വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി ടാറ്റ പഞ്ച്

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി ടാറ്റ പഞ്ച്

പ്രില്‍ വില്‍പ്പനയില്‍ വന്‍കുതിപ്പുമായി ടാറ്റ പഞ്ച്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്പനയുള്ള കാറുകളുടെ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഒന്നാമതെത്തി ടാറ്റാ പഞ്ച്. ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് വാഹന വില്പനയില്‍ 27 ശതമാനം വര്‍ധന. ഏപ്രിലില്‍ 22 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയതെന്ന് ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കാലവര്‍ഷം അനുകൂലമാകുമെന്ന റിപ്പോര്‍ട്ടുകളും ഉത്സവങ്ങളും വിവാഹങ്ങളും വില്പന വര്‍ധനയ്ക്കു പിന്നിലുണ്ടെന്ന് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു. 2023 ഏപ്രിലില്‍ 17.4 ലക്ഷം വാഹനങ്ങളായിരുന്നു രാജ്യത്തു വിറ്റുപോയത്. ഫാഡയുടെ കണക്കുപ്രകാരം ഏപ്രിലില്‍ ഇരുചക്രവാഹന വില്പനയില്‍ 33 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ 12.3 ലക്ഷത്തില്‍നിന്ന് 16.4 ലക്ഷമായാണിത് കൂടിയത്. കാര്‍വില്പന 2023 ഏപ്രിലിലെ 2.89 ലക്ഷത്തില്‍നിന്ന് 3.35 ലക്ഷമായി കൂടി. 16 ശതമാനം വര്‍ധന.

പുതിയ മോഡലുകള്‍ തുടര്‍ച്ചയായി വിപണിയിലെത്തുന്നത് വില്പന ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് ഫാഡ പറയുന്നു. വാണിജ്യവാഹന വില്പന മുന്‍വര്‍ഷത്തെ 88,663 എണ്ണത്തില്‍നിന്ന് 90,707 ആയി. രണ്ടു ശതമാനം വളര്‍ച്ച. മാര്‍ച്ചില്‍ 17,547 എണ്ണവുമായി മുന്നിലെത്തിയപ്പോള്‍ ഏപ്രിലില്‍ 19,158 എണ്ണമായി ഉയര്‍ന്നു. മാരുതി സുസുക്കി ഇതര കാര്‍ വില്പനയില്‍ മുന്നിലെത്തുന്നത് സമീപകാലത്ത് അപൂര്‍വമാണ്. മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ ആണ് രണ്ടാം സ്ഥാനത്ത്. ഏപ്രിലില്‍ 17,850 വാഗണ്‍ ആറുകള്‍ നിരത്തിലെത്തി. മാര്‍ച്ചിലിത് 16,368 എണ്ണമായിരുന്നു. മാരുതി ബ്രെസ മൂന്നാം സ്ഥാനത്തും ഡിസയര്‍ നാലാം സ്ഥാനത്തുമാണ്. ഹ്യൂണ്ടായ് എസ്.യു.വി. ക്രെറ്റ ആണ് അഞ്ചാമത്. മുന്നിലുള്ള ആദ്യ അഞ്ചു വാഹനങ്ങളുടെ പട്ടികയില്‍ മാര്‍ച്ചില്‍ രണ്ട് എസ്.യു.വി.കളാണ് ഉണ്ടായിരുന്നതെങ്കില്‍ ഏപ്രിലിത് മൂന്നായി ഉയര്‍ന്നു. എസ്.യു.വി കള്‍ വിപണി കീഴടക്കുന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്.

Top