നാട്ടിലേക്ക് പോകും മുൻപ് ഇത് ശ്രദ്ധിക്കൂ! ദുബായിൽ പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചിട്ടാൽ കനത്ത പിഴ; കർശന നിർദ്ദേശം

കൃത്യമായ പരിചരണമില്ലാതെ ദീർഘനാൾ വാഹനങ്ങൾ കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ദോഷകരമായി ബാധിക്കുമെന്നും അത്തരം വാഹന ഉടമകൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു

നാട്ടിലേക്ക് പോകും മുൻപ് ഇത് ശ്രദ്ധിക്കൂ! ദുബായിൽ പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചിട്ടാൽ കനത്ത പിഴ; കർശന നിർദ്ദേശം
നാട്ടിലേക്ക് പോകും മുൻപ് ഇത് ശ്രദ്ധിക്കൂ! ദുബായിൽ പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചിട്ടാൽ കനത്ത പിഴ; കർശന നിർദ്ദേശം

വാർഷിക അവധിക്കാലത്ത് വിദേശങ്ങളിലേക്കും നാട്ടിലേക്കും യാത്ര ചെയ്യുന്നവർ തങ്ങളുടെ വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ ഉപേക്ഷിച്ചു പോകരുതെന്ന് ദുബായ് നഗരസഭയുടെ കർശന മുന്നറിയിപ്പ്. കൃത്യമായ പരിചരണമില്ലാതെ ദീർഘനാൾ വാഹനങ്ങൾ കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ദോഷകരമായി ബാധിക്കുമെന്നും അത്തരം വാഹന ഉടമകൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് നഗരസഭ മുന്നോട്ട് വെക്കുന്നത്. വിജനമായ സ്ഥലങ്ങളിലും മണൽ പ്രദേശങ്ങളിലും പാർക്കിങ് ഒഴിവാക്കുക, സുരക്ഷിതമായ പാർക്കിങ് കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കുക, കൃത്യമായ ഇടവേളകളിൽ വാഹനം വൃത്തിയാക്കാൻ ആളുകളെ ഏർപ്പാടാക്കുക, പ്രൊട്ടക്റ്റീവ് കവറുകൾ ഉപയോഗിക്കുക, കൃത്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുക എന്നിവയാണവ. നഗരഭംഗി നിലനിർത്താൻ പരിശോധനാ സംഘങ്ങൾ വർഷം മുഴുവൻ സജീവമായി രംഗത്തുണ്ടാകും.

തുറസ്സായ സ്ഥലങ്ങളിലും പൊതു പാർക്കിങ്ങുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വാഹനങ്ങളിൽ ആദ്യഘട്ടത്തിൽ 3 മുതൽ 15 ദിവസത്തെ കാലാവധിയുള്ള മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ദുബായ് വാഹന ഉടമകൾക്ക് ആർടിഎ റെക്കോർഡുകൾ വഴി മൊബൈലിൽ സന്ദേശവും അയക്കും. എന്നിട്ടും വാഹനം മാറ്റിയില്ലെങ്കിൽ ഇവ എമിറേറ്റ്സ് പാർക്കിങ്ങുമായി സഹകരിച്ച് അൽ അവിറിലെ യാർഡിലേക്ക് മാറ്റും. ഇത്തരക്കാർക്ക് 500 ദിർഹം പിഴ ചുമത്തുന്നതിനൊപ്പം വാഹനം മാറ്റാനുള്ള അധിക ചെലവും യാർഡിലെ സൂക്ഷിപ്പ് ചാർജും ഉടമയിൽ നിന്ന് ഈടാക്കും. വാഹനത്തിന്റെ ഭാരവും സൂക്ഷിക്കുന്ന കാലാവധിയും അനുസരിച്ച് പിഴത്തുക ഇനിയും വർദ്ധിക്കുമെന്നും നഗരസഭ വ്യക്തമാക്കി.

Share Email
Top