ഫോണിൽ അപരിചിതമായ അന്താരാഷ്ട്ര നമ്പറിൽ നിന്ന് ഒറ്റ തവണ മാത്രം റിംഗ് ചെയ്ത് കട്ടാകുന്ന മിസ്ഡ് കോളുകൾ വരുമ്പോൾ അതൊരു സൈബർ തട്ടിപ്പായിരിക്കാം എന്ന് തിരിച്ചറിയണം. ‘വൺ-റിംഗ് സ്കാം’ എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ തട്ടിപ്പുകാർ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകൾക്ക് ഒരേ സമയം മിസ്ഡ് കോളുകൾ അയക്കുന്നു.
നമ്മൾ ഫോൺ എടുക്കുന്നതിന് മുൻപ് തന്നെ കോൾ കട്ടാകുമെന്നതിനാൽ, ആരാണ് വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആ നമ്പറിലേക്ക് തിരിച്ചു വിളിക്കുന്നവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. സാധാരണ നമ്പറുകളാകില്ല ഇത്, മറിച്ച് വൻ തുക ഈടാക്കുന്ന ‘പ്രീമിയം റേറ്റ് നമ്പറുകൾ’ ആയിരിക്കും.
ഈ നമ്പറുകളിലേക്ക് തിരിച്ചു വിളിക്കുന്ന ഓരോ സെക്കൻഡിനും വലിയൊരു തുക നമ്മുടെ മൊബൈൽ ബാലൻസിൽ നിന്ന് നഷ്ടപ്പെടുകയോ അടുത്ത മാസത്തെ ബില്ലിൽ കൂട്ടിച്ചേർക്കപ്പെടുകയോ ചെയ്യും. തിരിച്ചു വിളിക്കുമ്പോൾ കോൾ പെട്ടെന്ന് കട്ട് ചെയ്യാതെ, സമയം കളയാനായി ഹോൾഡ് മ്യൂസിക് കേൾപ്പിക്കുകയോ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് തെറ്റിധരിപ്പിച്ച് സംസാരിപ്പിക്കുകയോ ചെയ്ത് പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
+247 (അസൻഷൻ ഐലൻഡ്), +221 (സെനഗൽ), +252 (സൊമാലിയ), +373 (മൊൽഡോവ) തുടങ്ങിയ അപരിചിതമായ രാജ്യങ്ങളുടെ കോഡുകളുള്ള നമ്പറുകളിൽ നിന്നായിരിക്കും ഇത്തരം കോളുകൾ കൂടുതലായി വരുന്നത്. അതിനാൽ ഇത്തരം അപരിചിത നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകളിലേക്ക് ഒരു കാരണവശാലും തിരിച്ചു വിളിക്കാതിരിക്കുക. സംശയാസ്പദമായ നമ്പറുകൾ ഉടൻ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ട്രൂകോളർ പോലുള്ള ആപ്പുകളിൽ ‘സ്പാം’ ആയി റിപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ടതാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






