സിഡ്നി: ബോർഡർ-ഗവാസ്കർ ട്രോഫി അഞ്ചാം ടെസ്റ്റിൽ അതിവേഗ അർധ സെഞ്ച്വറി കുറിച്ച് ഇന്ത്യൻ താരം ഋഷഭ് പന്ത്. രണ്ടാം ഇന്നിങ്സിൽ 29 പന്തിലാണ് ഋഷഭ് പന്ത് അർധ സെഞ്ച്വറി നേടിയത്. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ പടുകൂറ്റൻ സിക്സറും നേടിയാണ് പന്ത് കളം വിട്ടത്.
ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് ഫിഫ്റ്റിയാണ് സിഡ്നി ഗ്രൗണ്ടിൽ പന്ത് കുറിച്ചത്. 2022ൽ ശ്രീലങ്കക്കെതിരെ പന്ത് 22 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു. അതേസമയം, ഓസ്ട്രേലിയൻ മണ്ണിൽ ഒരു വിദേശതാരം നേടുന്ന അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടവും പന്ത് സ്വന്തമാക്കി. മുൻ ഇംഗ്ലണ്ട് താരങ്ങളായ ജോൺ ബ്രൗണും (1985) റോയ് ഫ്രെഡെറിക്സും (1975) 33 പന്തിൽ നേടിയ അർധ സെഞ്ച്വറി റെക്കോഡാണ് പന്ത് മറികടന്നിരിക്കുന്നത്. പന്ത് രണ്ടാം ഇന്നിങ്സ് തുടങ്ങിയത് സ്കോട്ട് ബോളണ്ടിന്‍റെ പന്ത് സിക്സറാക്കി കൊണ്ടാണ്.
Also Read: മത്സരത്തിനിടെ കളം വിട്ട ബുംറ തിരിച്ചെത്തി? പരുക്ക് ഗുരുതരമോ?
33 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 61 റൺസെടുത്താണ് പന്ത് പുറത്തായത്. രണ്ടാം ഇന്നിങ്സിലും പന്തൊഴികെയുള്ള ഇന്ത്യൻ ബാറ്റർമാർ ടീമിനെ നിരാശയിലാഴ്ത്തി. യശസ്വി ജയ്സ്വാൾ (35 പന്തിൽ 22), കെ.എൽ. രാഹുൽ (20 പന്തിൽ 13), ശുഭ്മൻ ഗിൽ (15 പന്തിൽ 13) വിരാട് കോഹ്ലി (12 പന്തിൽ ആറ്), നിതീഷ് കുമാർ റെഡ്ഡി (21 പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ആദ്യദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചിരുന്നു.