‘ടോക്സിക്കി’ലെ ആദ്യ ഗാനം ‘തബാഹി’ പുറത്ത്

കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ അഞ്ചു ഭാഷകളിലായി റിലീസ് ചെയ്ത ‘തബാഹി’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്

‘ടോക്സിക്കി’ലെ ആദ്യ ഗാനം ‘തബാഹി’ പുറത്ത്
‘ടോക്സിക്കി’ലെ ആദ്യ ഗാനം ‘തബാഹി’ പുറത്ത്

റോക്കി ഭായ് യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്കിലെ’ ആദ്യ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ അഞ്ചു ഭാഷകളിലായി റിലീസ് ചെയ്ത ‘തബാഹി’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വിശാൽ മിശ്ര സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനത്തിൽ കിയാര അദ്വാനിയുടെയും യാഷിന്റെയും ഇതുവരെ കാണാത്ത തരത്തിലുള്ള അതീവ ബോൾഡ് റൊമാൻസ് രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കിയാരയുടെ ഗ്ലാമറസ് ലുക്കും ഇരുവരും തമ്മിലുള്ള തകർപ്പൻ കെമിസ്ട്രിയും ഇതിനോടകം തന്നെ ആരാധകരുടെ വലിയ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. മലയാളത്തിൽ റഫീഖ് അഹമ്മദാണ് ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത്. നയൻതാര, താര സുതാരിയ എന്നിവരും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് യാഷ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻപ് റിലീസ് ചെയ്ത സിനിമയുടെ പ്രൊമോ ടീസറിൽ സ്ത്രീകൾക്കെതിരെയുള്ള ചില രംഗങ്ങൾ ഉൾപ്പെടുത്തിയത് വലിയ രീതിയിലുള്ള വിവാദങ്ങൾക്കും സംവിധായിക ഗീതു മോഹൻദാസിനെതിരെയുള്ള വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ആദ്യമായിട്ടാണ് യാഷ് തന്റെ കരിയറിൽ ഇത്രയും കടുത്ത റൊമാന്റിക്-ബോൾഡ് രംഗങ്ങളിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ‘തബാഹി’ക്കുണ്ട്. ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് യാഷും ഗീതുവും ചേർന്നാണ്.

Also Read: ‘ജി.ഡി. നായിഡുവിന്റെ ജീവിതം പാഠപുസ്തകത്തിൽ ചേർത്താൽ ചിത്രം വിജയിച്ചു’; പ്രതീക്ഷ പങ്കുവെച്ച് ആർ. മാധവൻ

ദേശീയ അവാർഡ് ജേതാക്കളായ വലിയൊരു അണിയറപ്രവർത്തക നിര തന്നെയാണ് ചിത്രത്തിന് പിന്നിലുള്ളത്. രാജീവ് രവി ഛായാഗ്രഹണവും, രവി ബസ്രൂർ സംഗീതവും, ഉജ്വൽ കുൽക്കർണി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ജെജെ പെറിക്കൊപ്പം അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന യാഷിന്റെ 19-ാമത്തെ ചിത്രമായ ‘ടോക്സിക്’, ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ടാഗ് ലൈനോടെ ഓഗസ്റ്റ് 26-ന് തിയറ്ററുകളിലെത്തും.

Share Email
Top