മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരുടെ സ്വന്തം ചിന്നത്തലയുമായ സുരേഷ് റെയ്‌ന അഭിനയത്തിലേക്ക് കടക്കുന്നു. സംവിധായകന്‍ ലോഗന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് സുരേഷ് റെയ്ന. ക്രിക്കറ്റിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമ ഇദ്ദേഹത്തിന്റെ ബയോപിക് ആകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ പേരോ അഭിനേതാക്കളുടെ വിവരമോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. താല്‍ക്കാലികമായി പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നിര്‍മ്മാതാവ് ശരവണ കുമാറാണ്. വെള്ളിയാഴ്ച ചെന്നൈയില്‍ വെച്ച് സിനിമയുടെ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
Also Read: ‘പറന്ത് പോ’ ആദ്യ ദിനം എത്ര നേടിയ കണക്കുകള്‍ പുറത്ത്
ഡ്രീം നൈറ്റ് സ്റ്റോറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ നിര്‍മ്മാണമാണ് ചിത്രം. സന്ദീപ് കെ വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ടി മുത്തുരാജ് പ്രൊഡക്ഷന്‍ ഡിസൈനര്‍, സുപ്രീം സുന്ദര്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍, സന്തോഷ് നാരായണന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ 15 വര്‍ഷത്തോളം നീണ്ട കരിയറുള്ള താരമാണ് സുരേഷ് റെയ്‌ന. 2005 ല്‍ ഏകദിനത്തിലും 2006 ല്‍ ടി20 യിലും 2010 ല്‍ ടെസ്റ്റ് ക്രിക്കറ്റിലും സുരേഷ് റെയ്ന അരങ്ങേറ്റം കുറിച്ചു. മധ്യനിര ബാറ്റ്സ്മാനും വലം കൈയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമായിരുന്നു അദ്ദേഹം. 2011ല്‍ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സുരേഷ് റെയ്ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും ഗുജറാത്ത് ലയണ്‍സിനായും റെയ്‌ന കളിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റ് 15 ന് സഹതാരം മഹേന്ദ്ര സിങ് ധോണിക്കൊപ്പമാണ് സുരേഷ് റെയ്ന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.