വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സി.പി.എമ്മിനുള്ളിൽ യാതൊരുവിധ ഭിന്നതയുമില്ലെന്ന് മുതിർന്ന നേതാവ് ടി.പി. രാമകൃഷ്ണൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എം.എസ്.സി കമ്പനിക്ക് കരാർ നൽകുന്നതിലല്ല പാർട്ടിയുടെ എതിർപ്പെന്നും, മറിച്ച് സർക്കാരിന്റെ കൃത്യമായ അറിവോടും അനുമതിയോടും കൂടി വേണമായിരുന്നു ഇത് ചെയ്യാനെന്നുമാണ് പാർട്ടിയുടെ നിലപാട്. വിഴിഞ്ഞം പദ്ധതിക്ക് പാർട്ടി എതിരല്ലെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളിലാണ് പ്രശ്നമെന്നും വ്യക്തമാക്കിയ അദ്ദേഹം, ഓഹരി കൈമാറ്റത്തെ അനുകൂലിച്ച് ഇ.പി. ജയരാജൻ നടത്തിയ പ്രതികരണം താൻ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കിടയിൽ പരസ്യമായ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. അതൃപ്തി നിലനിൽക്കുമ്പോഴും ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ തങ്ങളുടെ നിലപാടിൽ മാറ്റമില്ലാതെ ഉറച്ചുനിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.






