ഡമാസ്കസ്: സിറിയയെ ഒരു താവളമാക്കി ഇസ്രയേലിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് സിറിയയിൽ ബശ്ശാറുൽ അസദിനെ പുറത്താക്കി ഭരണം പിടിച്ച എച്ച്.ടി.എസ് തലവൻ അബു മുഹമ്മദ് അൽ ജുലാനി. ‘ദി ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് ജുലാനി ഇക്കാര്യം വ്യക്തമാക്കിയത്. അസദ് ഭരണകാലത്ത് സിറിയക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ പാശ്ചാത്യരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
‘ഇസ്രയേലിനോ മറ്റേതെങ്കിലും രാജ്യത്തിനോ എതിരായ ആക്രമണത്തിനുള്ള താവളമായി സിറിയയെ ഉപയോഗിക്കാൻ അനുവദിക്കില്ല. സിറിയയിലെ വ്യോമാക്രമണം ഇസ്രയേൽ അവസാനിപ്പിക്കണം. ആക്രമിക്കാനുള്ള ഇസ്രയേലിന്‍റെ ന്യായീകരണം ഹിസ്ബുള്ളയുടെയും ഇറാൻ പിന്തുണയുള്ള പോരാളികളുടെയും സാന്നിധ്യമായിരുന്നു. എന്നാലിപ്പോൾ ആ ന്യായീകരണം ഇല്ലാതായി. അസദ് പലായനം ചെയ്ത ശേഷം പിടിച്ചെടുത്ത പ്രദേശത്തുനിന്ന് പിൻമാറണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു’.
Also Read : പാശ്ചാത്യ ശക്തികളെ നിലയ്ക്ക് നിര്‍ത്താന്‍ റഷ്യയുടെ ‘പുതിയ കളി’
ഇസ്രയേലുമായി ഏറ്റമുട്ടലിനില്ലെന്ന് നേരത്തെയും ജൂലാനി വ്യക്തമാക്കിയതാണ്. രാജ്യത്തിന്‍റെ പുനർനിർമാണത്തിനാണ് പ്രഥമ പരിഗണനയെന്നും കൂടുതൽ നാശമുണ്ടാക്കുന്ന സംഘർഷങ്ങളിലേക്ക് സിറിയയെ വലിച്ചിഴക്കാൻ തനിക്ക് യാതൊരു ഉദ്ദേശ്യമില്ലെന്നും ജുലാനി പറഞ്ഞിരുന്നു.