നോട്ടീസ് ലഭിച്ചതില്‍ അത്ഭുതം; ബിജെപിക്ക് മറുപടിയുമായി ജയന്ത് സിന്‍ഹ

നോട്ടീസ് ലഭിച്ചതില്‍ അത്ഭുതം; ബിജെപിക്ക് മറുപടിയുമായി ജയന്ത് സിന്‍ഹ

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് വോട്ട് ചെയ്തില്ല, എന്തുകൊണ്ട് പ്രചാരണത്തില്‍ പങ്കെടുത്തില്ല എന്നൊക്കെ ചോദിച്ച് നോട്ടീസ് ലഭിച്ചതില്‍ അത്ഭുതം തോന്നിയെന്ന് മുന്‍കേന്ദ്രമന്ത്രിയും നിലവിലെ ഹസാരിബാഗ് എം.പിയുമായ ജയന്ത് സിന്‍ഹ. ബി.ജെ.പിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായാണ് ജയന്ത് സിന്‍ഹ രംഗത്തെത്തിയത്.

രണ്ട് പേജിലായിരുന്നു ജയന്ത് സിന്‍ഹയുടെ മറുപടി. താന്‍ ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി ആഗ്രഹിച്ചിരുന്നെങ്കില്‍, തീര്‍ച്ചയായും എന്നെ ബന്ധപ്പെടാമായിരുന്നു. എന്നാല്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവും തന്നെ സമീപിച്ചില്ലെന്നും പാര്‍ട്ടി പരിപാടികള്‍ക്കോ റാലികള്‍ക്കോ ക്ഷണിച്ചിരുന്നില്ലെന്നും സിന്‍ഹ കത്തില്‍ വ്യക്തമാക്കി.

മെയ് 1 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള റാലിയിലേക്ക് മനീഷ് ജയ്സ്വാള്‍ ക്ഷണിച്ചിരുന്നു. ഏപ്രില്‍ 30 നായിരുന്നു ക്ഷണം. വൈകിയുള്ള അറിയിപ്പ് കാരണം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും സിന്‍ഹ പറഞ്ഞു. മെയ് 2 ന് ഹസാരിബാഗിലേക്ക് പോകേണ്ടിയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വസതിയില്‍ ആശംസകള്‍ അറിയിക്കാന്‍ ചെന്നെങ്കിലും ജയ്സ്വാള്‍ അവിടെ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ആശംസകള്‍ അറിയിച്ചു മടങ്ങിയെന്നും സിന്‍ഹ കത്തില്‍ വ്യക്തമാക്കി.

Top