കൊച്ചി: അനധികൃധ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ. കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍ എന്ന വാര്‍ത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം തെറ്റായി നല്‍കിയത്.
‘അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’ എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാര്‍ത്തയിലായിരുന്നു ഇത്. കെ.മണികണ്ഠന് പകരം നല്‍കിയത് മണികണ്ഠന്‍ ആചാരിയുടെ ചിത്രമാണ്. വേണ്ടത്ര ശ്രദ്ധയില്ലാതെ വാര്‍ത്ത നല്‍കിയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠന്‍ ആചാരി പത്രത്തിനെതിരെ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്.
Also Read: നടൻ ഇടവേള ബാബു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
‘വാര്‍ത്തയില്‍ തന്റെ ഫോട്ടോ തെറ്റായി അച്ചടിച്ചത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല.’
Also Read: യഥാർത്ഥ ഇന്ദു ഉപയോഗിച്ചത് അതേ നമ്പർ ! മാപ്പ് പറഞ്ഞ് അമരൻ നിര്‍മ്മാതാക്കൾ
ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു. വാര്‍ത്തയ്ക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും നടന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.