പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥ കൂടുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഇസ്രയേലും ഇറാനും പലസ്തീനുമെല്ലാം യുദ്ധഭീതിയില്‍ കഴിയുന്നതിനിടെയാണ് ഇപ്പോള്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം കടുക്കുന്നത്. അര നൂറ്റാണ്ടിലേറെ ഭരണപാരമ്പര്യമുള്ള ബഷാര്‍ വംശത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാനാണ് ഇപ്പോള്‍ ഇസ്ലാമിസ്റ്റ് വിമതരുടെ ശ്രമം. ഇവരുടെ ശ്രമം പകുതിയിലേറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സിറിയയെയും വിമതരെയും അനുകൂലിച്ച് ലോകരാഷ്ട്രങ്ങളും രംഗത്തെത്തിയതോടെ സിറിയയിലെ ജനങ്ങളും ഭീതിയിലാണ്.
ഇതിനിടെ, സിറിയയില്‍ ബഷാര്‍ ഭരണകൂടത്തിനെതിരെയുള്ള വിമതരുടെ പോരാട്ടം കനക്കുന്നതിനിടെ ഇന്ത്യയിലെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാരും രംഗത്ത് വന്നു. സിറിയയിലെ സ്ഥിതി അതീവഗുരുതരമാണെന്നും ‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും’ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Also Read: അമേരിക്കയുടെ ഇരട്ടി പ്രകൃതിവിഭവം റഷ്യയിൽ, യുക്രെയിന് ശേഷം അടുത്ത യുദ്ധം ആർട്ടിക് മേഖലയിൽ
അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറും ഇമെയില്‍ ഐഡിയും പങ്കിട്ട പ്രസ്താവനയില്‍, നിലവില്‍ സിറിയയിലുള്ള എല്ലാ ഇന്ത്യക്കാരോടും ‘ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍’ വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സിറിയയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്
റഷ്യയും ഇറാന്‍ പിന്തുണയുള്ള ബഷാര്‍ അല്‍-അസാദ് ഭരണകൂടവും തുര്‍ക്കിയുടെ പിന്തുണയുള്ള ഇസ്ലാമിസ്റ്റ് വിമത ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ സിറിയയയില്‍ നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രാഷ്ട്രീയ അരക്ഷിതാവസ്ഥയിലാണ് രാജ്യം . പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് വിമത സേന കഴിഞ്ഞയാഴ്ച സിറിയയിലുടനീളം മിന്നല്‍ ആക്രമണം നടത്തി. വിമതര്‍ സിറിയയിലെ പ്രധാന പട്ടണങ്ങളെല്ലാം പിടിച്ചെടുത്ത് കഴിഞ്ഞു.

Also Read: ബസ്സാര്‍ ഭരണകൂടം താഴെ വീഴുമോ? സിറിയയിലെ ഹമ പിടിച്ചെടുത്ത് വിമതര്‍
ഇസ്ലാമിസ്റ്റ് വിമതരുടെ ആക്രമണം വളരെ വേഗത്തിലായിരുന്നു, സിറിയയിലെ രണ്ടാമത്തെ നഗരമായ അലപ്പോയും തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്ന ഹമയും ഇതിനകം പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിന്റെ നിയന്ത്രണത്തില്‍ നിന്ന് വീണുകഴിഞ്ഞു. 2011ല്‍ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇത് സംഭവിക്കുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ബഷാര്‍ അല്‍ അസാദിന്റെ വംശമാണ് സിറിയ ഭരിക്കുന്നത്. എന്നാല്‍, വിമതര്‍ ഹോംസ് നഗരം പിടിച്ചെടുക്കുകയാണെങ്കില്‍, അത് ബഷാര്‍ അസാദിന്റെ ഭരണകൂടത്തിനേറ്റ ഏറ്റവും പ്രധാന തോല്‍വിയായിരിക്കും. അങ്ങനെയെങ്കില്‍ സിറിയയുടെ ഭരണസിരാകേന്ദ്രം വിമത പോരാളികള്‍ തമ്പടിച്ചിരിക്കുന്ന ഡമാസ്‌കസിലേയ്ക്ക് മാറുമെന്നുമാണ് വിലയിരുത്തല്‍.
ആരാണ് ഇതിന് പിന്നില്‍?
ഹയാത്ത് തഹ്രീര്‍ അല്‍-ഷാം അല്ലെങ്കില്‍ എച്ച്ടിഎസ് വിമത സഖ്യത്തിന്റെ നേതാവ് അബു മുഹമ്മദ് അല്‍-ജൊലാനിയാണ് ഇപ്പോള്‍ സിറിയയിലേയ്ക്ക് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ഈ ആക്രമണത്തിന്റെ ലക്ഷ്യം ബാഷര്‍ അല്‍-അസാദിനെ അട്ടിമറിച്ച് സിറിയയിലെ അദ്ദേഹത്തിന്റെ ഭരണം അവസാനിപ്പിക്കുകയാണെന്ന് അബു മുഹമ്മദ് വ്യക്തമാക്കി കഴിഞ്ഞു. നവംബര്‍ 27ന് ആരംഭിച്ച ആക്രമണം നടത്തുന്ന ഇസ്ലാമിസ്റ്റ് വിമത സഖ്യം നയിക്കുന്നത് എച്ച്ടിഎസാണ്, ഇത് അല്‍ ഖ്വയ്ദയുടെ സിറിയന്‍ ശാഖയില്‍ നിന്ന് ഉടലെടുത്തതാണ്.

Also Read: ചൈനയ്ക്കും ഒരു മുഴം മുന്നേയെറിഞ്ഞ ബൈഡൻ്റെ ആഫ്രിക്കൻ യാത്ര
ഐസിസ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നീലക്കണ്ണുള്ള കുട്ടിയെന്നാണ് അബു മുഹമ്മദ് അല്‍ ജൊലാനി അറിയപ്പെടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇറാഖിലെ കുപ്രസിദ്ധമായ അമേരിക്കയുടെ തടങ്കല്‍ കേന്ദ്രത്തില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചു. എന്നാല്‍, ഒരിക്കല്‍ അമേരിക്ക എഴുതിത്തള്ളിയ അല്‍-ജൊലാനിയാണ് ഇന്ന് ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെയും സൈന്യത്തെയും അട്ടിമറിക്കാനായി ഉയര്‍ന്നുവന്നിരിക്കുന്നത്. സിറിയയുടെ ആഭ്യന്തര യുദ്ധത്തിലെ പ്രധാന കണ്ണിയായ ജൊലാനി ഇപ്പോള്‍ ഒരു ശക്തിയാര്‍ജിച്ച നേതാവായി മാറുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്.
ഇസ്രയേലും ലെബനീസ് ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന അതേ ദിവസം തന്നെയാണ് ഇസ്ലാമിസ്റ്റ് വിമതര്‍ സിറിയയില്‍ ആക്രമണം ആരംഭിച്ചത്. റഷ്യയും ഇറാനും ബാഷര്‍ അല്‍-അസ്സാദ് സര്‍ക്കാരിന്റെ ഉറച്ച പിന്തുണക്കാരാണ്. എന്നാല്‍, വിമതര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ തുര്‍ക്കി, സിറിയയിലെ സ്ഥിതിഗതികളെക്കുറിച്ച് അടിയന്തര ചര്‍ച്ച നടത്താന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. തങ്ങളുടെ വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ ഖത്തറില്‍ റഷ്യന്‍, ഇറാനിയന്‍ വിദേശകാര്യ മന്ത്രിമാരെ കാണുമെന്ന് തുര്‍ക്കി അറിയിച്ചിട്ടുണ്ട്.

Also Read: ‘ഇന്ത്യ ആദ്യം’ മോദിയെ വാനോളം പുകഴ്ത്തി പുടിന്‍
അതേസമയം, സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി എച്ചടിഎസ് റഷ്യയേയും ചൈനയേയും സമീപിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളുമായും ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി അവര്‍ റഷ്യയെയും ചൈനയേയും അറിയിച്ചതായാണ് വിവരം.
ഇറാന്‍, ഇറാഖ്, സിറിയ എന്നിവയുടെ വിദേശകാര്യ മന്ത്രിമാരും വെള്ളിയാഴ്ച ബാഗ്ദാദില്‍ യോഗം ചേര്‍ന്ന് സിറിയയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, യുക്രെയ്‌നിലെ യുദ്ധത്തില്‍ വളരെയധികം ശ്രദ്ധചെലുത്തുന്ന റഷ്യ, സിറിയയിലെ സാഹചര്യം എങ്ങനെ വിലയിരുത്തുമെന്ന് പറയാറായിട്ടില്ല. അതേസമയം, വിമതര്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ബാഷര്‍ അസദ് ഭരണകൂടത്തിന് പരിമിതമായ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചതായും സൂചനയുണ്ട്.