റഷ്യന്‍ സൈന്യം സിറിയ വിടരുത് എന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സിറിയന്‍ ഭരണം അട്ടിമറിയിലൂടെ പിടിച്ചെടുത്ത വിമത സംഘമാണ്. സിറിയന്‍ പ്രദേശത്ത് കടന്ന് കയറി അധിനിവേശം നടത്തിയ ഇസ്രയേല്‍ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് സിറിയയില്‍ ഉണ്ടായിരിക്കുന്നത്. റഷ്യന്‍ സൈനിക താവളങ്ങള്‍ ഒഴികെയുള്ള മിക്ക പ്രദേശങ്ങളിലും ആക്രമണം നടത്തിയ ഇസ്രയേല്‍ വ്യോമസേന രണ്ട് ദിവസത്തില്‍ മാത്രം നടത്തിയിരിക്കുന്നത് 480 ആക്രമണങ്ങളാണ്. ഇപ്പോഴും അവര്‍ ആ ആക്രമണം തുടരുകയാണ്. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയ വിട്ടശേഷമാണ് ഇസ്രയേല്‍ തനിസ്വഭാവം കാണിച്ചിരിക്കുന്നത്. അസദ് ഭരണത്തെ അട്ടിമറിക്കാന്‍ വിമതര്‍ക്ക് പണവും ആയുധവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കിയിരുന്നത് അമേരിക്ക, ഇസ്രയേല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ്. ഇക്കാര്യത്തില്‍ മൊസാദും സിഐഎയും വഹിച്ച പങ്ക് എടുത്ത് പറയേണ്ടതു തന്നെയാണ്.
‘തങ്ങളെ അധികാരത്തില്‍ കയറ്റുക എന്നതിനപ്പുറം മഹത്തായ പാരമ്പര്യമുള്ള സിറിയയെ പല കഷ്ണങ്ങളായി വിഭജിച്ച് തകര്‍ക്കുക എന്ന അജണ്ട’ ഇസ്രയേലിനും അമേരിക്കയ്ക്കും ഉണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം വളരെ വൈകിയാണ് വിമത സേന തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യമാണ് റഷ്യന്‍ സൈന്യത്തെ ആശ്രയിക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. റഷ്യന്‍ സൈന്യം സിറിയ വിട്ടാല്‍ ഇസ്രയേല്‍ എളുപ്പത്തില്‍ സിറിയന്‍ ഭരണവും പിടിക്കുമെന്ന ഭീതിയും ഇപ്പോള്‍ വിമതര്‍ക്കുണ്ട്. ഇതിന് മുന്നോടിയായാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ ആക്രമണ പരമ്പര നടത്തുന്നതെന്നാണ് അവര്‍ കരുതുന്നത്.
വിമാനവേധ ആയുധങ്ങള്‍, മിസൈല്‍ ഡിപ്പോകള്‍, വ്യോമതാവളങ്ങള്‍, ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ സിറിയന്‍ സൈന്യത്തിന്റെ എല്ലാ മേഖലയും ഇസ്രയേല്‍ തകര്‍ത്ത് തരിപ്പണമാക്കി കഴിഞ്ഞു. ഡമാസ്‌കസ്, ഹോംസ്, ലതാകിയ തുടങ്ങിയ നഗരങ്ങളിലും കനത്ത ആക്രമണമാണ് നടന്നിരിക്കുന്നത്.
സുരക്ഷയ്ക്കായാണ് സിറിയയുടെ ആയുധശേഖരവും കപ്പലുകളും തകര്‍ത്തതെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇസ്രയേല്‍ നാവികസേന നടത്തിയ ആക്രമണത്തില്‍ സിറിയന്‍ നാവികസേനയുടെ 15 കപ്പലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇസ്രയേല്‍ ഡമാസ്‌കസിലടക്കം ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുനു ആക്രമണം.
Also Read: ദക്ഷിണ കൊറിയയിൽ ഭരണമാറ്റം, കൂട്ടിന് അമേരിക്കയുടെ ഉറപ്പ്
ഡിസംബര്‍ 14 നും 15നും ആക്രമണം തുടര്‍ന്ന ഇസ്രയേല്‍ സിറിയയിലെ പര്‍വതത്തിന് അടിയിലായുള്ള റോക്കറ്റ് സംഭരണ കേന്ദ്രത്തിലടക്കം ആക്രമണം നടത്തിയിട്ടുണ്ട്. സിറിയയുടെ ആയുധ ശേഷിയുടെ 90 ശതമാനവും തകര്‍ത്തതായാണ് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് ഏത് നിമിഷവും ഇസ്രയേല്‍ സൈന്യം നീങ്ങുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇതോടെയാണ് ഇസ്രയേലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ നിലവിലെ സിറിയന്‍ ഭരണകൂടവും നിര്‍ബന്ധിതമായിരിക്കുന്നത്. സിറിയന്‍ വിമതസേനയായ എച്ച്ടിഎസ് തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി സിറിയയില്‍ ഇനി വ്യോമാക്രമണം നടത്താന്‍ ഇസ്രയേലിന് ന്യായീകരണമൊന്നുമില്ലെന്നാണ് തുറന്നടിച്ചിരിക്കുന്നത്.
‘ഇസ്രയേല്‍ സിറിയയില്‍ നടത്തിയ ആക്രമണങ്ങള്‍ എല്ലാവിധ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണ്. ആക്രമണം ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സിറിയന്‍ പരമാധികാരത്തെ മാനിക്കണമെന്നും’ ജുലാനി ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാന്‍ നയതന്ത്ര പരിഹാരങ്ങളാണ് വേണ്ടത്. സിറിയന്‍ മണ്ണിലേക്കുള്ള ഇസ്രയേല്‍ സൈനികാധിനിവേശം അത്യന്തം അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രയേലുമായുള്ള ദീര്‍ഘകാല സംഘര്‍ഷം രാജ്യത്തെ വീര്‍പ്പുമുട്ടിച്ചിരിക്കെ പുതിയ ഏറ്റുമുട്ടലിന് താല്‍പര്യമില്ലെന്നും എച്ച്.ടി.എസ് തലവന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇസ്രയേല്‍ ആക്രമണത്തില്‍ സിറിയയിലെ വിമത സേനയും പകച്ച് നില്‍ക്കുകയാണെന്നത് ജുലാനിയുടെ പ്രതികരണത്തില്‍ നിന്നു തന്നെ വ്യക്തമാണ്.
അതേസമയം, എച്ച്ടിഎസ് തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനിക്ക് ഇസ്രയേല്‍ ഒരു സന്ദേശമയച്ചതായ വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. മൂന്ന് കക്ഷികള്‍ വഴിയാണ് സന്ദേശം എത്തിച്ചിട്ടുള്ളത്. ഇസ്രയേലിന്റെ അതിര്‍ത്തിയിലേക്കും ഇസ്രയേല്‍ പിടിച്ചെടുത്ത സിറിയന്‍ പ്രദേശങ്ങളിലേക്കും വിമത സേന വരരുതെന്നാണ് സന്ദേശത്തിന്റെ പ്രധാന ഉള്ളടക്കം. എച്ച്ടിഎസ് അതിര്‍ത്തിയിലേക്ക് വരികയാണെങ്കില്‍ ഇസ്രയേല്‍ സൈന്യം തക്കതായ മറുപടി നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേലി മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബറാക് റേവിഡാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിറിയയിലെ വിവിധ സംഘങ്ങളുമായി ഇസ്രയേലിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വടക്കന്‍ ഭാഗത്തുള്ള കുര്‍ദിഷ് വിഭാഗം, സിറിയന്‍ ഗോലാന്‍ കുന്നുകളിലെ ദുറൂസ് വിഭാഗം എന്നിവരുമായെല്ലാം അടുത്ത ബന്ധമാണ് ഇസ്രയേലിനുള്ളതെന്നും ബറാക് വ്യക്തമാക്കുന്നു.
അസദ് സര്‍ക്കാരിനെ വീഴ്ത്താന്‍ സിറിയന്‍ വിമതരെ സഹായിച്ച ഇസ്രയേല്‍ യഥാര്‍ത്ഥത്തില്‍ അവരെ പറ്റിക്കുകയായിരുന്നു എന്നത് ഇസ്ലാമിക- അറബ് രാജ്യങ്ങളും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിറിയയുടെ അതിര്‍ത്തി ഭദ്രമാക്കാനും ഐക്യം ഉറപ്പാക്കാനും അടിയന്തര നടപടി വേണമെന്നാണ് ജോര്‍ദാനില്‍ ചേര്‍ന്ന യോഗത്തില്‍ അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ദാനില്‍ ചേര്‍ന്ന സിറിയന്‍ ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങള്‍ ഇസ്രയേലിന്റെ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നത്. ഗോലാന്‍ കുന്നുകളോട് ചേര്‍ന്ന ബഫര്‍ സോണില്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശം സിറിയയുടെ പരമാധികാരത്തിനു നേര്‍ക്കുള്ള ഭീഷണിയാണെന്ന് സൗദി അറേബ്യ, ജോര്‍ദാന്‍, ലെബനന്‍, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളും കുറ്റപ്പെടുത്തിയിട്ടുണ്ട്.
റഷ്യന്‍ സൈന്യം സിറിയ വിടുന്ന നിമിഷം സിറിയയിലെ ഭരണം ഇസ്രയേല്‍ പിടിക്കുമെന്ന മുന്നറിയിപ്പും വിമത സര്‍ക്കാരിന് അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് റഷ്യന്‍ സൈന്യം തുടരണമെന്ന ആവശ്യം വിമത സേന മുന്നോട്ട് വെച്ചിരിക്കുന്നത്. സിറിയയില്‍ നിന്നും പലായനം ചെയ്ത പ്രസിഡന്റ് അസദിന് അഭയം നല്‍കിയ റഷ്യയോട് പകയോടെയുള്ള ഒരു പെരുമാറ്റം ഇതുവരെ വിമത സേനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വിമത സേന റഷ്യന്‍ സൈനിക താവളങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ആധിപത്യം സ്ഥാപിച്ചപ്പോഴും റഷ്യന്‍ സൈനിക താവളത്തിന് സമീപം പോകാന്‍ പോലും തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ കര്‍ക്കശ നിര്‍ദ്ദേശം വിമത സേന തലപ്പത്ത് നിന്ന് തന്നെ അണികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
അസദിനെ സംരക്ഷിച്ചു നിര്‍ത്താന്‍ സൈനികമായി റഷ്യ ശ്രമിക്കാതിരുന്നത് തന്നെ, സിറിയയിലെ ജനവികാരം തിരിച്ചറിഞ്ഞാണ്. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നതും വിമത സേനയ്ക്ക് തന്നെയാണ്. അതല്ലായിരുന്നു എങ്കില്‍ അവര്‍ക്ക് സിറിയന്‍ ഭരണം പിടിക്കാന്‍ കഴിയുമായിരുന്നില്ല. 60,000 – സൈനികര്‍ ഇപ്പോഴും സിറിയയിലെ റഷ്യന്‍ താവളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ മേഖലയില്‍ റഷ്യന്‍ ആണവ കപ്പല്‍ ഉള്‍പ്പെടെ തമ്പടിച്ചിട്ടുമുണ്ട്. ഇതിന്റെ പരിസരത്ത് പോലും പോകാതെയാണ് ഇസ്രയേല്‍ സൈന്യം സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നത്.
ഇസ്രയേല്‍ എന്ന പൊതു ശത്രുവിന്റെ ഭീഷണി ചെറുക്കാന്‍ റഷ്യയുമായും ഇറാനുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യമാണ് ഇസ്ലാമിക – അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഗാസയിലും ലെബനനിലും സിറിയയിലും ആക്രമണം നടത്തിയ ഇസ്രയേല്‍ മറ്റ് ഇസ്ലാമിക – അറബ് രാജ്യങ്ങളെയും സമീപ ഭാവിയില്‍ തന്നെ ലക്ഷ്യമിടുമെന്ന ഭയം അവര്‍ക്കുണ്ട്. ഇസ്രയേല്‍ അമേരിക്കന്‍ സഖ്യകക്ഷിയായതിനാല്‍ ഇക്കാര്യത്തില്‍ അമേരിക്കയെ വിശ്വാസത്തിലെടുക്കാനും ഇസ്ലാമിക രാജ്യങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഇവിടെയാണ് റഷ്യ എന്ന രാജ്യം പ്രസക്തമാകുന്നത്. യുക്രെയിന്‍ യുദ്ധത്തില്‍ കൂടി വിജയിച്ച് വരുന്നതോടെ റഷ്യ വേറെ ലെവലില്‍ എത്തുമെന്നാണ് ഇസ്ലാമിക – അറബ് രാജ്യങ്ങള്‍ കരുതുന്നത്. ഇപ്പോള്‍ തന്നെ, ഇറാന്‍, യു.എ.ഇ ഉള്‍പ്പെടെ റഷ്യയുമായി വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ബ്രിക്‌സില്‍ അംഗമാകാന്‍ താല്‍പ്പര്യപ്പെട്ട് നാറ്റോ സഖ്യരാജ്യമായ തുര്‍ക്കിയും രംഗത്തുണ്ട്.
റഷ്യയുടെ കവചമുണ്ടെങ്കില്‍ തീര്‍ച്ചയായും സിറിയക്ക് എളുപ്പത്തില്‍ ഇസ്രയേലിന്റെ ഭീഷണി അതിജീവിക്കാന്‍ കഴിയും. ഇപ്പോള്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് സിറിയയിലെ റഷ്യന്‍ താവളങ്ങളില്‍ തുടരുന്ന സൈനികര്‍ക്ക് റഷ്യയില്‍ നിന്നും സിറിയക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവ് ലഭിച്ചാല്‍ പിന്നെ സിറിയയിലെ പിടിച്ചെടുത്ത ഭൂമിയും തിരികെ നല്‍കി ഇസ്രയേല്‍ സൈന്യത്തിന് പിന്‍തിരിയേണ്ടി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി സമ്മര്‍ദ്ദം ശക്തമായതോടെ സിറിയയിലെ പുതിയ ഭരണകൂടവും നിലപാട് മാറ്റി തുടങ്ങിയിട്ടുണ്ട്. റഷ്യയുമായി സിറിയയ്ക്ക് തുടര്‍ന്നും നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് എച്ച്ടിഎസ് ഗ്രൂപ്പിന്റെ തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി ഇപ്പോള്‍ പറയുന്നത്. ഇസ്താംബൂള്‍ ആസ്ഥാനമായുള്ള സിറിയ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം പരസ്യമായി നടത്തിയിരിക്കുന്നത്.റഷ്യയെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കാന്‍ സിറിയന്‍ നേതൃത്വം ശ്രദ്ധിക്കുന്നുണ്ടെന്നും അല്‍ ജുലാനി വ്യക്തമാക്കുകയുണ്ടായി.
Also Read: വാളെടുത്തവര്‍ വാളാല്‍, ലോകത്തെ ഞെട്ടിച്ച് അമേരിക്കയുടെ മനംമാറ്റം
‘പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ സിറിയയുമായുള്ള ബന്ധം പുനഃപരിശോധിക്കാനുള്ള അവസരം’ റഷ്യയ്ക്ക് നല്‍കാന്‍ പുതിയ സിറിയന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ജുലാനി പറഞ്ഞു. സിറിയയില്‍ റഷ്യയുടെ സാന്നിധ്യവും അതിന്റെ പ്രാതിനിധ്യവും നിലനിര്‍ത്തുന്നതിനെക്കുറിച്ച്’ റഷ്യയും സിറിയന്‍ പോരാളികളും തമ്മില്‍ സജീവമായ ചര്‍ച്ചകള്‍ തുടരുകയാണ്. റഷ്യന്‍ സൈനിക താവളം തുടരണമെന്ന അഭ്യര്‍ത്ഥന സിറിയന്‍ ഭരണകൂടം മുന്നോട്ട് വെച്ചതായാണ് സൂചന. 2017 ല്‍ റഷ്യയും സിറിയയും ഉണ്ടാക്കിയ കരാര്‍ പ്രകാരം സിറിയയിലെ തന്ത്രപ്രധാനമായ താവളങ്ങളില്‍ 49 വര്‍ഷത്തേക്ക് റഷ്യന്‍ സൈനികരെ നിലയുറപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ കരാര്‍ തുടരാന്‍ തയ്യാറാണെന്നതാണ് പുതിയ സിറിയന്‍ സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് റഷ്യയാണ്.
റഷ്യയെയും ഇറാനെയും പ്രതിരോധത്തിലാക്കാന്‍ സിറിയയില്‍ പുതിയ പോര്‍മുഖം തുറക്കാന്‍ ഇടപെട്ട പാശ്ചാത്യ ശക്തികള്‍ക്ക് പുതിയ സംഭവവികാസങ്ങള്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. റഷ്യയുമായി പുതിയ കരാറില്‍ സിറിയന്‍ ഭരണകൂടം എത്തിയാല്‍ സിറിയയില്‍ നിന്നും ഇസ്രയേല്‍ കൈവശപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ തുരത്താന്‍ സാക്ഷാല്‍ റഷ്യന്‍ സൈന്യം തന്നെയാണ് രംഗത്തിറങ്ങുക. അതാകട്ടെ, വ്യക്തവുമാണ്.
Express View
വീഡിയോ കാണാം