സർക്കാർ ജോലിയും സ്വത്തും ലക്ഷ്യം! 7 ലക്ഷത്തിന്റെ ക്വട്ടേഷനിൽ അമ്മയെ കാറിടിച്ച് കൊലപ്പെടുത്തി മകൾ

നീരജ് ശർമ തന്റെ മകനെ കോച്ചിങ് സെന്ററിൽ വിട്ടതിനുശേഷം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ, അതിവേഗത്തിലെത്തിയ മഹീന്ദ്ര സ്‌കോർപിയോ കാർ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു

സർക്കാർ ജോലിയും സ്വത്തും ലക്ഷ്യം! 7 ലക്ഷത്തിന്റെ ക്വട്ടേഷനിൽ അമ്മയെ കാറിടിച്ച് കൊലപ്പെടുത്തി മകൾ
സർക്കാർ ജോലിയും സ്വത്തും ലക്ഷ്യം! 7 ലക്ഷത്തിന്റെ ക്വട്ടേഷനിൽ അമ്മയെ കാറിടിച്ച് കൊലപ്പെടുത്തി മകൾ

ജയ്‌പൂർ: കുടുംബസ്വത്ത് തട്ടിയെടുക്കാനും അമ്മയുടെ സർക്കാർ ജോലി കൈക്കലാക്കാനുമായി ഏഴ് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി സ്വന്തം അമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ മകൾ പോലീസ് പിടിയിൽ. ജയ്‌പൂർ പ്രതാപ് നഗർ സ്വദേശിനിയായ ആയുഷി ശർമ (23) ആണ് അമ്മ നീരജ് ശർമയെ (45) വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. അമ്മയുടെ മരണം വെറുമൊരു വാഹനാപകടമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ പങ്കാളിയായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ജൂലൈ 3-നായിരുന്നു കൊലപാതകം നടന്നത്. നീരജ് ശർമ തന്റെ മകനെ കോച്ചിങ് സെന്ററിൽ വിട്ടതിനുശേഷം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ, അതിവേഗത്തിലെത്തിയ മഹീന്ദ്ര സ്‌കോർപിയോ കാർ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാറിന്റെ ശക്തമായ ഇടയിൽ ദൂരേക്ക് തെറിച്ചുവീണ നീരജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ ഡ്രൈവർ കാറുമായി അതിവേഗം പാഞ്ഞുപോവുകയും ചെയ്തു. ആദ്യം സാധാരണ ഒരു വാഹനാപകടമെന്നാണ് കരുതിയതെങ്കിലും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതോടെയാണ് പോലീസിന് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ കഴിഞ്ഞത്.

Also Read: ദോശയ്ക്ക് ചമ്മന്തി കൊടുത്തില്ല; തട്ടുകട അടിച്ചുതകർത്ത കാപ്പക്കേസ് പ്രതി പിടിയിൽ

നീരജിന്റെ ഭർത്താവ് ഒരു വർഷം മുൻപാണ് മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സർക്കാർ ജോലി നീരജിന് ലഭിച്ചിരുന്നു. അമ്മയെ വകവരുത്തിയാൽ ഈ ജോലി തനിക്ക് ലഭിക്കുമെന്നും കുടുംബസ്വത്ത് പൂർണ്ണമായി സ്വന്തമാക്കാമെന്നും മകൾ ആയുഷി കണക്കുകൂട്ടി. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി സ്വത്തിനെച്ചൊല്ലി അമ്മയും മകളും തമ്മിൽ കടുത്ത തർക്കത്തിലായിരുന്നു. അമ്മയെ ഇല്ലാതാക്കാൻ ആയുഷിയും അവളുടെ അമ്മാവനും മറ്റ് ചില ബന്ധുക്കളും ചേർന്നാണ് ക്രൂരമായ ഗൂഢാലോചന നടത്തിയത്. ഇതിനായി ഭരത്പൂർ സ്വദേശിയായ ഹേമന്ത് ശർമയ്ക്ക് 7 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു.

നീരജിനെ വധിക്കാൻ മുൻപൊരു തവണ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടർന്ന് ഒരു മാസത്തോളം നീരജിന്റെ കൃത്യമായ സമയവിവരങ്ങളും യാത്രാരീതികളും നിരീക്ഷിച്ച ശേഷമാണ് ജൂലൈ 3-ന് സ്‌കോർപിയോ കാർ ഉപയോഗിച്ച് ക്രൂരത നടപ്പാക്കിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നീരജിന്റെ സഹോദരൻ രാകേഷ് കുമാർ ശർമ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. മകൾ ആയുഷിയും ഭർത്തൃവീട്ടുകാരും ചേർന്ന് സ്വത്തിന്റെ പേരിൽ നീരജിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പലതവണ വധഭീഷണി മുഴക്കിയിരുന്നതായും സഹോദരൻ മൊഴി നൽകി. ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റുള്ളവർക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Share Email
Top