തായ്‌വാനും ചൈനയും തമ്മിലുള്ള പിരിമുറുക്കം ഇപ്പോൾ പുതിയ തലങ്ങളിലേക്കും വ്യാപിക്കുകയാണ്. ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്ക ശക്തമായിത്തന്നെ നിലനിൽക്കെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചൈന തായ്‌വാനിൽ തങ്ങളുടെ യുദ്ധക്കപ്പൽ സാന്നിധ്യം ഇരട്ടിയാക്കിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്തെ സുരക്ഷാ സ്രോതസ്സുകൾ പ്രതീക്ഷിച്ചത് പോലെ തന്നെ ചൈന തങ്ങളുടെ പടയൊരുക്കത്തിന്റെ മുന്നോടിയായാണ് ഈ സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്. വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യം തായ്‌വാനെ അതീവ ജാഗ്രതയിലാക്കിയിരിക്കുന്നു എന്ന് വേണം പറയാൻ.
തായ്‌വാൻ കടലിടുക്ക്, ബാഷി ചാനൽ, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ചൈനീസ് യുദ്ധക്കപ്പലുകൾ കണ്ടെത്തിയിട്ടുണ്ട്, ചില കപ്പലുകൾ തായ്‌വാൻ്റെ തീരപ്രദേശത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ വരെ മാത്രം അകലത്തിൽ തമ്പടിച്ചിരിക്കുന്നതായ റിപ്പോർട്ടുകളുമുണ്ട്. ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ, ആംഫിബിയസ് ആക്രമണ കപ്പലുകൾ തുടങ്ങിയ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഇതിനോടകം തന്നെ തായ്‌വാൻ അതിർത്തിയിൽ ദേശീയ പ്രതിരോധ മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുള്ളതാണ്.
Also Read: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് തിരശീല വീഴുമോ?
അതേ സമയം, ചൈനയോട് അവരുടെ ആക്രമണാത്മക നിലപാടിൽ അയവ് വരുത്താനും ഏകപക്ഷീയമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ അഭ്യർത്ഥിക്കുകയുണ്ടായി. നിലവിലെ സൈനികാഭ്യാസങ്ങൾ ചൈനയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിൽ യാതൊരു ബഹുമാനം നേടികൊടുക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷത്തിന്റെ ഏറ്റവും പുതിയ സംഭവവികാസമാണ് ഈ നീക്കം. ചൈനയുടെ കണ്ണിലാകട്ടെ അതിൻറെ വേറിട്ടുപോയ ഒരു പ്രവിശ്യമാത്രമാണ് തായ്‌വാൻ. ജോയിൻ്റ് വാൾ-സീരീസ് അഭ്യാസമുൾപ്പെടെ തായ്‌വാന് ചുറ്റും പതിവായി സൈനികാഭ്യാസങ്ങളും ചൈന നടത്തുന്നുണ്ട്.
ചൈന ഈ വർഷം തായ്‌വാനു ചുറ്റും രണ്ട് റൗണ്ട് സൈനിക അഭ്യാസങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. ഒന്ന് മെയ് മാസത്തിലും മറ്റൊന്ന് ഒക്ടോബറിലും. തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിങ് തെയുടെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെയാണ് മെയ് മാസത്തിലെ സൈനിക അഭ്യാസങ്ങൾ നടന്നത്, ഒക്ടോബരിലെ അഭ്യാസങ്ങളാകട്ടെ അദ്ദേഹത്തിൻ്റെ ദേശീയ ദിന പ്രസംഗത്തെ തുടർന്നും.
Also Read: പാരീസില്‍ ട്രംപും സെലന്‍സ്‌കിയും നേര്‍ക്കുനേര്‍, തന്ത്രങ്ങള്‍ നെയ്ത് മാക്രോണ്‍
തായ്‌വാനിലെ ഭരണമുന്നണിയായ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാർട്ടി വീണ്ടും അധികാരത്തിൽ എത്തിയത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. തായ്‌വാന് മേൽ ചൈന നടത്തുന്ന അവകാശവാദങ്ങളെ ശക്തിയുക്തം എതിർക്കുന്ന നേതാവാണ് നിയുക്ത പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ ലായ് ചിങ് തെ. പിന്നാലെ തന്നെ തായ്‌വാന് മുന്നറിയുപ്പമായി ചൈന സൈനിക നീക്കങ്ങൾ ആരംഭിക്കുകയും പ്രകോപനങ്ങളുടെ ഒരു പരമ്പര സൃഷ്ടിക്കുകയും ചെയ്തിരുന്നു.
സ്ഥിതിഗതികൾ അസ്ഥിരമായി തുടരുന്ന സാഹചര്യമായതിനാൽ തന്നെ തായ്‌വാൻ അതിർത്തിയിലെ ചൈനയുടെ പ്രവർത്തനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. ഇതിനിടെ ചൈനയുടെ അക്രമണത്തിനെ ചെറുക്കുന്നതിനായി അമേരിക്ക യുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള നീക്കമാണ് തായ്‌വാൻ നടത്തുന്നത്.
“വിഘടനവാദി” എന്ന് വിളിക്കുന്ന തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിങ് തെയോട് ചൈനയ്ക്ക് കടുത്ത അനിഷ്ടമുണ്ട്. പസഫിക് പര്യടനത്തിനിടെ പ്രസിഡൻറ് ലായ് ചിങ് തെ അമേരിക്കൻ പ്രദേശങ്ങളായ ഹവായ്, ഗുവാം എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ചൈന അസ്വസ്ഥരാണ്. അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെയും ചൈന ശക്തമായി എതിർത്തിരുന്നു. അമേരിക്കൻ കപ്പലുകൾക്ക് പുറമെ ബ്രിട്ടൺ, കാനഡ തുടങ്ങിയ സഖ്യരാജ്യങ്ങളിൽ നിന്നുള്ളവരുമെല്ലാം പതിവായി കടലിടുക്കിലൂടെ സഞ്ചരിച്ചതുമെല്ലാം ചൈനയുടെ രോക്ഷത്തിന് കാരണമായിരുന്നു. ചൈന സ്വന്തം പ്രദേശമായി കരുതുന്ന തായ്‌വാനോടുള്ള അമേരിക്കൻ പിന്തുണയുടെ ബാക്കിയായാണ് ലായ് ചിങ് തെയുടെ പര്യടനത്തെ ചൈന കാണുന്നത്. ഇതിനു പിന്നാലെയാണ് തായ്‌വാൻ അതിർത്തിയിലെ ചൈനയുടെ യുദ്ധക്കപ്പൽ പ്രവർത്തനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നത്.
Also Read: ഒരു തീയും പുനർജന്മവും, നോട്രെ ഡാം കത്തീഡ്രലിൻ്റെ ചരിത്ര വഴിയേ…
ഇതിനോടകം 14 കപ്പലുകളാണ് പ്രദേശത്ത് പ്രവർത്തിക്കുന്നത് , കഴിഞ്ഞ ദിവസം ഇത് 8 ആയിരുന്നു. തായ്‌വാൻ കടലിടുക്കിന് മുകളിലൂടെ നാല് ചൈനീസ് ബലൂണുകൾ പറന്നതായും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു, ബലൂണുകളിൽ ഒന്ന് തായ്‌വാൻ വ്യോമാതിർത്തിയിലേക്ക് കടന്നിരുന്നു.
ഹ്സിഞ്ചുവിനു വടക്ക് 45 നോട്ടിക്കൽ മൈൽ അകലെയായും, തായ്‌വാനീസ് വ്യോമസേനാ താവളമുള്ള നഗരത്തിലും, മറ്റൊരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന പെൻഗു ദ്വീപുകളുടെ വടക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് ഈ ബലൂണുകൾ കണ്ടെത്തിയിട്ടുള്ളത്. ഇത്തരം നീക്കങ്ങളുടെ അവയുടെ വർദ്ധിച്ചുവരുന്ന ആവൃത്തിയും ദ്വീപിൻ്റെ സമീപത്തെ യുദ്ധക്കപ്പലുകളുടെ സാമീപ്യവും ചാരപ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്ക തായ്‌വാൻ സർക്കാരിൽ ഉയർത്തിയിട്ടുണ്ട്.
സുരക്ഷാ വൃത്തങ്ങൾ പറയുന്നത് പ്രകാരം, ഒരു യുദ്ധ നീക്കം നടത്താനുള്ള ചൈനയുടെ തീരുമാനത്തിൽ കാലാവസ്ഥാ സാഹചര്യങ്ങൾ പോലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കടലിടുക്കിലെ മോശം കാലാവസ്ഥ ഒരു പക്ഷെ ചൈനയുടെ പദ്ധതികളെ തന്നെ ബാധിച്ചേക്കാം.
Also Read: അമേരിക്കയില്‍ ‘മാപ്പ് തരംഗം’; ട്രംപ് വിരോധികള്‍ക്കും ആശ്വാസം
വിദേശ രഹസ്യാന്വേഷണം, കൗണ്ടർ ഇൻ്റലിജൻസ്, ആഭ്യന്തര സുരക്ഷ എന്നിവയുടെ ഉത്തരവാദിത്തമുള്ള ശക്തവും രഹസ്യാത്മകവുമായ രഹസ്യാന്വേഷണ ഏജൻസിയാണ് ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം. ചൈനയ്‌ക്കകത്തും വിദേശത്തും ഏജൻസിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശസ്തിയാർജ്ജിതാണ്. ക്രോസ്-സ്ട്രെയിറ്റ് ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ, തായ്‌വാനിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിലും പ്രതികരിക്കുന്നതിലും ചൈനയുടെ പ്രതിരോധ ശ്രമങ്ങളിലും ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെ, സൈനിക മാർഗങ്ങളിലൂടെ സ്വാതന്ത്ര്യം നേടാനും അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള തായ്‌വാൻ പ്രധാന മന്ത്രിയുടെ ശ്രമങ്ങൾ പരാജയപ്പെടുമെന്ന് പ്രസ്താവിച്ച് കൊണ്ട് തായ്‌വാൻ പ്രസിഡൻ്റ് ലായ്‌ക്കെതിരെ ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ശക്തമായി തന്നെ രംഗത്തെത്തുകയുണ്ടായി. തായ്‌വനോടുള്ള ചൈനയുടെ ദീർഘകാല എതിർപ്പും ആത്യന്തികമായി ദ്വീപിനെ ചൈനയുടെ ഭൂപ്രദേശമാക്കി വീണ്ടും ഒന്നിപ്പിക്കാനുള്ള ആഗ്രഹവും ഈ പ്രസ്താവന പ്രതിഫലിപ്പിക്കുന്നു.