സൂര്യവംശിയുടെ സിക്സർ മഴ, ജുറെലിന്റെ കരുത്ത്; ആർസിബിയെ തകർത്ത് രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്

ബെംഗളൂരു ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം വെറും 18 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു

സൂര്യവംശിയുടെ സിക്സർ മഴ, ജുറെലിന്റെ കരുത്ത്; ആർസിബിയെ തകർത്ത് രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്
സൂര്യവംശിയുടെ സിക്സർ മഴ, ജുറെലിന്റെ കരുത്ത്; ആർസിബിയെ തകർത്ത് രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്

പിഎല്ലിൽ റൺമല കീഴടക്കി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം വെറും 18 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടും ധ്രുവ് ജുറെലിന്റെ പക്വതയാർന്ന ബാറ്റിംഗുമാണ് രാജസ്ഥാന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സമ്മാനിച്ചത്.

ആർസിബി ഉയർത്തിയ വമ്പൻ സ്കോർ പിന്തുടർന്ന രാജസ്ഥാനായി വൈഭവ് സൂര്യവംശിയാണ് ബാറ്റിംഗ് വിരുന്ന് തുടങ്ങിയത്. വെറും 26 പന്തിൽ 78 റൺസ് അടിച്ചുകൂട്ടിയ താരം 7 സിക്സറുകളും 8 ഫോറുകളും പറത്തി. സൂര്യവംശിക്കൊപ്പം ചേർന്ന് പുറത്താകാതെ 81 റൺസ് നേടിയ ധ്രുവ് ജുറെൽ (43 പന്തിൽ) ടീമിനെ വിജയതീരത്തെത്തിച്ചു. ഇരുവരും ചേർന്ന് വെറും 37 പന്തിൽ കെട്ടിപ്പടുത്ത 108 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. രവീന്ദ്ര ജഡേജ 24 റൺസുമായി പുറത്താകാതെ നിന്നു.

Also Read: രാജസ്ഥാന്റെ വൈഭവ് ഇനി മുംബൈയിലേക്ക്? യുവതാരത്തിനായി വലവീശി മുംബൈ ഇന്ത്യൻസ്

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് തുടക്കം പാളി. ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ടിനെ (0) നഷ്ടമായി. വിരാട് കോലി (16 പന്തിൽ 32), പടിക്കൽ (14) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും അധികനേരം ക്രീസിൽ നിൽക്കാനായില്ല. 40 പന്തിൽ 63 റൺസെടുത്ത രജത് പാട്ടിദാറാണ് ആർസിബിയെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ ഇംപാക്ട് പ്ലെയർ വെങ്കടേഷ് അയ്യർ (15 പന്തിൽ 29) നടത്തിയ പോരാട്ടമാണ് സ്കോർ 201-ൽ എത്തിച്ചത്. ഈ വിജയത്തോടെ കളിച്ച നാല് മത്സരങ്ങളും വിജയിച്ച് 8 പോയിന്റുമായി രാജസ്ഥാൻ റോയൽസ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുള്ള ആർസിബി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

Share Email
Top