റിയാദ്: മധ്യപൂർവേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും കപ്പൽഗതാഗത തടസ്സങ്ങളും തുടരുമ്പോഴും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ അപ്രതീക്ഷിത ഇടിവ്. എണ്ണവിതരണം തടസ്സപ്പെടുമെന്ന ഭീതി നിലനിൽക്കെത്തന്നെ, ചരക്കുനീക്ക ചെലവ് കുറയ്ക്കുന്നതിനായി ഉപരോധം നേരിടുന്ന ചില കപ്പലുകൾക്ക് ഇളവ് നൽകാൻ അമേരിക്ക ആലോചിക്കുന്നതാണ് വില കുറയാൻ പ്രധാന കാരണമായത്. സൗദി സമയം രാവിലെ 9.25-ഓടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 1.76 ഡോളർ (1.7%) കുറഞ്ഞ് 104.30 ഡോളറിലെത്തി. അമേരിക്കയുടെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ വില 1.06 ഡോളർ (1.1%) താഴ്ന്ന് 94.03 ഡോളറിലെത്തി നിലയുറപ്പിച്ചു. കഴിഞ്ഞ വ്യാപാര സെഷനിൽ വിപണി നേടിയ നേട്ടങ്ങളെല്ലാം ഇതോടെ ഇല്ലാതായി.
യമനിലെ ഹൂതി വിമതർ സൗദി അരാംകോയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയതും, ഹോർമുസ് കടലിടുക്കിൽ കപ്പലുകളെ ലക്ഷ്യമിടാൻ പുതിയ തന്ത്രങ്ങൾ പയറ്റുമെന്ന് ഇറാൻ പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ എണ്ണവില മൂന്നാഴ്ചത്തെ ഉയർന്ന നിലയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിന് സമീപം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കണ്ടെയ്നർ കപ്പലും ഡ്രൈ ബൾക്ക് കാരിയറും പ്രൊജക്ടൈൽ ആക്രമണങ്ങളിൽ തകർന്ന് മുങ്ങിയതായി സമുദ്രഗതാഗത അധികൃതർ സ്ഥിരീകരിച്ചു. ഇറാന്റെ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ആക്രമണം ശക്തമാക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: യു.എ.ഇയിൽ മഴയ്ക്കൊപ്പം ആലിപ്പഴവർഷം! റോഡുകളിലും മരുഭൂമിയിലും മഞ്ഞുകട്ടകൾ, ജാഗ്രതാ നിർദേശം
കടൽമാർഗ്ഗമുള്ള ചരക്കുനീക്ക ചെലവ് റെക്കോർഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് അമേരിക്കൻ ഭരണകൂടം നയതന്ത്ര ഇളവുകൾക്ക് മുതിരുന്നത്. റഷ്യ, ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നിയമപരമായി എണ്ണ കൊണ്ടുപോകുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകൾക്ക് ഇളവ് നൽകുന്നത് എണ്ണവില നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. കൂടാതെ, റഷ്യയിലെയും മധ്യപൂർവേഷ്യയിലെയും ഉൽപ്പാദന വർധനവും വിലക്കയറ്റത്തെ ചെറുക്കുന്നുണ്ട്. സെപ്റ്റംബറിൽ റഷ്യയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനം പ്രതിദിനം 84.3 ലക്ഷം ബാരലായി ഉയർന്നപ്പോൾ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി പ്രതിദിനം 44 ലക്ഷം ബാരലായി വർധിച്ച് യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ 75 ശതമാനത്തോളം തിരിച്ചെത്തിയതായി അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) വ്യക്തമാക്കി.
അതേസമയം, അമേരിക്കയിൽ ക്രൂഡ് ഓയിൽ ശേഖരത്തിൽ 1.11 കോടി ബാരലിന്റെ വൻ കുറവുണ്ടായിട്ടും വിപണിയിൽ വില ഉയർന്നില്ലെന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിലും വലിയ തോതിലുള്ള ഇടിവാണ് ശേഖരത്തിലുണ്ടായത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ വിപണി ജാഗ്രത പാലിക്കുന്നതാണ് വില വലിയ തോതിൽ ഉയരാത്തതിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബദൽ പാതകളിലൂടെ എണ്ണ വിപണിയിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഉയർന്ന ചെലവും വരുംദിവസങ്ങളിലെ അനിശ്ചിതത്വവും ആഗോള സാമ്പത്തിക മേഖലയ്ക്ക് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്.






