പോലീസ് കഥയ്ക്ക് പിന്നില്‍ വൈകാരികതലവുമായി ‘തലവന്‍’

പോലീസ് കഥയ്ക്ക് പിന്നില്‍ വൈകാരികതലവുമായി ‘തലവന്‍’

കഥ നടക്കുന്നത് മലബാറിലെ ഒരു ഗ്രാമത്തിലാണ്. ഒരു പോലീസ് കഥ എന്നതിലുപരി വൈകാരികമായ തലംകൂടി ആസ്വാദകര്‍ക്ക് മുന്നില്‍ തലവന്‍ കാഴ്ച്ചവെക്കുന്നുണ്ട്. അമ്പിനും വില്ലിനും അടുക്കാത്ത സി.ഐയും എസ്.ഐയുമാണ് മുഖ്യ കഥാപാത്രങ്ങള്‍. ഒരു കൊലപാതകക്കേസിനുപിന്നാലെ രണ്ട് വ്യത്യസ്ത വഴികളിലൂടെ ഇരുവരും സഞ്ചരിക്കുന്നതാണ് തലവന്റെ ഉള്ളടക്കം. ഒരു കൊലപാതകം നടക്കുന്നു. അതിനുപിന്നിലെ കുറ്റവാളിയാരെന്ന് പോലീസോ അന്വേഷണ ഏജന്‍സിയോ കണ്ടെത്തുന്നു. പൊതുവേ കുറ്റാന്വേഷണസിനിമകളില്‍ ജനപ്രിയമാര്‍ന്ന ഒരു രീതിയാണിത്. എന്നാല്‍ ഈ ശൈലിയില്‍ നിന്ന് ഒന്ന് മാറി നടക്കുന്നുണ്ട് തലവന്‍. സി.ഐ. ജയശങ്കര്‍, എസ്.ഐ കാര്‍ത്തിക് എന്നിവരാണ് സിനിമയിലെ നായകന്മാര്‍. ഇവര്‍ ആരാണെന്നും എന്താണ് ഇവരുടെ ജീവിത പശ്ചാത്തലമെന്നും കൃത്യമായി പറഞ്ഞശേഷമാണ് സിനിമ അതിന്റെ യഥാര്‍ത്ഥ ട്രാക്കിലേക്ക് കടക്കുന്നത്. രണ്ടുപേര്‍, രണ്ട് വ്യത്യസ്ത വഴികളിലൂടെ നടത്തുന്ന കേസന്വേഷണമായതുകൊണ്ട് ആരാദ്യം കുറ്റവാളിയിലേക്കെത്തും എന്ന ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇവര്‍ രണ്ടുപേരുടേയും സ്വഭാവ സവിശേഷതകള്‍ നേരത്തേ തന്നെ പറഞ്ഞുവെച്ചിട്ടുള്ളതിനാല്‍ ആ രീതിയിലുള്ള കൗതുകവും കഥാഗതിയിലുണ്ട്.

സി.ജയശങ്കറായി ബിജു മേനോനും എസ്.ഐ കാര്‍ത്തിക് ആയി ആസിഫ് അലിയും എത്തിയിരിക്കുന്നു. മുന്‍കോപവും വാശിയുമെല്ലാമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വേഷം ഇരുവരും മികച്ചതാക്കിയിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരാള്‍ കോട്ടയം നസീറാണ്. രഘു എന്ന, കണ്‍മുന്നില്‍ കണ്ടാല്‍ ഒറ്റയടി കൊടുക്കാന്‍ തോന്നുന്ന സിവില്‍ പോലീസ് ഓഫീസറുടെ വേഷം കുറ്റമറ്റതായി അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. റോഷാക്കിനുശേഷം കോട്ടയം നസീറിന് തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തലവനിലേത്. മിയ, അനുശ്രീ എന്നിവരുടെ വേഷങ്ങള്‍ നൊമ്പരപ്പെടുത്തും. ദിലീഷ് പോത്തന്‍, ടെസ്സ, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ്, രഞ്ജിത്ത് എന്നിവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവര്‍ തിരക്കഥാകൃത്തുക്കളെന്ന നിലയില്‍ മലയാള സിനിമയിലേക്കുള്ള തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്.

Top