ഫ്രിജിലെ ആ ഭക്ഷണം വിഷമാകാം! ഫ്രിജ് ഓഫായാൽ 4 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നത് എന്ത്?

വൈദ്യുതി മുടങ്ങുമ്പോൾ പായ്ക്കറ്റ് ഭക്ഷണങ്ങൾ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്

ഫ്രിജിലെ ആ ഭക്ഷണം വിഷമാകാം! ഫ്രിജ് ഓഫായാൽ 4 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നത് എന്ത്?
ഫ്രിജിലെ ആ ഭക്ഷണം വിഷമാകാം! ഫ്രിജ് ഓഫായാൽ 4 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നത് എന്ത്?

നത്ത മഴയും കാറ്റും മൂലം സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ, ഫ്രിജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങളുടെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ് കുമാർ. വൈദ്യുതി ഇല്ലാത്ത സമയത്ത് ഫ്രിജിലെ കൂളിങ് നഷ്ടപ്പെടുന്നത് ബാക്ടീരിയ വളരാനും ഭക്ഷണം വേഗത്തിൽ കേടാകാനും കാരണമാകും. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.

ഫ്രിജിന്റെ താപനില നാല് മണിക്കൂറിൽ കൂടുതൽ 5 ഡിഗ്രി സെൽഷ്യസിന് മുകളിൽ നിന്നാൽ ആ ഭക്ഷണങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിജ് തുറക്കാതിരുന്നാൽ പരമാവധി നാല് മണിക്കൂർ വരെ മാത്രമേ തണുപ്പ് നിലനിൽക്കൂ. ഫ്രീസർ പൂർണ്ണമായി നിറഞ്ഞിരിക്കുകയാണെങ്കിൽ 48 മണിക്കൂർ വരെയും, പകുതിയാണെങ്കിൽ 24 മണിക്കൂർ വരെയും തണുപ്പ് ലഭിച്ചേക്കാം.

വൈദ്യുതി മുടങ്ങുമ്പോൾ പായ്ക്കറ്റ് ഭക്ഷണങ്ങൾ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. അതിനാൽ മഴക്കാലത്ത് ഇത്തരം ഭക്ഷണങ്ങൾ വാങ്ങി ഫ്രിജിൽ സംഭരിക്കുന്ന ശീലം ഒഴിവാക്കുക. ഫ്രിജ് ഓഫായാൽ പായ്ക്കറ്റുകളിൽ പറയുന്ന കാലാവധി ബാധകമല്ല. കൃത്യമായ താപനില ലഭിക്കാത്തതിനാൽ രാസപ്രവർത്തനം നടന്ന് ബാക്ടീരിയ കയറാൻ സാധ്യതയുണ്ട്. മുറിക്കാത്ത പച്ചക്കറികളും പഴങ്ങളും ഫ്രിജ് ഓഫായാലും പെട്ടെന്ന് കേടാകില്ല. എന്നാൽ മുറിച്ച പച്ചക്കറികളോ പഴങ്ങളോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയ്ക്കൊപ്പം വെച്ചിരിക്കുന്ന മറ്റ് പച്ചക്കറികളും കേടായി പോകാൻ സാധ്യതയുണ്ട്.

Also Read:മുലയൂട്ടിയാൽ തടി കുറയുമെന്ന് കരുതിയോ? ശാസ്ത്രം വിശദീകരിക്കുന്നു

ബാക്ടീരിയ പെട്ടെന്ന് വളരാൻ സാധ്യതയുള്ളതിനാൽ പാൽ, തൈര്, ക്രീം, സോഫ്റ്റ് ചീസ്, പനീർ തുടങ്ങിയവ ഒഴിവാക്കണം. വേവിച്ച ചോറ് ഫ്രിജിൽ നിന്നെടുത്ത് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും നല്ലതല്ല. ചിക്കൻ, ബീഫ്, മട്ടൻ, താറാവ്, മീൻ, ചെമ്മീൻ, കണവ തുടങ്ങിയവ വേവിച്ചതാണെങ്കിലും നാല് മണിക്കൂറിലധികമായാൽ ഒഴിവാക്കണം. പുഴുങ്ങിയ മുട്ട, മയോണൈസ്, കസ്റ്റാർഡ്, മുട്ട ചേർത്ത സാലഡുകൾ, സാമ്പാർ, മീൻകറി, ചിക്കൻകറി, പരിപ്പ് കറി, സ്റ്റ്യൂ, മുറിച്ചു ഫ്രിഡ്ജിൽ വെച്ച തണ്ണിമത്തൻ, പപ്പായ, പൈനാപ്പിൾ, സാലഡ്, സോയ ഉൽപന്നങ്ങൾ, ബേബി ഫുഡ്, ഫോർമുല പാൽ, ജ്യൂസ് എന്നിവയും ഒരു കാരണവശാലും വീണ്ടും എടുത്ത് ഉപയോഗിക്കരുത്.

അതേസമയം, ബട്ടർ, ജാം, ജെല്ലി, അച്ചാർ, സോയ സോസ്, വിനാഗിരി, തുറക്കാത്ത സോഫ്റ്റ് ഡ്രിങ്കുകൾ, മുറിക്കാത്ത പഴങ്ങളും പച്ചക്കറികളും, ബ്രെഡ്, പീനട്ട് ബട്ടർ തുടങ്ങിയവ വൈദ്യുതി മുടക്കം സംഭവിച്ചാലും ഫ്രിജിൽ സുരക്ഷിതമായിരിക്കും. ഫ്രീസറിൽ ഐസ് ക്രിസ്റ്റലുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ, ആ ഫ്രീസർ ഭക്ഷണങ്ങൾ വീണ്ടും ഫ്രീസ് ചെയ്യുകയോ പാകം ചെയ്യുകയോ ചെയ്യാവുന്നതാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top