിരിക്കണമെന്നാണ് മതനിയമമെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്ക് പണ്ഡിത സഭയിൽ അംഗത്വം നൽകാതിരിക്കുന്ന ഇകെ വിഭാഗം സമസ്തയുടെ മുശാവറ അംഗങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് എപി വിഭാഗത്തിൻ്റെ ഈ നിലപാട്.
കേരളത്തിൽ ഇരു വിഭാഗം സുന്നികളും ഇപ്പോൾ നല്ല ബന്ധത്തിലാണെന്നും തർക്കങ്ങളൊന്നും എവിടെയുമില്ലെന്നും ചൂണ്ടിക്കാട്ടിയ എപി വിഭാഗം നേതാവ് ഇരു സമസ്തകളും ഒരുമിച്ച് പതാക ഉയർത്തുന്ന സംഭവങ്ങൾ പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി. ഇരു സംഘടനാ നേതാക്കളും ഒരുമിച്ച് വേദി പങ്കിടുകയാണ് ഇനി വേണ്ടതെന്നതാണ് ഹക്കീം അസ്ഹരിയുടെ അഭിപ്രായം.
സുന്നി ഐക്യശ്രമം തടയാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. സുന്നികൾ ഐക്യപ്പെട്ടാൽ അത് തങ്ങൾക്ക് പ്രയാസുണ്ടാകുമോയെന്ന് ചിലർ ഭയപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയ ഹക്കീം അസ്ഹരി കേരളത്തിൽ മുസ്ലീം സംഘടനകളെയും വ്യക്തികളെയും സ്വാധീനിക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നതും പ്രത്യേകം പരാമർശിക്കുകയുണ്ടായി.
“ജമാഅത്തെ ഇസ്ലാമിക്ക് പിന്നിൽ രാഷ്ട്രീയമാണ്. അത് കേരളീയ മുസ്ലീം പൊതുസമൂഹം തള്ളിക്കളഞ്ഞതുമാണ്. അതുകൊണ്ട് തന്നെ മറ്റ് സംഘടനകളെ സ്വാധീനിക്കാൻ ഇപ്പോൾ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. അതിൽ വീണുപോകാതിരിക്കാൻ ബന്ധപ്പെട്ട നേതാക്കൾ ശ്രദ്ധിക്കണമെന്നും ഹക്കീം അസ്ഹരി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ജമാഅത്തെ ഇസ്ലാമിയുടെ പിന്നിലുള്ളത് ‘ഹിഡൻ’ രാഷ്ട്രീയം: ഹക്കീം അസ്ഹരി
എപി വിഭാഗം നേതാവിൻ്റെ ഈ നിലപാടുകൾ യുഡിഎഫിനെ സംബന്ധിച്ച് തിരിച്ചടിയാണ്. പൊതുവെ എപി വിഭാഗം സുന്നികളെ അരിവാൾ സുന്നികളെന്നാണ് വിശേഷിപ്പിക്കാറുള്ളതെങ്കിലും കോൺഗ്രസ് അനുഭാവികളിലെ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരിൽ നല്ലൊരു വിഭാഗവും ഈ സമുദായ സംഘടനയിൽപ്പെട്ടവരാണ്. ഇകെ വിഭാഗം പൊതുവെ ലീഗ് അനുകൂലികളായാണ് വിലയിരുത്തപ്പെടുന്നത്. ലീഗിൻ്റെ പ്രധാന വോട്ട്ബാങ്കും ഇകെ വിഭാഗം സുന്നികളാണ്.
എന്നാൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലീഗ് അധ്യക്ഷനായ ശേഷം ലീഗും – ഇകെ വിഭാഗം സമസ്തയും തമ്മിൽ ശക്തമായ ഭിന്നതയാണ് നിലവിലുള്ളത്. ചരിത്രത്തിൽ ആദ്യമായി ഇകെ വിഭാഗത്തിൽ നിന്നും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടുകൾ ശക്തമായി പുറത്ത് വന്ന് തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്.
ജമാ അത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും സാദിഖലി തങ്ങൾ കൂട്ട് പിടിക്കുന്നതും പോത്സാഹിപ്പിക്കുന്നതും ലീഗിന്റെ മുൻ അധ്യക്ഷൻമാർ പിന്തുടരാത്ത നിലപാടാണെന്ന് മുഖ്യമന്ത്രിക്കുവരെ തുറന്ന് വിമർശിക്കേണ്ട സാഹചര്യവും ഉണ്ടായി. ഇത് ലീഗ് നേതൃത്വവും ഇടതുപക്ഷ നേതൃത്വവും തമ്മിലുള്ള രൂക്ഷമായ പോർവിളിയിലാണ് കലാശിച്ചിരുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന ലീഗ് നിലപാട് തന്നെയാണ് കോൺഗ്രസ്സും മുന്നോട്ട് വച്ചിരുന്നത്.
എന്നാൽ ഈ വാദം തള്ളിയ സിപിഎം നേതൃത്വം ലീഗ് അധ്യക്ഷനായിരിക്കുന്ന കാലത്തോളം സാദിഖലി തങ്ങളെ വിമർശിക്കുക തന്നെ ചെയ്യുമെന്നാണ് പരസ്യമായി പ്രഖ്യാപിച്ചിരുന്നത്. ഈ നിലപാടിനാണ് പൊതു സമൂഹത്തിലും സ്വീകാര്യത വർദ്ധിച്ചിരുന്നത്. ഇതോടെ നാണംകെട്ടിരിക്കുന്നത് ലീഗ് നേതൃത്വവും കോൺഗ്രസ് നേതാക്കളുമാണ്.
ഇകെ വിഭാഗം സമസ്ത – ലീഗ് തർക്കം പുതിയ വഴിത്തിരിവിൽ എത്തി നിൽക്കെയാണ് മറ്റൊരു പ്രമുഖ സംഘടനയായ എപി വിഭാഗം സമസ്തയും ലീഗിനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി വിഷയത്തിലും ഖാസി വിവാദത്തിലും ഇകെ വിഭാഗം സമസ്ത എടുത്ത നിലപാടാണ് ശരിയെന്നാണ് എപി വിഭാഗം പറയുന്നത്. പരസ്യമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടിനെയാണ് അബ്ദുൾ ഹക്കീം അസ്ഹരി തള്ളിപ്പറഞ്ഞിരിക്കുന്നത്. പുതിയ ബാന്ധവം ഉണ്ടാക്കി മുന്നോട്ട് പോകാനുള്ള ലീഗ് നേതൃത്വത്തിൻ്റെ നിലപാടിന് എതിരെ യോജിച്ച ഒരു നിലപാടുമായി ഇരു സമസ്തകളും രംഗത്തിറങ്ങുന്നത് മതപരമായി മാത്രമല്ല രാഷ്ട്രീയമായും അത് ലീഗിനും യുഡിഎഫിനും വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത.
വീഡിയോ കാണാം