സി.പി.ഐയ്ക്ക് സി.പി.എം നൽകിയ ‘പണി’ വയനാട്ടിൽ ! ഭരണപക്ഷത്തെ പ്രതിപക്ഷമായതിൽ അണികൾ കലിപ്പിൽ

സി.പി.എമ്മിനെ പ്രകോപിപ്പിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സി.പി.ഐയ്ക്ക് എത്രമാത്രം മുന്നോട്ട് പോകാന്‍ കഴിയുമെന്നതും വലിയ ചോദ്യമാണ്. സി.പി.ഐ - സി.പി.എം നേതൃത്വങ്ങള്‍ എല്ലാം മറന്ന് ഒരുമിച്ച് നിലപാട് എടുത്താല്‍ പോലും അത് അംഗീകരിക്കുന്ന മാനസികാവസ്ഥയിലല്ല സി.പി.എം അണികള്‍ ഉള്ളത്.

സി.പി.ഐയ്ക്ക് സി.പി.എം നൽകിയ ‘പണി’ വയനാട്ടിൽ ! ഭരണപക്ഷത്തെ പ്രതിപക്ഷമായതിൽ അണികൾ കലിപ്പിൽ
സി.പി.ഐയ്ക്ക് സി.പി.എം നൽകിയ ‘പണി’ വയനാട്ടിൽ ! ഭരണപക്ഷത്തെ പ്രതിപക്ഷമായതിൽ അണികൾ കലിപ്പിൽ

സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിപ്പിച്ചത് തിരിച്ചടിയായെന്ന് വിലയിരുത്തിയ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് സത്യന്‍ മൊകേരിയെ മത്സരിപ്പിച്ചിട്ടു പോലും ആനിരാജയുടെ വോട്ടുപോലും പിടിക്കാനാവാത്ത നാണംകെട്ട പരാജയമാണ് ഇപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഇതിന് പ്രധാന കാരണം സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മധുരമായ പ്രതികാരമാണെന്ന അഭ്യൂഹവും ശക്തമാണ്.

തൃശൂര്‍പൂര വിവാദത്തിലടക്കം നിരവധി വിഷയങ്ങളില്‍ സി.പി.എം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും സമ്മര്‍ദ്ദത്തിലാക്കിയ സി.പി.ഐ നേതൃത്വത്തിന്റെ നിലപാട് സി.പി.എം അണികളെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന ബോധ്യമുണ്ടായിട്ടും ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ആയുധം നല്‍കിയ സി.പി.ഐ നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സി.പി.എം പ്രവര്‍ത്തകരിലും അനുഭാവികളിലും ശക്തമായിരുന്നത്. ഇതിന് ഒരു പണി കൊടുക്കണമെന്ന അവരുടെ തീരുമാനമാണ് വയനാട്ടില്‍ ദൃശ്യമായിരിക്കുന്നത്.

Annie raja

വയനാട്ടില്‍ മത്സരിച്ചത് സി.പി.ഐ ആണെങ്കിലും ആ മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്കില്‍ ബഹുഭൂരിപക്ഷവും സി.പി.എമ്മിന്റേതാണ്. സി.പി.എം നേതൃത്വം തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ അത്ര സജീവമായിരുന്നില്ല. അണികള്‍ക്കിടയിലും സി.പി.ഐ നേതൃത്വത്തോടുള്ള എതിര്‍പ്പ് വയനാട് ലോകസഭ മണ്ഡലത്തില്‍ ശക്തമായിരുന്നു. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതല്ലായിരുന്നു എങ്കില്‍ മാസങ്ങളുടെ ഇടവേളയില്‍ മാത്രം വന്ന തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ ഒരു പരാജയം സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് നേരിടേണ്ടി വരുമായിരുന്നില്ല. മാത്രമല്ല, പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും ചേലക്കരയില്‍ വിജയിക്കാനും പാലക്കാട് വോട്ട് വര്‍ദ്ധിപ്പിക്കാനും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു എന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

Also Read: റഷ്യയുടെ ആക്രമണത്തിന് തടയിടാൻ തന്ത്രങ്ങളൊരുക്കി അമേരിക്ക

Binoy Viswam

കഴിഞ്ഞ തവണ ആനി രാജയെ വയനാട്ടില്‍ മത്സരിപ്പിച്ചതിനെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ ശക്തമായ നിലപാടെടുത്തത് സെക്രട്ടറിയായ ബിനോയ് വിശ്വമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിക്കാതെയാണ് ആനി രാജയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ സി.പി.ഐ ദേശീയ നേതാവെന്ന നിലയിലാണ് 2024ല്‍ ആനി രാജയെ വയനാട്ടില്‍ മത്സരിപ്പിച്ചിരുന്നത്. 2,83,023 വോട്ടുമായി 26.09 ശതമാനം വോട്ടുവിഹിതമാണ് ആനി രാജക്ക് ആ തിരഞ്ഞെടുപ്പില്‍ നേടാനായിരുന്നത്.

Rahul Gandhi

2019 ല്‍ സി.പി.ഐയിലെ പി.പി സുനീര്‍ നേടിയ 2,74597 വോട്ടിനേക്കാള്‍ കൂടുതല്‍ നേടാന്‍ ആനിരാജക്ക് കഴിഞ്ഞതിനു പിന്നില്‍, സി.പി.എം പ്രവര്‍ത്തകരുടെ വലിയ പ്രവര്‍ത്തനവും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 വോട്ടില്‍ നിന്നും 67,348 വോട്ടു കുറക്കാന്‍ ആനി രാജയ്ക്ക് കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. ഇങ്ങനെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രാജ്യസഭാസീറ്റ് ആനി രാജക്ക് നല്‍കാതെ പി.പി സുനീറിന് പതിച്ച് നല്‍കുകയാണ് ബിനോയ് വിശ്വം ചെയ്തത്. ഈ തീരുമാനത്തിലും ഇടതുപക്ഷ അണികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

Also Read: പുടിന്‍ ഹീറോയോ വില്ലനോ? ലോകത്തെ ഏറ്റവും വലിയ ധനികനായ പ്രസിഡന്റ്

PP Suneer

വയനാട്ടില്‍ കോണ്‍ഗ്രസിനെതിരെ 2014ല്‍ സത്യന്‍ മൊകേരി നടത്തിയ മത്സരം ഉയര്‍ത്തികാട്ടിയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ഇത്തവണ ആനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളിപ്പറഞ്ഞിരുന്നത്. അന്ന് കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുറക്കാന്‍ സത്യന്‍ മൊകേരിക്ക് കഴിഞ്ഞിരുന്നു. 2014ല്‍ 3,56,165 വോട്ടായിരുന്നു സത്യന്‍ മൊകേരി നേടിയത്. ഇതാണ് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം നേടിയ കൂടുതല്‍ വോട്ട്. എന്നാല്‍, ഇത്തവണ 2,11,407 വോട്ടുകള്‍ മാത്രമാണ് സത്യന്‍ മൊകേരിക്ക് ആകെ ലഭിച്ചിരിക്കുന്നത്. 2019 ല്‍ പി.പി സുനീര്‍ നേടിയ 2,74,597 വോട്ടുപോലും നേടാനാവാത്ത ദയനീയ പരാജയമാണ് നിലവില്‍ സത്യന്‍ മൊകേരിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഈ കനത്ത പരാജയത്തിന് സി.പി.ഐ സംസ്ഥാന നേതൃത്വം ഇനി മറുപടി പറയേണ്ടി വരും.

Sathyan Mokeri

സി.പി.എമ്മിനെ പ്രകോപിപ്പിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സി.പി.ഐയ്ക്ക് എത്രമാത്രം മുന്നോട്ട് പോകാന്‍ കഴിയുമെന്നതും വലിയ ചോദ്യമാണ്. സി.പി.ഐ – സി.പി.എം നേതൃത്വങ്ങള്‍ എല്ലാം മറന്ന് ഒരുമിച്ച് നിലപാട് എടുത്താല്‍ പോലും അത് അംഗീകരിക്കുന്ന മാനസികാവസ്ഥയിലല്ല സി.പി.എം അണികള്‍ ഉള്ളത്. പ്രത്യേകിച്ച്, ഇടതുപക്ഷ വോട്ട് ബാങ്ക് എന്ന് പറയുന്നത് തന്നെ, സി.പി.എം അനുഭാവികളും ആ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളും ആയതിനാല്‍ അവര്‍ക്ക് അതൃപ്തിയുണ്ടാകുന്ന തീരുമാനം ആര് എടുത്താലും ഏത് ഘടക കക്ഷി എടുത്താലും അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കും. അതു തന്നെയാണ് വയനാട്ടിലും സംഭവിച്ചിരിക്കുന്നത്.

Priyanka Gandhi

ഈ പോക്ക് പോയാല്‍, 2026-ലും സി.പി.ഐ ശരിക്കും വെള്ളംകുടിക്കും. സി.പി.എം അനുഭാവികളുടെ വോട്ടുകള്‍ ലഭിച്ചില്ലങ്കില്‍, ഒരു നിയമസഭാ സീറ്റില്‍ പോലും വിജയിക്കാന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.ഐക്ക് കഴിയുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാനാണ് സി.പി.ഐ നേതൃത്വം ഇനിയെങ്കിലും ശ്രമിക്കേണ്ടത്. ഒരു മുന്നണിയായി മുന്നോട്ട് പോകുമ്പോള്‍ സ്വീകരിക്കേണ്ട സാമാന്യ മര്യാദ സി.പി.ഐ നേതൃത്വവും പാലിക്കുക തന്നെ വേണം. മുന്നണിക്ക് അകത്താണ് കാര്യങ്ങള്‍ പറയേണ്ടത്. അതല്ലാതെ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് എതിരെ പരസ്യമായി പ്രതികരിച്ചാല്‍ അത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുക. ഇക്കാര്യം തന്നെയാണ്, ഇടതുപക്ഷ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

വയനാട്ടിലെ വോട്ട് ചോര്‍ച്ച, ഒരു താക്കീതായി കണ്ട് തിരുത്താന്‍ സി.പി.ഐ നേതൃത്വം ഇനിയെങ്കിലും തയ്യാറാവണമെന്ന ആവശ്യമാണ് അവരും ഉയര്‍ത്തിയിരിക്കുന്നത്. പോളിങ് ശതമാനം കുറഞ്ഞിട്ടും ആറ് മാസത്തിന് മുമ്പ് സഹോദരന്‍ രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷവും വോട്ടിങ് ശതമാനവും നേടാന്‍ കഴിഞ്ഞത് പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. 6,22338 വോട്ടുമായി 4,10931 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക സ്വന്തമാക്കിയിരിക്കുന്നത്. രാഹുലിന്റെ ഭൂരിപക്ഷത്തേക്കാള്‍ 46,509 വോട്ടുകളും 64.99 ശതമാനം വോട്ടുവിഹിതവും പ്രിയങ്ക നേടിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് 3,64,422 വോട്ടിന്റെ ഭൂരിപക്ഷവും 59.69 ശതമാനം വോട്ടുവിഹിതവുമായിരുന്നു ലഭിച്ചിരുന്നത്.

Political Reporter

വീഡിയോ കാണാം

Top