സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കറുപ്പ്’ റിലീസിന് തയ്യാറെടുക്കുന്നു. മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ഈ മാസ് കൊമേഴ്‌സ്യൽ എന്റർടൈനറുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. റിലീസിന് മുൻപേ തന്നെ മികച്ച ബിസിനസ് സ്വന്തമാക്കിയ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് അവകാശം സീ തമിഴുമാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ഗ്രാമീണ മേക്കോവറിലാണ് ഇരുവരും കറുപ്പിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, ശിവദ തുടങ്ങിയ മികച്ച താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യാനുഭവം നൽകുമെന്നുറപ്പാണ്.
സാങ്കേതിക മേഖലയിലും മികച്ച പ്രഗത്ഭരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സംഗീത സെൻസേഷൻ സായ് അഭ്യാങ്കർ ഈണമിടുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ജി.കെ. വിഷ്ണുവാണ്. അൻബറിവ്, വിക്രം മോർ എന്നിവർ ചേർന്ന് ഒരുക്കുന്ന ആക്ഷൻ രംഗങ്ങളും അരുൺ വെഞ്ഞാറമൂടിന്റെ സെറ്റുകളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. സൂര്യ-തൃഷ കോമ്പോയുടെ മാജിക് വീണ്ടും വെള്ളിത്തിരയിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.






