മെസിയുടെ കരസ്പര്‍ശമേറ്റ ആ കുട്ടി; ഇന്ന് ലോകത്തിലെ കിടിലന്‍ ഫുട്‌ബോള്‍ താരം

മെസിയുടെ കരസ്പര്‍ശമേറ്റ ആ കുട്ടി; ഇന്ന് ലോകത്തിലെ കിടിലന്‍ ഫുട്‌ബോള്‍ താരം
മെസിയുടെ കരസ്പര്‍ശമേറ്റ ആ കുട്ടി; ഇന്ന് ലോകത്തിലെ കിടിലന്‍ ഫുട്‌ബോള്‍ താരം

യൂറോ കപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെയുള്ള ഗോള്‍നേട്ടത്തോടെ കാലങ്ങളോളം ഓർമിക്കപെടുന്ന ചരിത്രം കുറിച്ച് സ്‌പെയിന്റെ കുട്ടിതാരം ലാമിന്‍ യമാല്‍. കളിയുടെ 21-ാം മിനിറ്റില്‍ ലാമിന്‍ യമാല്‍ വണ്ടര്‍ ഗോളിലൂടെ സ്‌പെയിനിനെ സമനിലയിലെത്തിച്ചു. അല്‍വാരോ മൊറാട്ട നല്‍കിയ പന്തുമായി മുന്നോട്ടുകയറി ബോക്സിന് തൊട്ടുമുന്നില്‍നിന്ന് യമാല്‍ തൊടുത്ത ഷോട്ട് ഫ്രഞ്ച് വലയിലേക്ക് കുതിച്ചുകയറി. ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്തായിരുന്നു ഈ കുതിപ്പ്.

ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോള്‍ സ്‌കോററായി യമാല്‍ മാറി. 16 വര്‍ഷവും 362 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഗോള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് താരം യൊഹാന്‍ വോന്‍ലാതന്റെ പേരിലുള്ള (18 വര്‍ഷം 141 ദിവസം) റെക്കോഡാണ് തകര്‍ന്നത്. 2004 യൂറോ കപ്പിലായിരുന്നു ഈ നേട്ടം. അതേവര്‍ഷംതന്നെ സ്വിറ്റ്സര്‍ലന്‍ഡിനെതിരേ ഗോള്‍ നേടിയ ഇംഗ്ലണ്ടിന്റെറെ വെയ്ന്‍ റൂണി (18 വര്‍ഷവും 237 ദിവസവും) ആണ് മൂന്നാമത്.

സെമി ഫൈനലിന് കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ യമാല്‍ മറ്റൊരു ചരിത്രം കുറിച്ചിരുന്നു. ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതായിരുന്നു അത്. 1958-ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ഇതിഹാസതാരം പെലെ സ്ഥാപിച്ച റെക്കോഡാണ് യമാല്‍ മറികടന്നത്. 17 വയസ്സും 239 ദിവസവും പ്രായമുള്ളപ്പോള്‍ പെലെ ബ്രസീലിനെതിരേ ഗോള്‍ നേടിയിരുന്നു. ലോകകപ്പിലായിരുന്നു അത്.

യൂറോയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ചചെയ്ത പേരാവുകയാണ് യമാല്‍. ജൂലായ് 13-ന് 17 വയസ്സ് തികയും. മൂന്ന് അസിസ്റ്റുകളുമായി ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. യൂറോ കപ്പില്‍ ഫൈനലിലെത്തിയ സ്‌പെയിനിനെ പ്രതിനിധാനം ചെയ്യുന്ന താരമാണ് യമാല്‍. മെസ്സി കോപ്പ അമേരിക്കയില്‍ ഫൈനലിലെത്തിയ അര്‍ജന്റീനയെ പ്രതിനിധാനം ചെയ്യുന്നു. യൂറോ സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരേ യമാല്‍ നേടിയ ഗോള്‍ സ്‌പെയിനെ ഫൈനലിലേക്ക് എത്തിച്ചു. കോപ്പ സെമി ഫൈനലില്‍ കാനഡയ്ക്കെതിരേ മെസ്സി നേടിയ ഗോളിന്റെ ആനുകൂല്യത്തില്‍ അര്‍ജന്റീനയും സെമിയില്‍ പ്രവേശിച്ചു.

ഇരുവരും തമ്മിലുള്ള സമാനത ഇപ്പോള്‍ തുടങ്ങിയതല്ല. രണ്ടുപേര്‍ക്കും ഒരു പൂര്‍വകാല ബന്ധമുണ്ട്. അന്ന് പക്ഷേ, യമാലിന് മെസ്സിയാരാണെന്ന് അറിയുകപോലുമുണ്ടായിരുന്നില്ല. ഇരുവരും ഒരുമിച്ചുള്ള അക്കാലത്തെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയിരുന്നു.

അന്ന് യമാലിന് അഞ്ച് മാസമാണ് പ്രായം. 20 വയസ്സുള്ള മെസ്സി, യമാലിനെ കുളിപ്പിക്കുന്ന ചിത്രമാണ് തരംഗമാകുന്നത്. യമാലിനെ കൈയിലെടുത്ത് താലോലിക്കുന്ന ചിത്രവുമുണ്ട്. യമാലിന്റെ പിതാവ് മുനിര്‍ നസ്രോയിയാണ് ഇപ്പോള്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 2007 ഡിസംബറില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആസ്ഥാനത്തുവെച്ചായിരുന്നു ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

പില്‍ക്കാലത്ത് മെസ്സിയെ പോലെ തന്നെ ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെയായിരുന്നു യമാലിന്റെയും വളര്‍ച്ച. ഇപ്പോള്‍ യൂറോയില്‍ സ്‌പെയിനിനായി തകര്‍ത്തുകളിക്കുന്ന യമാല്‍ ബാഴ്സലോണ താരം കൂടിയാണ്. ഫിഫ ലോകകപ്പില്‍ മെസ്സിയുടെ നായകത്വത്തിന് കീഴില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി വിശ്വകിരീടം നേടിയിരുന്നു. തൊട്ടുപിന്നാലെയുള്ള യൂറോ കപ്പിലിതാ മെസ്സി കുളിപ്പിച്ചവനും ഫ്രാന്‍സിനെ വെള്ളം കുടിപ്പിച്ച് ചരിത്രം കുറിച്ചിരിക്കുന്നു.

Share Email
Top