ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ഇന്ത്യൻ താരത്തെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് തുറന്നു പറഞ്ഞ് ആര്‍.അശ്വിന്‍. ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എല്‍ രാഹുൽ ഇവരെല്ലാം തിരിച്ചെത്തി.
ടി20യില്‍ തിളങ്ങിയ അഭിഷേക് ശര്‍മയും തിലക് വര്‍മയും വരുണ്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടെ പലതാരങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡില്‍ ഇടം ലഭിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ഇന്ത്യൻ താരത്തെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉൾപ്പെടുത്തണമെന്നാണ് ആര്‍ അശ്വിന്‍ പറഞ്ഞത്.
Also Read: ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ-പാകിസ്ഥാൻ മത്സര ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്
‘ഇപ്പോള്‍ പ്രഖ്യാപിച്ചത് പ്രാഥമിക സ്ക്വാഡ് മാത്രമാണ്. വരുണ്‍ ചക്രവര്‍ത്തി ചാമ്പ്യൻസ് ട്രോഫി ടീമിലെത്താനുള്ള സാധ്യത ഇപ്പോഴുമുണ്ട്. അവനെത്തുമെന്ന് തന്നെയാണ് എന്‍റെ മനസ് പറയുന്നത്. അതുകൊണ്ട് തന്നെ അവനെ ടീമിലെടുക്കുന്നതില്‍ യാതൊരു തടസവുമില്ല. വരുണ്‍ ചക്രവര്‍ത്തിയെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്താല്‍ പകരം ആരെ ഒഴിവാക്കുമെന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ തീരുമാനമായിരിക്കും. നിലവിലെ ടീമിനെ നോക്കുകയാണെങ്കില്‍ ഒരു പേസര്‍ പോയാലും പകരം ഒരു സ്പിന്നറെ ടീമിലെടുക്കാവുന്നതാണ്. എന്നാല്‍ ആരെയാണ് ഒഴിവാക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. ആരെ ആയാലും വരുണിന് അവസരം കിട്ടുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്‘- ആര്‍.അശ്വിന്‍ പറഞ്ഞു.