റോസർ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; കൂടുതൽ വിവരങ്ങൾ പുറത്ത്

റോസർ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; കൂടുതൽ വിവരങ്ങൾ പുറത്ത്

റേസർ എഡിഷൻ ഒന്നിലധികം തവണ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ടെങ്കിലും ഈ വാഹനത്തിന്റെ സവിശേഷതകളും സൗകര്യങ്ങളും നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ അൾട്രോസ് റേസറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായിരിക്കുകയാണ്. ടാറ്റ അൾട്രോസിന്റെ പെർഫോമെൻസ് മോഡലായ റേസർ എഡിഷൻ ജൂൺ ഏഴിന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് പല ഡീലർഷിപ്പുകളിലും ആരംഭിച്ചതായാണ് റിപ്പോർട്ട്.

റെഗുലർ അൾട്രോസിൽ നിന്ന് വ്യത്യസ്തമായി മൂന്ന് വേരിയന്റുകളിലായിരിക്കും ഈ വാഹനം പുറത്തിറങ്ങുന്നത്. ആർ1, ആർ2, ആർ3 എന്നിങ്ങനെയായിരിക്കും വേരിയന്റുകളുടെ വിശേഷണം. നെക്‌സോൺ ഉൾപ്പെടെ കരുത്തേകുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 120 ബി.എച്ച്.പി. പവറും 170 എൻ.എം. ടോർക്കുമേകുന്ന ഈ എൻജിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമായിരിക്കും ട്രാൻസ്മിഷൻ ഒരുക്കുകയെന്നാണ് റിപ്പോർട്ട്.

അടിസ്ഥാന മോഡലായ ആർ1 മുതൽ തന്നെ ഫീച്ചർ സമ്പന്നമായാണ് റേസർ എത്തിയിട്ടുള്ളത്. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, ലെതർ ആവരണം നൽകിയിട്ടുള്ള സീറ്റുകൾ, ഗിയർനോബ്, സ്റ്റിയറിങ്ങ് വീൽ, ആംറെസ്റ്റ്, സെമി അനലോഗ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ആംബിയന്റ് ലൈറ്റിങ്ങ്, പുഷ് സ്റ്റാർട്ട് ബട്ടൺ, ക്രൂയിസ് കൺട്രോൾ, ആറ് എയർ ബാഗ് തുടങ്ങിയ ഫീച്ചറുകളാണ് അടിസ്ഥാന വേരിയന്റിൽ ഒരുക്കിയിട്ടുള്ളത്.

അടിസ്ഥാന വേരിയന്റ് മുതൽ തന്നെ എക്സ്റ്റീരിയറിൽ ഓട്ടോ ഹെഡ്‌ലാമ്പ്, ഫോഗ്‌ലാമ്പ്, എൽ.ഇ.ഡി. ഡി.ആർ.എൽ, റെയിൻ സെൻസിങ്ങ് വൈപ്പർ, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകൾ, റിയർ ഡിഫോഗർ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് എന്നിവ നൽകുന്നുണ്ട്. ആർ2 വേരിയന്റിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, എക്‌സ്പ്രസ് കൂൾ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് സീറ്റ്, ഐ.ആർ.ക്യു കണക്ടഡ് ടെക് എന്നിവയാണ് ആർ3 വേരിയന്റിൽ അധികമായി നൽകുന്നത്.

സ്‌പോർട്ടി മോഡലായതിനാൽ തന്നെ റെഗുലർ മോഡലിനെക്കാൾ അഗ്രസീവ് ഭാവം നൽകിയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ആറ്റോമിക് ഓറഞ്ച്, അവന്യു വൈറ്റ്, പ്യുവർ ഗ്രേ എന്നീ നിറങ്ങളിലായിരിക്കും എക്‌സ്റ്റീരിയർ അലങ്കരിക്കുന്നത്. ഇതിൽ ബ്ലാക്ക്, വൈറ്റ് നിറങ്ങളിലെ സ്ട്രിപ്പുകളും മറ്റും ഒരുക്കും. റൂഫിലും ബോണറ്റിലും ഉൾപ്പെടെ കറുപ്പണിഞ്ഞിട്ടുണ്ട്. പ്രൊജക്ഷൻ ഹെഡ്ലാമ്പ്, ഡി.ആർ.എൽ. ഉൾപ്പെടെ നൽകിയിട്ടുള്ള ഫോഗ്ലാമ്പ്, ഫെൻഡറിൽ നൽകിയിട്ടുള്ള റേസർ ബാഡ്ജിങ്ങ് തുടങ്ങിയവയാണ് ഈ വാഹനത്തിന് സ്പോർട്ടി ഭാവം നൽകുന്നത്.

Top