മെറ്റ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളെ വെറുമൊരു “പരീക്ഷണ കേന്ദ്രങ്ങൾ” ആയി ചിത്രീകരിച്ച്, അമേരിക്കൻ സർക്കാരിന്റെ ഗവേഷണ നികുതി ഇളവ് ചൂഷണം ചെയ്യുന്നതായി ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ട്. എൻവിഡിയ പോലുള്ള പ്രമുഖ കമ്പനികളിൽ നിന്ന് വാങ്ങുന്ന വിലകൂടിയ AI ചിപ്പുകളടക്കം ഇത്തരം പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയാണ് മെറ്റാ കോടിക്കണക്കിന് ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം ഉയർന്നിരിക്കുന്നത്. മെറ്റയുടെ ഔദ്യോഗിക ഫയലിംഗുകളും കമ്പനിക്കുള്ളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളും ആധാരമാക്കിയാണ് പത്രം ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
2024 മുതലാണ് ഇത്തരം സാങ്കേതിക കൃത്രിമത്വങ്ങളിലൂടെ നികുതി ഇളവ് നേടാനുള്ള തന്ത്രങ്ങൾ മെറ്റാ പ്രയോഗിച്ചു തുടങ്ങിയത്. ഇതിലൂടെ 2024-ൽ 2 ബില്യൺ ഡോളറും 2025-ൽ 4 ബില്യൺ ഡോളറും ഉൾപ്പെടെ ആകെ 6 ബില്യൺ ഡോളറിന്റെ (ഏകദേശം 50,000 കോടിയിലധികം രൂപ) നികുതി ഇളവാണ് കമ്പനി നേടിയെടുത്തത്. സാധാരണ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് ലഭിക്കാത്ത ഈ ഇളവ് നേടിയെടുത്തതോടെ, അമേരിക്കയിൽ റിസർച്ച് ടാക്സ് ക്രെഡിറ്റിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ കൈപ്പറ്റുന്ന പൊതു കമ്പനിയായി മെറ്റാ മാറി. എന്നാൽ, തെളിയിക്കപ്പെട്ടതും വിപണിയിൽ ലഭ്യവുമായ കമ്പ്യൂട്ടർ ചിപ്പുകൾ വാങ്ങുന്നത് ഗവേഷണ ചെലവായി കണക്കാക്കാനാകില്ലെന്നാണ് നികുതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Also Read; 9000 mAh വമ്പൻ ബാറ്ററിയുമായി വൺപ്ലസ് 16 വിപണിയിലേക്ക്; ഫീച്ചറുകൾ പുറത്ത്!
കമ്പനിയുടെ ഈ നികുതി വെട്ടിപ്പ് തന്ത്രത്തിനെതിരെ മെറ്റയിലെ തന്നെ ചില ധനകാര്യ ഉദ്യോഗസ്ഥർ ആശങ്കയറിയിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ ക്ലെയിമുകൾ അമേരിക്കൻ ടാക്സ് അതോറിറ്റിയായ ഐ.ആർ.എസിന്റെ ഭാഗത്തുനിന്ന് കടുത്ത നിയമനടപടികൾക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധ്യതയുള്ള നികുതി തർക്കങ്ങൾ നേരിടാനായി മെറ്റ തങ്ങളുടെ കരുതുധനം 12.9 ബില്യൺ ഡോളറിൽ നിന്ന് 18.74 ബില്യൺ ഡോളറായി ഉയർത്തിയിട്ടുണ്ട്. പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെ വൻകിട വാണിജ്യ നിർമ്മാണങ്ങൾക്കായി കമ്പനി ദുരുപയോഗം ചെയ്തു എന്ന വിമർശനമാണ് നിലവിൽ ഉയരുന്നത്.
എന്നാൽ ഈ ആരോപണങ്ങളെ മെറ്റ ശക്തമായി എതിർത്തു. യു.എസിലെ സാങ്കേതിക വികസനത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി തങ്ങൾ ഭീമമായ തുകയാണ് ഗവേഷണ മേഖലയിൽ നിക്ഷേപിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഈ ഇളവുകൾ ലഭിക്കാൻ കമ്പനിക്ക് പൂർണ്ണ അർഹതയുണ്ടെന്നുമാണ് മെറ്റയുടെ വക്താവ് ആന്റി സ്റ്റോൺ വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യു.എസിൽ ഗവേഷണത്തിനും വികസനത്തിനുമായി 200 ബില്യൺ ഡോളറോളം തങ്ങൾ ചെലവഴിച്ചിട്ടുണ്ടെന്നും കമ്പനി വാദിക്കുന്നു. എങ്കിലും, ഭീമമായ തുക നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാകാൻ മെറ്റ കണക്കുകളിൽ കൃത്രിമം കാട്ടി എന്ന ആരോപണം AI മേഖലയിലുടനീളം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.





