കോഴിക്കോട്: സെപ്റ്റംബർ 17 മുതൽ 30 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം വരാനിരിക്കെ മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന റൂട്ടുകളിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബസുകൾ സർവീസ് നടത്തണമെന്നാണ് നിർദേശം.
റദ്ദാക്കുന്ന ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അധിക സർവീസുകൾ ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. കേസ് അടുത്ത മാസം കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ വീണ്ടും പരിഗണിക്കും.
ALSO READ:2000 കടന്നാൽ ഇനി ചാർജ്, 75,000 രൂപയ്ക്ക് മുകളിൽ പരമാവധി 300 രൂപ..! പുതിയ യുപിഐ നിയമം ഒക്ടോബർ 15 മുതൽ
ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. യാത്രാ പ്രതിസന്ധി കുറയ്ക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ ഫലപ്രദമായി വിന്യസിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി സമർപ്പിച്ച പരാതിയിലാണ് നടപടി.
ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുകയാണ് അധിക കെഎസ്ആർടിസി സർവീസുകളിലൂടെ ലക്ഷ്യമിടുന്നത്. റദ്ദാക്കപ്പെടുന്ന ട്രെയിനുകളുടെ വിവരങ്ങൾ വിലയിരുത്തി തിരക്കുള്ള റൂട്ടുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താനാണ് നിർദേശം.






