പാകിസ്താനിലെ ബലൂചിസ്താനില്‍ ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

ബലൂചികളല്ലാത്തവര്‍ സഞ്ചരിച്ചിരുന്ന ഒരു പാസഞ്ചര്‍ ബസിനു നേരെയാണ് ഒരു ആക്രമണം നടന്നത്.

പാകിസ്താനിലെ ബലൂചിസ്താനില്‍ ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു
പാകിസ്താനിലെ ബലൂചിസ്താനില്‍ ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ ഭീകരാക്രമണം. രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബലൂചികളല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ബലൂചികളല്ലാത്തവര്‍ സഞ്ചരിച്ചിരുന്ന ഒരു പാസഞ്ചര്‍ ബസിനു നേരെയാണ് ഒരു ആക്രമണം നടന്നത്. മറ്റൊന്ന് പോലീസിനെ ലക്ഷ്യമിട്ടുമാണ്. ബലൂചിസ്താനിലെ ഗ്വാദര്‍ ജില്ലയിലുള്ള തീരദേശ മേഖലയായ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ഒരുഡസനോളം വരുന്ന തീവ്രവാദികള്‍ ബസ് തടഞ്ഞ് നിര്‍ത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്.

Also Read:പലസ്തീന്‍ അനുകൂലികളെ ഒറ്റിക്കൊടുത്ത് ഇസ്രയേലിനെ വളര്‍ത്തുന്ന ബീറ്റാര്‍ യുഎസ്

സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടന്നത് ബലൂചിസ്താന്‍ പ്രവിശ്യ തലസ്ഥാനമായ ക്വെറ്റയിലാണ്. പോലീസ് വാഹനത്തിന് സമീപം ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബലോച് ലിബറേഷന്‍ ആര്‍മി (BLA) എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

Share Email
Top