അബുദാബി: സുഡാനിലെ ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന സുഡാൻ സൈന്യത്തിൻ്റെ ആരോപണങ്ങൾ യുഎഇ ശക്തമായി നിഷേധിച്ചു. പോർട്ട് സുഡാൻ അതോറിറ്റി ബോധപൂർവ്വം നടത്തുന്ന വ്യാജപ്രചാരണമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സുഡാനിലെ ആഭ്യന്തര യുദ്ധത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താനുമാണ് സുഡാൻ അധികൃതർ ശ്രമിക്കുന്നതെന്ന് യുഎഇ കുറ്റപ്പെടുത്തി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിലവിലെ സമാധാന ശ്രമങ്ങളെ തകർക്കാൻ മാത്രമേ സഹായിക്കൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഖാർത്തൂം വിമാനത്താവളത്തിലും പരിസരത്തെ സൈനിക കേന്ദ്രങ്ങളിലും തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നിൽ യുഎഇയുടെ ഡ്രോണുകളാണെന്നായിരുന്നു സുഡാൻ്റെ വാദം. എത്യോപ്യയിലെ ബഹീർ ദാർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് അവർ ആരോപിച്ചിരുന്നു. എന്നാൽ യുഎഇയെപ്പോലെ തന്നെ എത്യോപ്യയും ഈ ആരോപണങ്ങൾ പാടെ നിഷേധിച്ചിട്ടുണ്ട്. യുദ്ധം നീട്ടിക്കൊണ്ടുപോകാനും യഥാർത്ഥ സമാധാന പ്രക്രിയയെ തടസ്സപ്പെടുത്താനുമാണ് സുഡാൻ സൈന്യം ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതെന്ന് യുഎഇ വക്താവ് പറഞ്ഞു.
Also Read: ലോകം ഉറ്റുനോക്കുന്ന വാസ്തുവിസ്മയം; ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ സായിദ് നാഷണൽ മ്യൂസിയം
അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സുഡാനിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. 2023 ഏപ്രിൽ മുതൽ സുഡാനിൽ കടുത്ത ആഭ്യന്തര യുദ്ധം തുടരുകയാണ്. സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാർത്ഥികളാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് യുഎഇ വ്യക്തമാക്കി.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






