ടാറ്റ സുമോ വീണ്ടും വരുന്നു! പുതിയ രൂപത്തിൽ പ്രീമിയം എസ്‌യുവി; ‘സ്കാർലെറ്റ്’ പദ്ധതിയുമായി ടാറ്റ മോട്ടോഴ്‌സ്

2031 മാർച്ചിന് മുമ്പായി ആറ് ഐസിഇ മോഡലുകളും നാല് ഇലക്ട്രിക് മോഡലുകളും ഉൾപ്പെടെ 10 പുതിയ കാറുകൾ വിപണിയിലെത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു

ടാറ്റ സുമോ വീണ്ടും വരുന്നു! പുതിയ രൂപത്തിൽ പ്രീമിയം എസ്‌യുവി; ‘സ്കാർലെറ്റ്’ പദ്ധതിയുമായി ടാറ്റ മോട്ടോഴ്‌സ്
ടാറ്റ സുമോ വീണ്ടും വരുന്നു! പുതിയ രൂപത്തിൽ പ്രീമിയം എസ്‌യുവി; ‘സ്കാർലെറ്റ്’ പദ്ധതിയുമായി ടാറ്റ മോട്ടോഴ്‌സ്

ന്ത്യൻ വാഹന വിപണിയിൽ ഒരു കാലത്ത് രാജാവായി വാണിരുന്ന, ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ജനപ്രിയ മോഡലായ ‘ടാറ്റ സുമോ’ വീണ്ടും നിരത്തുകളിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതായി സൂചന. 2019-ൽ ഉൽപ്പാദനം നിർത്തലാക്കിയ ഈ മോഡൽ, കൂടുതൽ ആധുനികവും പ്രീമിയവുമായ എസ്‌യുവി രൂപത്തിലായിരിക്കും രണ്ടാം വരവ് നടത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2031 മാർച്ചിന് മുമ്പായി ആറ് ഐസിഇ മോഡലുകളും നാല് ഇലക്ട്രിക് മോഡലുകളും ഉൾപ്പെടെ 10 പുതിയ കാറുകൾ വിപണിയിലെത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇതിലൊന്നായി സുമോയുടെ തിരിച്ചുവരവും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

1994-ൽ പുറത്തിറങ്ങിയ ടാറ്റ സുമോ, ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിൽ ടാറ്റയുടെ ഏറ്റവും ദീർഘകാലം നിലനിന്ന നെയിംപ്ലേറ്റുകളിൽ ഒന്നാണ്. പ്രത്യേകിച്ച് മഹീന്ദ്ര ബൊലേറോയുമായി നേരിട്ട് ഏറ്റുമുട്ടി വിപണി കീഴടക്കിയ ചരിത്രമാണ് സുമോയ്ക്കുള്ളത്. നിലവിൽ ടാറ്റ തങ്ങളുടെ പഴയ പ്രിയപ്പെട്ട നെയിംപ്ലേറ്റായ ടാറ്റ സിയറ വിപണിയിൽ തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, സുമോയുടെ തിരിച്ചുവരവിനുള്ള സാധ്യതകളും വളരെ കൂടുതലാണ്. ടാറ്റ മോട്ടോഴ്‌സ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ കോംപാക്റ്റ് എസ്‌യുവിക്ക് ‘ടാറ്റ സ്കാർലെറ്റ്’ എന്ന കോഡ് നാമമാണ് നൽകിയിരിക്കുന്നത്. ടാറ്റ നെക്സോണിനും വരാനിരിക്കുന്ന സിയറയ്ക്കും ഇടയിലായിരിക്കും ഈ വാഹനം സ്ഥാനം പിടിക്കുക.

Also Read: ഓടുന്നതിനിടെ ഇലക്ട്രിക് കാറുകൾ ഹാക്ക് ചെയ്ത് നിർത്താനാകുമോ? കണ്ണ് തുറപ്പിക്കേണ്ട യാഥാർത്ഥ്യങ്ങൾ!

സുമോയുടെ പരമ്പരാഗത ശൈലി ഓർമ്മിപ്പിക്കുന്ന ചതുരാകൃതിയിലുള്ള ബോഡി ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കരുത്തുറ്റ എസ്‌യുവി ലുക്ക് എന്നിവയോടെ ഒരു ഓൾ-റൗണ്ട് വാഹനമായിട്ടായിരിക്കും ഇത് രൂപകൽപ്പന ചെയ്യുക. കൂടുതൽ സുഖസൗകര്യങ്ങൾക്കും, മികച്ച ഇന്ധനക്ഷമതയ്ക്കും, റോഡ് പെർഫോമൻസിനുമായി ഒരു മോണോകോക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ വാഹനം നിർമ്മിക്കുക. ടാറ്റ തങ്ങളുടെ പുതിയ ഐസിഇ മോഡലുകൾക്കെല്ലാം ഇലക്ട്രിക് പതിപ്പുകൾ കൂടി വികസിപ്പിക്കുന്ന ശൈലിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. അതിനാൽ തന്നെ ‘സ്കാർലെറ്റ്’ പ്രൊജക്റ്റിനും ഒരു ഇവി പതിപ്പ് ഉണ്ടായേക്കാം. ഈ സെഗ്‌മെന്റിൽ ഡ്യുവൽ മോട്ടോർ സംവിധാനത്തോടെയുള്ള ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

റെനോ കിഗർ, കിയ സിറോസ്, മഹീന്ദ്രയുടെ വരാനിരിക്കുന്ന മോഡലുകൾ എന്നിവയായിരിക്കും വിപണിയിൽ ഇതിന്റെ പ്രധാന എതിരാളികൾ. പുതിയ എസ്‌യുവി പ്രൊജക്റ്റിന് ‘ടാറ്റ സുമോ’ എന്ന ഐക്കണിക് പേര് തന്നെ ടാറ്റ ഔദ്യോഗികമായി നൽകുമോ എന്നാണ് ഇപ്പോൾ വാഹനപ്രേമികൾ ഉറ്റുനോക്കുന്നത്. വരാനിരിക്കുന്ന 2027 ഓട്ടോ എക്‌സ്‌പോയിൽ ഈ സ്കാർലെറ്റ് മോഡലിന്റെ ഒരു കൺസെപ്റ്റ് രൂപം സുമോ എന്ന പേരിൽ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ പ്രതികരണം പരിശോധിക്കാൻ ടാറ്റ മോട്ടോഴ്‌സ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Share Email
Top