അമേരിക്കൻ തിരഞ്ഞെടുപ്പിൽ തോറ്റത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി, പക്ഷേ പരിഹാസത്തിന്റെ വെടിയുണ്ടകൾ ചെന്നുകൊണ്ടിരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിലേക്കും! അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ മുന്നേറ്റത്തിന് പിന്നാലെ, പഴയൊരു ട്രംപ് പ്രസ്താവന വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ഇന്ത്യൻ സോഷ്യൽ മീഡിയ. ‘ഫ്രണ്ട് ഡൊണാൾഡിന് ഗ്യാനുവിനെ വേണം’ എന്ന തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയുടെ പരിഹാസക്കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അമേരിക്കയിൽ വോട്ടർ രജിസ്ട്രേഷൻ നടത്തുമ്പോൾ പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന സേവ് ആക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലായിരുന്നു ട്രംപിന്റെ പഴയ പരാമർശം. ഇന്ത്യയിലെ വോട്ടർ തിരിച്ചറിയൽ കാർഡ് സംവിധാനത്തെയും ഗ്യാനേഷ് കുമാറിനെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ അമേരിക്കൻ ഉദ്യോഗസ്ഥരോട് ചോദിച്ചതായും ട്രംപ് വെളിപ്പെടുത്തിയിരുന്നു.
ട്രംപിന്റെ പരാമർശം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് വക്താവ് പവൻ ഖേരയും പരിഹാസവുമായി രംഗത്തെത്തിയിരുന്നു. “ബഹുമാനപ്പെട്ട ട്രംപ്, ദയവായി ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ എസ്.ഐ.ആർ നടപടിയിലൂടെ 13 കോടി ആളുകൾ വോട്ടർപട്ടികയിൽനിന്ന് പുറത്തായെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ‘ടു സർ വിത്ത് ലവ്, ഫ്രം ഇന്ത്യ’ എന്ന കുറിപ്പോടെയുള്ള ഖേരയുടെ പ്രതികരണം. ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതോടെ ഈ പഴയ പരിഹാസവും വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
ട്രംപ് തോൽവി സമ്മതിച്ചതിന് പിന്നാലെ മഹുവ മൊയ്ത്രയും പരിഹാസം ആവർത്തിച്ചു. “ഫ്രണ്ട് ഡൊണാൾഡിന് ഗ്യാനുവിനെ വേണം…” (Fraand Doland needs Gyanu…) എന്നായിരുന്നു അവരുടെ കുറിപ്പ്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഗ്യാനേഷ് കുമാറിനെപ്പോലൊരാളുടെ സഹായം ട്രംപിന് ആവശ്യമായിരുന്നുവെന്ന പരിഹാസമാണ് ഇതിലൂടെ ഉന്നയിച്ചത്. “ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു” എന്ന് അഭിജിത് ദിപ്കെയും പ്രതികരിച്ചു.
ഇതിനിടെ ഇന്ത്യൻ ഇറാൻ എംബസിയും ട്രംപിനെതിരായ പരിഹാസത്തിൽ പങ്കുചേർന്നു. അമേരിക്കൻ പ്രസിഡന്റ് ബോധരഹിതനായി വീഴുന്നതും പിന്നീട് വൈറ്റ് ഹൗസിൽനിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് ‘അപകടകരമായ മാലിന്യം’ എന്നെഴുതിയ ചവറ്റുകൊട്ടയിൽ തള്ളുന്നതും ചിത്രീകരിക്കുന്ന വീഡിയോയാണ് എംബസി എക്സിൽ പങ്കുവെച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ട്രംപിനെതിരായ പരിഹാസങ്ങൾക്കൊപ്പം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള പഴയ വിവാദങ്ങളും വീണ്ടും സജീവമാകുകയാണ്.






