സിറിയയിലെ അമേരിക്കൻ – ഇസ്രയേൽ അജണ്ട പൊളിഞ്ഞു, തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്കയെ ‘കുരുക്കി’ റഷ്യ

യുക്രെയിന്‍ - റഷ്യ യുദ്ധം അത്രപെട്ടന്ന് അവസാനിക്കരുത് എന്ന് കരുതുന്ന ബൈഡന്റെയും നെതന്യാഹുവിന്റെയും ബുദ്ധിയില്‍ പിറന്ന നീക്കമാണ് ഇപ്പോള്‍ സിറിയയില്‍ ഉണ്ടായിരിക്കുന്നത്. റഷ്യയും ഇറാനും പിന്തുണയ്ക്കുന്ന സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കുവാന്‍ വിമതര്‍ക്ക് സഹായങ്ങള്‍ നല്‍കിയത് ഇസ്രയേലും അമേരിക്കയും തുര്‍ക്കി ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമാണ്. ഇക്കാര്യത്തില്‍ മൊസാദും സി.ഐ.എയും നിര്‍ണ്ണായക ഇടപെടലാണ് നടത്തിയിരിക്കുന്നത്

സിറിയയിലെ അമേരിക്കൻ – ഇസ്രയേൽ അജണ്ട പൊളിഞ്ഞു, തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്കയെ ‘കുരുക്കി’ റഷ്യ
സിറിയയിലെ അമേരിക്കൻ – ഇസ്രയേൽ അജണ്ട പൊളിഞ്ഞു, തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്കയെ ‘കുരുക്കി’ റഷ്യ

ലോകത്ത് ആകമാനം തീയിട്ടതിന്റെയും വംശഹത്യ നടത്തിയതിന്റെയും ചരിത്രം ഏറ്റവും കൂടുതല്‍ അവകാശപ്പെടാനുള്ളത് അമേരിക്കന്‍ ചേരിക്കാണ്. ഏറ്റവും ഒടുവില്‍ ഗാസയില്‍ നാം കാണുന്നതും കൂട്ടക്കുരുതിയാണ്. അമേരിക്കന്‍ പടകപ്പലുകളെ മേഖലയില്‍ വിന്യസിച്ചും വന്‍ തോതില്‍ ആയുധങ്ങള്‍ ഇസ്രയേലിന് നല്‍കിയും ഗാസയില്‍ മനുഷ്യക്കുരുതി നടത്തിക്കുന്നത് അമേരിക്കയാണ്. ഒന്നു കടുപ്പിച്ച് അമേരിക്ക പറഞ്ഞാല്‍ ആ ക്ഷണം തീരുന്ന യുദ്ധമാണ് ഇന്ന് 45,000ത്തോളം പലസ്തീനികളുടെ ജീവന്‍ എടുത്തിരിക്കുന്നത്.

ഈ നമ്പര്‍ അരലക്ഷമാക്കി ആഘോഷിക്കാന്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുമ്പോള്‍ അതിന് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുകയാണ് അമേരിക്ക. ലെബനനിലും ആയിരങ്ങളെ കൊന്നൊടുക്കിയ ഇസ്രയേല്‍, തിരിച്ചടി കിട്ടി തുടങ്ങിയതോടെയാണ് അവിടെ സമവായത്തിന് ശ്രമിച്ച് പിറകോട്ട് പോയിരിക്കുന്നത്. ഇതും അമേരിക്കയുടെ ഒരു യുദ്ധ തന്ത്രമാണ്. യുക്രെയിനും ഗാസയ്ക്കും പിന്നാലെ ലെബനനില്‍ കൂടി പോരാട്ടം കടുക്കുന്നത് അമേരിക്കയുടെ ആയുധ സപ്ലേയെ ബാധിച്ചതും അമേരിക്കന്‍ പടകപ്പലുകള്‍ക്ക് നേരെ ഇറാന്‍ അനുകൂല ഹൂതികള്‍ ആക്രമണം നടത്തിയതുമാണ് അമേരിക്കയെയും ഇസ്രയേലിനെയും പിന്‍മാറ്റത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.

ഹൂതികളുടെ ആക്രമണ കൃത്യത കണ്ട് ഞെട്ടിപ്പോയെന്ന് പറഞ്ഞത് മുന്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ജനറല്‍ ജോസഫ് വോട്ടലാണ്. ഹൂതികളെ ആക്രമിക്കുന്നതില്‍ ലക്ഷ്യം കാണാതിരിക്കുന്ന അമേരിക്കന്‍ സേന സ്വയം പ്രതിരോധിക്കാനായി ശ്രമിക്കുന്നതിനും ലോഞ്ച് സൈറ്റുകള്‍, പ്രൊഡക്ഷന്‍ സൈറ്റുകള്‍, സ്റ്റോറേജ് സൈറ്റുകള്‍, കമാന്‍ഡ്-കണ്‍ട്രോള്‍ സൈറ്റുകള്‍ എന്നിവയ്ക്ക് പിന്നാലെ പോകുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഇതൊന്നും തന്നെ ഹൂതികളെ തടയാന്‍ പര്യാപ്തമല്ലെന്നതാണ് ജോസഫ് വോട്ടലിന്റെ നിലപാട്.

Joseph Votel

ഹൂതികളുടെ ശക്തി ക്രമാനുഗതമായി വര്‍ദ്ധിച്ച് വരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുകയെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് നിയോകോണിലെ മിഡില്‍ ഈസ്റ്റ് അനലിസ്റ്റായ ബ്രയാന്‍ കാര്‍ട്ടറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ്, അമേരിക്ക തന്നെ മുന്‍കൈ എടുത്ത് ഹിസ്ബുള്ളയും ഇറാനും തമ്മിലുളള വെടിനിര്‍ത്തല്‍ കൊണ്ടു വന്നിരുന്നത്.

ഉത്തര കൊറിയയുമായി റഷ്യയുണ്ടാക്കിയ പ്രതിരോധ കരാറിന്റെ മോഡലില്‍ റഷ്യയുമായി പ്രതിരോധ കരാര്‍ ഉണ്ടാക്കാനുള്ള ഇറാന്റെ നീക്കവും അമേരിക്കയെയും ഇസ്രയേലിനെയും സമവായത്തിന് പ്രേരിപ്പിച്ച ഘടകമാണ്. എന്നാല്‍ ഈ വെട്ടി നിര്‍ത്തല്‍ ധാരണ ചിലയിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ലംഘിച്ചപ്പോള്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് ഹിസ്ബുള്ള തിരിച്ചടിച്ചിരുന്നത്. അതേസമയം, ലെബനന് നേരെയുള്ള ആക്രമണത്തില്‍ നിന്നും പിന്നോട്ട് പോയ ഇസ്രയേല്‍ ഗാസയില്‍ ശക്തമായ ആക്രമണം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനും ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതാകട്ടെ തന്ത്രപരവുമാണ്.

ഇസ്രയേലുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ വൈകിപ്പിച്ച ഇറാന്‍ ഈ ഇടവേളയില്‍ ആണവായുധ ശക്തിയായി മാറിക്കഴിഞ്ഞു എന്ന അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അന്താരാഷ്ട മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് പാക്കിസ്ഥാന് ശേഷം ആണവായുധമുള്ള രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി ഇറാന്‍ ഔദ്യോഗികമായി തന്നെ മാറിക്കഴിഞ്ഞു. അമേരിക്കയുടെ ഉപരോധം മറികടന്നാണ് ഈ നേട്ടം ഇറാന്‍ കൈവരിച്ചിരിക്കുന്നത്. ഇനി ഇറാനെ ആര് ആക്രമിച്ചാലും ഇറാന് ആണവായുധം പ്രയോഗിക്കാന്‍ കഴിയും. ഇസ്രയേലിനു മാത്രമല്ല അമേരിക്കയ്ക്കും ഇത് വലിയ ഭീഷണിയാണ്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഇതിനകം തന്നെ റഷ്യയില്‍ നിന്നും ഇറാന്‍ സ്വന്തമാക്കിയതായ വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

Also Read: സിറിയയില്‍ ഇരുണ്ടയുഗത്തിന് അവസാനം; ഇനി ‘പുതുയുഗം’

ഇറാനും അവര്‍ നിയന്ത്രിക്കുന്ന ഹിസ്ബുള്ളയും ഹൂതികളും ഇപ്പോള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നത് അമേരിക്കയുടെയും അവരുടെ സൈനിക സഖ്യമായ നാറ്റോയുടെയും ഉറക്കം കെടുത്തുന്നതാണ്. റഷ്യ – യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ വിജയത്തോട് അടുക്കുന്നതും അമേരിക്കയെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ യുക്രെയിനിലേക്കുളള ആയുധ സപ്ലേ നിലയ്ക്കുമെന്നതിനാല്‍ ജോ ബൈഡനും വലിയ ആശങ്കയിലാണ് ഉള്ളത്. ഇനി വന്‍ തോതില്‍ ആയുധങ്ങള്‍ ട്രംപ് യുക്രെയിന് നല്‍കിയാല്‍ പോലും ഈ യുദ്ധത്തില്‍ വിജയിക്കാന്‍ യുക്രെയിന് കഴിയുകയില്ല.

റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ വീഴുന്നത് അമേരിക്കയുടെയും മറ്റ് നാറ്റോ രാജ്യങ്ങളുടെയും പരാജയമായാണ് വിലയിരുത്തപ്പെടുക. കാരണം, നാറ്റോ നല്‍കിയ ആധുനിക ആയുധങ്ങളും ടെക്‌നോളജിയും കൂലിപടയാളികളുമാണ് യുെക്രയിന്‍ സൈന്യത്തിന് ഇതുവരെ പിടിച്ചു നില്‍ക്കാന്‍ സഹായകരമായിരുന്നത്. അതുകൊണ്ട് തന്നെ യുക്രെയിന് കിട്ടുന്ന ഓരോ പ്രഹരവും നാറ്റോയ്ക്ക് കിട്ടുന്ന പ്രഹരമായാണ് മാറുന്നത്. അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും ആശങ്ക ഇതാണെങ്കില്‍ അമേരിക്കയുടെ മറ്റൊരു സഖ്യകക്ഷിയായ ഇസ്രയേലിന്റെ ആശങ്ക മറ്റൊന്നാണ്. റഷ്യ – യുക്രെയിന്‍ യുദ്ധം അവസാനിച്ചാല്‍ റഷ്യയുടെ പിന്തുണയോടെ ഇറാന്‍ ആക്രമിക്കുമെന്ന ഭയമാണ് ഇസ്രയേലിനുള്ളത്.

യുക്രെയിന്‍ – റഷ്യ യുദ്ധം അത്രപെട്ടന്ന് അവസാനിക്കരുത് എന്ന് കരുതുന്ന ബൈഡന്റെയും നെതന്യാഹുവിന്റെയും ബുദ്ധിയില്‍ പിറന്ന നീക്കമാണ് ഇപ്പോള്‍ സിറിയയില്‍ ഉണ്ടായിരിക്കുന്നത്. റഷ്യയും ഇറാനും പിന്തുണയ്ക്കുന്ന സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കുവാന്‍ വിമതര്‍ക്ക് സഹായങ്ങള്‍ നല്‍കിയത് ഇസ്രയേലും അമേരിക്കയും തുര്‍ക്കി ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമാണ്. ഇക്കാര്യത്തില്‍ മൊസാദും സി.ഐ.എയും നിര്‍ണ്ണായക ഇടപെടലാണ് നടത്തിയിരിക്കുന്നത്.

Joe Biden and Benjamin Netanyahu

നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിറിയയില്‍ വീണ്ടും യുദ്ധക്കൊതിയന്മാര്‍ ഉറക്കമെണീറ്റത് ഒരാഴ്ച മുമ്പാണ്. വിമതസേനകള്‍ നടത്തിയ മിന്നലാക്രമണത്തിന്റെ ഒടുവില്‍ അവര്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസും പിടിച്ചെടുത്തു കഴിഞ്ഞു. സിറിയയിലെ ആലെപ്പോ നഗരം വീണപ്പോള്‍ മുതല്‍ റഷ്യന്‍-സിറിയന്‍ പോര്‍വിമാനങ്ങള്‍ വിമതകേന്ദ്രങ്ങളില്‍ ബോംബു വര്‍ഷിക്കാന്‍ തുടങ്ങിയെങ്കിലും കാര്യമായ ആക്രമണത്തിന് മുതിര്‍ന്നിരുന്നില്ല. അതിന് പ്രധാന കാരണം നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടരുത് എന്നതാണ്.

ഇസ്രയേല്‍ ഗാസയില്‍ ബോംബിട്ട് വംശഹത്യ നടത്തുന്നതു പോലെ ആക്രമിക്കാന്‍ റഷ്യയ്ക്ക് ഒരിക്കലും കഴിയുകയില്ല. അങ്ങനെ മറ്റു രാജ്യങ്ങളിലെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയ ചരിത്രം, റഷ്യക്കില്ലെന്നതും നാം തിരിച്ചറിയണം. യുദ്ധം നടക്കുമ്പോള്‍ തന്നെ, നിരപരാധികളായ യുക്രൈയിനികളെ വധിച്ച റഷ്യന്‍ സൈനികരെ പിടികൂടി ജീവപര്യന്ത്യം തടവിന് ശിക്ഷിച്ച രാജ്യമാണ് റഷ്യ. ഇതൊക്കെ അമേരിക്കന്‍ ചേരിയെയും റഷ്യയെയും വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്. ഹിസ്ബുള്ളയുടെ ഒരു പ്രധാന നേതാവിനെ സിറിയയില്‍ വെച്ച് വധിച്ചാണ് ഇസ്രയേല്‍ സിറിയന്‍ വിമതര്‍ക്ക് പിന്തുണ പ്രഖാപിച്ചിരിക്കുന്നത്. വിമതസേനകളെ സഹായിക്കാന്‍ യുക്രെയിന്റെയും നാറ്റോയുടെയും പരിശീലകരും രംഗത്തിറങ്ങിയെന്ന് റഷ്യയും ആരോപിച്ചിട്ടുണ്ട്.

അതായത്, യുക്രെനെതിരായ യുദ്ധത്തില്‍ വലിയ മേല്‍ക്കൈ നേടിയ റഷ്യയെ പ്രതിരോധത്തിലാക്കാന്‍ ഇസ്രയേലും മറ്റു പാശ്ചാത്യ ശക്തികളും അമേരിക്കയും തീരുമാനിച്ച പ്രകാരമാണ് സിറിയയില്‍ വിമതര്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നത് വ്യക്തം. വിമത സൈന്യങ്ങളുടെ കയ്യില്‍ ഇത്രയധികം കവചിത വാഹനങ്ങളും ടാങ്കുകളും മിസൈലുകളും പടക്കോപ്പുകളും സജ്ജീകരണങ്ങളും ഒക്കെ ഇത്ര പെട്ടെന്ന് എങ്ങനെയാണ് എത്തിച്ചേര്‍ന്നത് എന്നു മാത്രം ആലോചിച്ചാല്‍ കാര്യങ്ങള്‍ ആര്‍ക്കും പിടികിട്ടും.

Also Read: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനം? നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ട്രംപ്

സിറിയയില്‍ അരങ്ങേറിയ ജിഹാദി ആക്രമണം അമേരിക്കയും ഇസ്രയേലും ഏകോപിപ്പിച്ചതാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി പറയുന്നത്. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ, വടക്കന്‍ സിറിയയില്‍ ഭീകരര്‍ ആക്രമണം നടത്തിയത് യാദൃശ്ചികമല്ലെന്ന് നയതന്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നുണ്ട്. വളഞ്ഞ വഴിയിലൂടെ റഷ്യയെയും ഇറാനെയും വെട്ടിലാക്കാനുള്ള ഈ നീക്കത്തില്‍ അമേരിക്കന്‍ ചേരിയുടെ കണക്ക് കൂട്ടലുകളാണ് തെറ്റാന്‍ പോകുന്നത്.

റഷ്യയുടെ സൈനിക താവളം സ്ഥിതി ചെയ്യുന്ന സിറിയയില്‍, ഈ മേഖലയുടെ സുരക്ഷിതത്ത്വമാണ് റഷ്യ പ്രധാനമായും നോക്കുന്നത്. വിമതരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ ആദ്യഘട്ടത്തില്‍ ആക്രമണം നടത്തിയ റഷ്യ, പിന്നീട് അത് തുടരാതിരുന്നതും, അവരുടെ സ്ട്രാറ്റജിയാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും തന്ത്രം തിരിച്ചറിഞ്ഞുള്ള സംയമനമാണിത്. ഇതോടെ, റഷ്യ കൂടുതല്‍ സേനയെ നിയോഗിക്കുമെന്നും, വിമതര്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തുമെന്നുമുള്ള അമേരിക്കയുടെ കണക്ക് കൂട്ടലുകളാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്. യുക്രെയിനെ തീര്‍ത്ത ശേഷം വിമതരുടെ കാര്യം നോക്കിക്കൊള്ളാമെന്നതാണ് ഇപ്പോഴത്തെ റഷ്യന്‍ നിലപാട്.

പ്രസിഡന്റ് ബാഷര്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതായി സിറിയന്‍ ആര്‍മി കമാന്‍ഡ് ഞായറാഴ്ച പ്രഖ്യാപിച്ചത് തന്നെ റഷ്യയുടെ ഇടപെടലിന്റെ ഭാഗമായിരിക്കാമെന്നാണ് നയതന്ത്ര വിദഗ്ദരും പറയുന്നത്. ഇതോടെ, സര്‍ക്കാര്‍ ഓഫീസുകളില്‍ അതിക്രമിച്ച് കയറരുതെന്ന നിര്‍ദ്ദേശം വിമത സേനയ്ക്ക് അവരുടെ നേതൃത്വം തന്നെ നല്‍കിയിട്ടുണ്ട്. മാത്രമല്ല സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടെങ്കിലും പ്രധാനമന്ത്രി ഓഫീസില്‍ തുടരുകയാണ്. അധികാര കൈമാറ്റത്തിന് തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞതും അധികാര കൈമാറ്റം നടക്കും വരെ നിലവിലെ പ്രധാനമന്ത്രി തന്നെ തുടരുമെന്നാണ് വിമത സേനയായ എച്ച്.ടി.എസിന്റെ മേധാവി പ്രഖ്യാപിച്ചതും രക്തരൂക്ഷിത ആക്രമണം ആഗ്രഹിച്ച അമേരിക്കയ്ക്ക് ഏറ്റ പ്രഹരമാണ്.

Bashar Assad

റഷ്യയും തുര്‍ക്കിയും ഇറാനും ചേര്‍ന്ന് നടത്തിയ സംയുക്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് വിമതരും സിറിയന്‍ സര്‍ക്കാരും തമ്മില്‍ ധാരണയുണ്ടാക്കിയിരിക്കുന്നത്. റഷ്യ കടുപ്പിച്ചതോടെയാണ് വിമതര്‍ക്കിടയില്‍ സമവായത്തിന് ഇടപെടാന്‍ തുര്‍ക്കി നിര്‍ബന്ധിതമായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. നാറ്റോ അംഗമായ തുര്‍ക്കിയെ പൂര്‍ണ്ണമായും ഒപ്പം നിര്‍ത്താന്‍ കഴിയാതിരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തന്ത്രത്തിനേറ്റ മറ്റൊരു തിരിച്ചടിയാണ്. സിറിയയില്‍ നേരിട്ടും അല്ലാതെയും പടപൊരുതുന്ന നിരവധി സേനകളാണ് ഉള്ളത്.

സിറിയയുടെ ഭൂരിഭാഗവും അധീനതയിലുണ്ടായിരുന്ന മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് നയിക്കുന്ന ഔദ്യോഗിക ഭരണകൂടമാണ് ഒരു ഭാഗത്തുണ്ടായിരുന്നത്. അദ്ദേഹത്തെ സഹായിക്കാന്‍ ഇറാനുണ്ട്, ഇറാന്റെ പ്രോക്സികളായ ഹിസ്ബുള്ളയും ഇറാക്കിലെ മിലിഷ്യകളുമുണ്ട്. ഇതിനെല്ലാം പുറമേ റഷ്യയുമുണ്ടായിരുന്നു. സിറിയയില്‍ റഷ്യയ്ക്ക് നിരവധി സൈനികത്താവളങ്ങളുണ്ട്, 70,000 വരുന്ന സൈനികര്‍ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ഇതില്‍ പതിനായിരത്തിലധികം പേര്‍ റഷ്യന്‍ സ്പെഷ്യല്‍ ഫോഴ്സ് എന്നറിയപ്പെടുന്ന അതിവിദഗ്ധ പോരാളികളാണ്. വിമതര്‍ ഭരണം പിടിച്ചെങ്കിലും റഷ്യന്‍ താവളങ്ങളില്‍ ഇപ്പോഴും സൈനികര്‍ ഉത്തരവിനായി കാത്തിരിക്കുകയാണ്.

ഇതാണ് റഷ്യയുടെയും ഇറാന്റെയും അവസ്ഥയെങ്കില്‍ മറുഭാഗത്ത് വിമത സേനകളാണുള്ളത്. അമേരിക്കയുടെയും തുര്‍ക്കിയുടെയും ചില ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള സായുധസംഘങ്ങളാണത്. ഇവരില്‍ പ്രധാനി ഹയാത്ത് തഹ്രീരി അല്‍ ഷാം എന്ന, എച്ച്.ടി.എസ് സംഘമാണ്. മുമ്പ് അല്‍ ഖ്വയ്ദയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അല്‍ നുസ്ര സഖ്യം പരിണമിച്ചാണ് ഈ സൈന്യം എച്ച്.ടി.എസ് ആയി മാറിയിരുന്നത്. ഇവര്‍ പിന്നീട് അല്‍ ഖ്വയ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

Also Read: ചൈനയുടെ പടയൊരുക്കം, തായ്‌വാനിൽ യുദ്ധഭീതി

അമേരിക്ക നേരിട്ട് പിന്തുണയ്ക്കുന്നത് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന കുര്‍ദിഷ് പോരാളികളുടെ ഗ്രൂപ്പിനെയാണ് ഭീകരവാദികളായ ഐസിസിനെ ചെറുക്കാനെന്ന പേരില്‍. അമേരിക്കയ്ക്ക് വടക്കന്‍ സിറിയയില്‍ സ്വന്തം താവളവുമുണ്ട്. തുര്‍ക്കി പിന്തുണയ്ക്കുന്നതാകട്ടെ ഫ്രീ സിറിയന്‍ ആര്‍മി എന്ന എഫ്.എസ്.എയെ ആണ്. തുര്‍ക്കിപ്പട്ടാളം ഐസിസിനെതിരെ മാത്രമല്ല സിറിയയിലെ കുര്‍ദ് വംശജര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ടുണീഷ്യ, ഈജിപ്ത് സര്‍ക്കാരുകളെ കടപുഴക്കിയ 2011 -ലെ അറബ് വസന്തത്തില്‍ അസദ് നയിക്കുന്ന സിറിയന്‍ സര്‍ക്കാരും നിലംപതിക്കുമെന്ന് തോന്നിച്ചെങ്കിലും അത് സംഭവിച്ചില്ല.

ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ 2015 വരെ അസദ് പിടിച്ചു നിന്നു. ഏതുനിമിഷവും സര്‍ക്കാര്‍ വീഴും എന്നു തോന്നിയ സമയത്താണ് റഷ്യ ഇടപെട്ടിരുന്നത്. അതോടെ കളിയും മാറി. വിമതര്‍ ഇപ്പോള്‍ ആദ്യം ആലെപ്പോ പിടിച്ചതു പോലെ 2015-ല്‍ സിറിയന്‍ സര്‍ക്കാരിന്റെ അതിജീവനപ്പോരാട്ടത്തില്‍ നിര്‍ണായകമായതും അവര്‍ ഇതേ നഗരം തിരിച്ചുപിടിച്ചതാണ്. റഷ്യന്‍ ആയുധങ്ങളും പോര്‍വിമാനങ്ങളും വിമതരെ തുരത്തിയോടിച്ചു. പതുക്കെ സിറിയന്‍ സര്‍ക്കാര്‍ ശക്തി വീണ്ടെടുക്കുകയാണ് ഉണ്ടായത്. ഇതിനു ശേഷം 2019-ല്‍ ഇരുകൂട്ടരും തമ്മില്‍ സന്ധി സ്ഥാപിച്ചു. തങ്ങളുടെ മേഖലകളില്‍ നിയന്ത്രണവുമായി സര്‍ക്കാരും വിമതരും ധാരണയുണ്ടാക്കി. രാജ്യത്തിന്റെ വടക്കു ഭാഗത്ത് ഇഡ്ലിബ് കേന്ദ്രീകരിച്ചാണ് വിമതര്‍ പ്രവര്‍ത്തിച്ചിരുന്നത്. എല്ലാം ശാന്തമായി തുടരുന്ന സമയത്താണ് വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

മധ്യപൂര്‍വേഷ്യയില്‍ മറ്റു രാജ്യങ്ങള്‍ നേരിട്ട് ഇടപെടുന്നത് ജനാധിപത്യം സംരക്ഷിക്കാനും ഭീകരവാദികളെ തകര്‍ക്കാനുമാണ് എന്നൊക്കെ പറയുമെങ്കിലും പ്രധാന കാരണങ്ങള്‍ രണ്ടാണ്. അതില്‍ ഒന്ന്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചുളുവില്‍ സ്വന്തമാക്കുക എന്നതാണ്. ഭൗമരാഷ്ട്രീയക്കളിയില്‍ മുന്‍തൂക്കം നേടുക എന്നതും പ്രധാനമാണ്. ഈ കണ്ണ് ആദ്യം വച്ചതും അമേരിക്കയാണ്. 2018-ലെ കണക്കു പ്രകാരം സിറിയയ്ക്ക് 250 കോടി ബാരല്‍ എണ്ണയുടെ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും വിമത നിയന്ത്രിത മേഖലകളിലാണുള്ളത്. നിലവില്‍ എണ്ണയ്ക്ക് ഇറാനെ ആശ്രയിക്കേണ്ടഅവസ്ഥയിലാണ് സിറിയയുള്ളത്. ഐസിസിന്റെ മുഖ്യവരുമാനം എണ്ണ വില്‍പ്പനയായിരുന്നു. അവരുടെ പതനത്തിനു ശേഷം എണ്ണപ്പാടങ്ങള്‍ കുര്‍ദ് സേനയായ എസ്.ഡി.എഫിന്റെ കയ്യിലായി. ഒരു അമേരിക്കന്‍ കമ്പനി തന്നെ ഈ കുര്‍ദ് സേനയുമായി എണ്ണവില്‍പ്പനയ്ക്ക് കരാറുണ്ടാക്കി.

Rebel forces claimed to have captured Syria

അടുത്തയിടെ നടന്ന ഐക്യരാഷ്ട്രസഭയില്‍, സിറിയയിലെ യുദ്ധത്തിന്റെ പേരില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ശക്തമായാണ് ഏറ്റുമുട്ടിയത്. സിറിയയിലെ അനിശ്ചിതാവസ്ഥ മുതലാക്കുന്ന ഇസ്രയേല്‍ പട്ടാളം, വിമത മുന്നേറ്റത്തിനിടെയാണ്, സിറിയയിലെ ഹിസ്ബുള്ളാ സ്ഥാനപതി സല്‍മാന്‍ നെമര്‍ ജമായെ വ്യോമാക്രമണത്തില്‍ വധിച്ചത്.സിറിയയില്‍ യുദ്ധം പുറപ്പെട്ടതിന് പിന്നില്‍, അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള ഗൂഢാലോചന ആണെന്നാണ് ഇറാനിലെ സൈനിക കമാന്‍ഡര്‍ ആയിരുന്ന മേജര്‍ ജനറല്‍ റിസായില്‍ പറയുന്നത്. വിമത തീവ്രവാദികളെ ഇസ്രയേല്‍ പ്രകോപിപ്പിക്കുകയായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ ഒരുമിച്ച് ഇസ്രയേലിനെതിരെ ആക്രമണത്തിന് ഒരുമിക്കാന്‍ സമയമായെന്നും അത് ചെയ്തില്ലെങ്കില്‍ വൈകാതെ ഇറാഖും പലസ്തീനിലെ വെസ്റ്റ്ബാങ്കും ജോര്‍ദാനും ഒക്കെ അവര്‍ ലക്ഷ്യം വച്ചേക്കുമെന്നും റിസായില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യയെ സംബന്ധിച്ചിടത്തോളം സിറിയയിലെ ഇടപെടല്‍ വളരെ പ്രധാനപ്പെട്ടതാണ്. സിറിയയിലെ കഴിഞ്ഞ കാലങ്ങളിലെ റഷ്യയുടെ മിന്നുന്ന പ്രകടനം സിറിയയ്ക്ക് പുറത്തും അവര്‍ക്ക് ശരിക്കും ഗുണം ചെയ്തിട്ടുണ്ട്. തുര്‍ക്കിയുമായി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും റഷ്യക്ക് കഴിഞ്ഞിരുന്നു. മധ്യപൂര്‍വേഷ്യയിലെ മറ്റ് അറബി രാജ്യങ്ങളുമായുള്ള ബന്ധങ്ങളും മെച്ചപ്പെട്ടു. സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, സുഡാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ റഷ്യ സന്ദര്‍ശിച്ചു. സാമ്പത്തികമായും ഈ സന്ദര്‍ശനങ്ങള്‍ റഷ്യയ്ക്ക് നേട്ടമായിരുന്നു. നിരവധി കരാറുകളാണ് ഇതുവഴി റഷ്യക്കും റഷ്യന്‍ കമ്പനികള്‍ക്കും നേടിയെടുക്കാനായിരുന്നത്.

റഷ്യയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കാനും റഷ്യന്‍ ചേരിയെ പ്രതിരോധത്തിലാക്കാനും ഭിന്നത മറന്ന് സിറിയന്‍ വിമതര്‍ക്ക് ആയുധവും പരിശീലനവും നല്‍കി പറഞ്ഞ് വിട്ട അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കണക്ക് കൂട്ടലുകളാണ് റഷ്യയുടെയും ഇറാന്റെയും തന്ത്രപരമായ നീക്കത്തിന് മുന്നില്‍ പാളി പോയിരിക്കുന്നത്. സിറിയ ആര് ഭരിച്ചാലും റഷ്യയുടെയും ഇറാന്റെയും താല്‍പ്പര്യങ്ങള്‍ക്കു മീതെ പറക്കാന്‍ അവര്‍ എന്തായാലും സമ്മതിക്കുകയില്ല. അഥവാ അതിന് വിമതര്‍ മുതിര്‍ന്നാല്‍ റഷ്യയുടെ കൈവശമുള്ള ഒറെഷ്നിക് ഹൈപ്പര്‍സോണിക് മിസൈല്‍ കൊണ്ട് മാത്രം ഒറ്റയടിക്ക് തീര്‍ക്കാവുന്നതേയൊള്ളൂ.

Also Read: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് തിരശീല വീഴുമോ?

ഈ യാഥാര്‍ഥ്യം മനസ്സിലാക്കി തന്നെയാണ്, വിമതരും ഒടുവില്‍ സമവായത്തിന് തയ്യാറായിരിക്കുന്നത്. റഷ്യയെയും ഇറാനെയും സിറിയയില്‍ തളച്ചിട്ട്, യുക്രെയിനിലും ഗാസയിലും തങ്ങളുടെ അജണ്ട നടപ്പടക്കാമെന്ന പാശ്ചാത്യ ശക്തികളുടെ സ്വപ്നമാണ് തകര്‍ന്നിരിക്കുന്നത്. ഇതുകൊണ്ടുമാത്രം, റഷ്യന്‍ ചേരി അവരുടെ പക അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല. സിറിയയില്‍ തീയിട്ട് മുതലെടുപ്പിന് മുതിര്‍ന്ന അമേരിക്കയെ ഞെട്ടിക്കുന്ന നീക്കമാണ് തായ്വാനില്‍ റഷ്യന്‍ ചേരി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

റഷ്യന്‍ ചേരിയിലെ പ്രമുഖ രാജ്യമായ ചൈനയും, അമേരിക്കന്‍ സഖ്യകക്ഷിയായ തായ്വാനും തമ്മില്‍, ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചൈന തായ്വാനില്‍ തങ്ങളുടെ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഇരട്ടിയാക്കിയതായി, തായ്വാന്‍ പ്രതിരോധ മന്ത്രാലയം തന്നെയാണ അറിയിച്ചിരിക്കുന്നത്. അമേരിക്കന്‍ സുരക്ഷാ സ്രോതസ്സുകള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ചൈന തങ്ങളുടെ പടയൊരുക്കത്തിന്റെ മുന്നോടിയായാണ് ഈ സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്. സിറിയയില്‍ വിമത സൈന്യത്തിന് ഇന്ധനം നല്‍കി അമേരിക്ക പറഞ്ഞ് വിട്ടപ്പോള്‍ ചൈനയ്ക്ക് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയാണ് റഷ്യ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

തായ്വാന്‍ കടലിടുക്ക്, ബാഷി ചാനല്‍, പസഫിക് സമുദ്രം എന്നിവിടങ്ങളിലായി, അനവധി ചൈനീസ് യുദ്ധക്കപ്പലുകളാണ് യുദ്ധ സജജരായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതില്‍ തന്നെ, ചില കപ്പലുകള്‍ തായ്വാന്റെ തീരപ്രദേശത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ വരെ മാത്രം അകലത്തില്‍ തമ്പടിച്ചിരിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ചൈനയോട് അവരുടെ ആക്രമണാത്മക നിലപാടില്‍ അയവ് വരുത്താനും, ഏകപക്ഷീയമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും തായ്വാന്‍ പ്രസിഡന്റ് ലായ് ചിങ് -തെ അഭ്യര്‍ത്ഥിച്ചെങ്കിലും, ചൈന പ്രതികരിച്ചിട്ടില്ല.

Lai Ching-Te

ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഏറ്റവും പുതിയ സംഭവവികാസമാണ്, ഇപ്പോള്‍ തായ്വാന് ചുറ്റും നടക്കുന്നത്. ഈ വര്‍ഷം തന്നെ തായ്വാന് ചുറ്റും രണ്ട് റൗണ്ട് സൈനിക അഭ്യാസങ്ങള്‍ ഇതിനോടകം ചൈന നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഒന്ന് മെയ് മാസത്തിലും മറ്റൊന്ന് ഒക്ടോബറിലുമായിരുന്നു. തായ്വാന്‍ പ്രസിഡന്റ് ലായ് ചിങ് തെയുടെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെയാണ് മെയ് മാസത്തിലെ സൈനിക അഭ്യാസങ്ങള്‍ നടന്നത്. ഒക്ടോബരിലെ അഭ്യാസങ്ങളാകട്ടെ അദ്ദേഹത്തിന്റെ ദേശീയ ദിന പ്രസംഗത്തെ തുടര്‍ന്നായിരുന്നു. മൂന്നാമത്തെ അഭ്യാസം തായ്വാന്‍ പിടിച്ചെടുക്കുന്നതില്‍ കലാശിക്കുമോ എന്ന് അമേരിക്ക ഭയക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്നത് റഷ്യയും ഇറാനുമാണ്. ഇങ്ങോട്ട് കളിച്ചാല്‍ തിരിച്ചും കളിപഠിപ്പിക്കും എന്നതാണ് ഈ രാജ്യങ്ങളുടെ നിലപാട്.


Express View

വീഡിയോ കാണാം

Share Email
Top