5 ലക്ഷം രൂപയ്ക്ക് എസ് യു വി

5 ലക്ഷം രൂപയ്ക്ക് എസ് യു വി

ഹാച് ബാക്ക് വാഹനങ്ങളുടേ വിലയില്‍ എസ് യു വി കിട്ടാന്‍ ആരംഭിച്ചത് ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നീ മോഡലുകളുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഒരു പുതിയ കാര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായാണ് സൂചന. ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ആദ്യത്തെ കാര്‍ മോഡലായിരുന്ന സാന്‍ട്രോ. കമ്പനിക്ക് രാജ്യത്ത് മേല്‍വിലാസം നേടിക്കൊടുത്ത കാര്‍ എന്നും സാന്‍ട്രോയെ വിശേഷിപ്പിക്കാം. വില്‍പ്പന കുറയുകയും ഹാച്ച്ബാക്കുകളില്‍ നിന്ന് എസ്യുവികളിലേക്കുള്ള ഉപഭോക്തൃ വികാരം മാറുന്നത് മനസ്സിലാക്കിയാണ് ഹ്യുണ്ടായി സാന്‍ട്രോയെ നിശബ്ദമായി പിന്‍വലിച്ചത്. എസ്യുവികളാണ് മുന്നോട്ടുള്ള വഴിയെന്ന് തിരിച്ചറിഞ്ഞ ഹ്യുണ്ടായി ഹാച്ച്ബാക്കിനെ ക്രോസ്ഓവര്‍ അല്ലെങ്കില്‍ എസ്യുവി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതാകും നല്ലതെന്ന തീരുമാനത്തിലേക്ക് എത്തി.

അതിന്റെ തുടര്‍ച്ചയെന്നോണം മൈക്രോ എസ്യുവി വിഭാഗം ഒറ്റയ്ക്ക് അടക്കിവാണിരുന്ന ടാറ്റ പഞ്ചിന്റെ എതിരാളിയായി കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായി എക്സ്റ്റര്‍ പുറത്തിറക്കി. അതിന് തൊട്ടുമുമ്പാണ് ഹ്യുണ്ടായി കാസ്പര്‍ മൈക്രോ എസ്യുവി കൊറിയന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്ന മൈക്രോ എസ്യുവി കാസ്പര്‍ ആയിരിക്കുമെന്ന് പലരും കണക്ക് കൂട്ടി. എന്നാല്‍ ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ച് ഹ്യുണ്ടായി എക്സ്റ്റര്‍ എന്ന മോഡലാണ് പുറത്തിറക്കിയത്. ഇപ്പോള്‍ ഹ്യുണ്ടായി ഇന്ത്യയില്‍ കാസ്പര്‍ എന്ന പേര് ട്രേഡ്മാര്‍ക്ക് ചാര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ കാര്‍ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും കാസ്പര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല. ഭാവിയില്‍ വ്യാപാരമുദ്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ബ്രാന്‍ഡുകള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ സാന്‍ട്രോയുടെ പകരക്കാരനായി കാസ്പറിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി പഞ്ച് മാറിയിരുന്നു. ടാള്‍ബോയ് ഹാച്ച്ബാക്ക് പ്രൊഫൈലും എസ്യുവി സ്റ്റൈലിംഗും സമ്മേളിക്കുന്ന കാസ്പറിന് വിപണിയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പറ്റിയ സാഹചര്യമാണ് നിലവിലുള്ളത്. കനത്ത ട്രാഫിക്കിലൂടെ നുഴഞ്ഞ് പോകാനും ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാനും കാസ്പറിന്റെ ഒതുക്കമുള്ള വലിപ്പം ഉപയോഗപ്രദമാകുമെന്നതിനാല്‍ തന്നെ ഇതിന് സാന്‍ട്രോയുടെ പകരക്കാരനാകാന്‍ പറ്റും. 3,595 mm നീളവും 1,595 mm വീതിയും 1,575 mm ഉയരവും 2,400 mm വീല്‍ബേസുകമാണ് കൊറിയന്‍ സ്പെക്ക് കാസ്പറിനുള്ളത്.ഡിസൈന്‍ വശം നോക്കുമ്പോള്‍ യൂത്തിനെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു സ്‌പോര്‍ട്ടിയര്‍ പ്രൊഫൈല്‍ കാസ്പറിനുണ്ട്. ഗ്രില്ലിന്റെ മെഷ്ഡ് പാറ്റേണിനോട് ചേര്‍ന്ന് ഗ്ലോസി സില്‍വര്‍ പാനലിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന റൗണ്ട് ഹെഡ്‌ലാമ്പുകള്‍ പോലുള്ള വിചിത്രമായ സ്റ്റൈലിംഗ് ഘടകങ്ങള്‍ അതിനെ ആള്‍ക്കൂട്ടത്തില്‍ വേറിട്ടു നിര്‍ത്തും. ചങ്കി ഫ്രണ്ട് ബമ്പര്‍, ഫ്ലേഡ് സ്‌ക്വയര്‍-ഇഷ് വീല്‍ ആര്‍ച്ചുകള്‍, റൂഫ് റെയിലുകള്‍ എന്നിവ അതിന്റെ എസ്യുവി-ഇഷ് ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ കാറിന്റെ എയര്‍ ഇന്‍ടേക്ക് വെന്റുകള്‍ യഥാര്‍ത്ഥത്തില്‍ യുഎസ്ബി സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടുകളോട് സാമ്യമുള്ളതായി കാണാം. അലോയ് വീലുകളിലേക്കും ഇതേ ട്രീറ്റ്‌മെന്റ് കൊണ്ടുവരുന്നു. പിന്‍ഭാഗത്ത് പരമ്പരാഗത ടെയില്‍ലൈറ്റ് ക്ലസ്റ്ററുകള്‍ക്ക് പകരം, പിക്‌സലേറ്റഡ് ട്രീറ്റ്‌മെന്റോടുകൂടിയ നീളമേറിയ ബ്രേക്ക് ലാമ്പ് സജ്ജീകരണമുള്ള ബ്ലാക്ക്ഡ്-ഔട്ട് പാനല്‍ കാസ്പറിന് ലഭിക്കുന്നു. റിയര്‍ ബമ്പറിലെ ഫോക്സ് ഡിഫ്യൂസറും കാറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതാണ്. ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡാഷ്‌ബോര്‍ഡ് മൗണ്ടഡ് സെന്റര്‍ കണ്‍സോളും ഗിയര്‍ ലിവറും ഫീച്ചര്‍ ചെയ്യുന്ന മിനിമലിസ്റ്റിക് ഇന്റീരിയറുകളാണ് കാസ്പറിന് ഉള്ളത്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനും ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. കൊറിയന്‍ സ്പെക്ക് കാസ്പെറിന് ADAS ഫീച്ചറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അക്രമണാത്മകമായ വില നിര്‍ണയത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുമ്പോള്‍ കാസ്പറില്‍ ഈ സവിശേഷത നഷ്ടമാകും. ദക്ഷിണ കൊറിയയില്‍ 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് കാസ്പര്‍ വിപണിയില്‍ എത്തുന്നത്. അതേസമയം ഇന്ത്യയില്‍ കാസ്പറിന് NA പെട്രോള്‍ എഞ്ചിനായിരിക്കും ലഭിച്ചേക്കുക. മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ടാകും. വിപണിയില്‍ എത്തിയാല്‍ പഞ്ചിനും എക്സ്റ്ററിനും താഴെ മറ്റൊരു എസ്യുവി വിഭാഗം സൃഷ്ടിക്കാന്‍ ഒരുപക്ഷേ കാസ്പറിന് സാധിക്കും. 5 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Top