വിക്രമിന് പിറന്നാള്‍ വീഡിയോയുമായി തങ്കലാന്‍ ടീം

വിക്രമിന് പിറന്നാള്‍ വീഡിയോയുമായി തങ്കലാന്‍ ടീം

പ്രഖ്യാപനം മുതലേ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘തങ്കലാന്‍’. പാ രഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ച് തങ്കലാന്‍ ടീം പുറത്തിറക്കിയ പ്രത്യേക വീഡിയോയാണ് വൈറലായിരിക്കുന്നത്.

തങ്കലാന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വേദന കടിച്ചമര്‍ത്തി മേക്കപ്പിടുന്ന വിക്രമിനെയാണ് വീഡിയോയില്‍ കാണാനാവുക. വിവിധ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണദൃശ്യവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ദ്ധനഗ്‌നനായ കഥാപാത്രമായാണ് തങ്കലാനില്‍ വിക്രം എത്തുന്നത്. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ പാര്‍വതി തിരുവോത്തിന്റെ ഗംഗമ്മയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഈയിടെയാണ് പുറത്തിറങ്ങിയത്.

മാളവികാ മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്. എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top