കണ്ടവരൊന്നും ഒരിക്കലും മറക്കാത്ത വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കാണ് ഭൂൽ ഭുലയ്യ. പ്രിയദർശനൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിദ്യാ ബാലൻ ആയിരുന്നു പ്രധാനവേഷത്തിലെത്തിയത്. മലയാളത്തിൽ ശോഭന ചെയ്ത കഥാപാത്രത്തെയാണ് ബോളിവുഡിൽ വിദ്യ അവതരിപ്പിച്ചത്. ഭൂൽ ഭുലയ്യയിലെ വിദ്യാ ബാലന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതൊരു റീമേക്ക് ചിത്രമായതുകൊണ്ട് ഭൂൽ ഭുലയ്യയിലെ മഞ്ജുളികയെ തേടി പുരസ്കാരങ്ങളൊന്നും എത്തിയിരുന്നില്ല. ഇത് തന്റെ മതാപിതാക്കളെ പ്രത്യേകിച്ച് തന്റെ അച്ഛനെ ഏറെ വിഷമിപ്പിച്ചുവെന്ന് പറയുകയാണ് പ്രമുഖ നടി വിദ്യ.
‘ഒരു മലയാള ചിത്രത്തിന്റെ റീമേക്കെന്ന പേരിൽ ആ ചിത്രം അവാർഡ് നോമിനേഷനുകളിൽ നിന്ന് തഴഞ്ഞു. ആ കാരണം ഞാൻ അംഗീകരിച്ചുവെങ്കിലും അച്ഛന് വലിയ വിഷമമായി. ഭൂൽ ഭുലയ്യയിൽ മികച്ച രീതിയിൽ മഞ്ജുളികയെ ഞാൻ അവതരിപ്പിച്ചു. അച്ഛൻ ഇടക്ക് പറയാറുണ്ടായിരുന്നു ‘ മഞ്ജുളികയായി മികച്ച പ്രകടനമാണ് നടത്തിയത്, ഒരു അവാർഡ് എങ്കിലും തരാമായിരുന്നു’എന്ന്. അപ്പോൾ ഞാൻ അദ്ദേഹത്തിനോട് പറയുമായിരുന്നു, ആ വർഷം എന്റെ ചിത്രം മാത്രമല്ല ഉണ്ടായിരുന്നത്. മറ്റൊരാൾക്ക് പുരസ്കാരം ലഭിച്ചു. കാരണം തീർച്ചയായും അവരുടെ പ്രകടനം എന്നെക്കാൾ നല്ലതായിരുന്നുവെന്ന് ജൂറി അംഗങ്ങൾക്ക് തോന്നിയെന്ന്. എങ്കിലും എനിക്ക് പുരസ്കാരം കിട്ടാതിരുന്നതിൽ ആ സമയത്ത് അച്ഛന് വലിയ വിഷമം ഉണ്ടായിരുന്നു’- വിദ്യാ ബാലൻ പറഞ്ഞു.
Also Read : ‘അതിർത്തികൾ നമ്മെ വേർതിരിച്ചേക്കാം; എന്നാൽ ആ സ്നേഹത്തെ തടുക്കാൻ ആർക്കും കഴിയില്ല
ഭൂല്‍ ഭുലയ്യ 3 ദീപാവലി റിലീസായിട്ടാണ് തിയറ്ററുകളിലെത്തുന്നത്. വിദ്യക്കൊപ്പംകാർത്തിക് ആര്യൻ, മാധുരി ദീക്ഷിത് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്. അതേസമയം, 2010ല്‍ ‘പാ’, 2011ല്‍ ‘ഇഷ്‌കിയ’, 2012ല്‍ ‘ദി ഡേര്‍ട്ടി പിക്ചര്‍’, 2013ല്‍ ‘കഹാനി’ എന്നീ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി നാല് വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരം വിദ്യ സ്വന്തമാക്കിയിരുന്നു. .