സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് പറയുന്നത് ‘കർത്തരി കർമ്മണി’ പ്രയോഗം പോലെയെന്ന് വി.എസ് സുനിൽകുമാർ

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് പറയുന്നത് ‘കർത്തരി കർമ്മണി’ പ്രയോഗം പോലെയെന്ന് വി.എസ് സുനിൽകുമാർ

സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ലോകസഭ മണ്ഡലമാണ് തൃശൂര്‍. നടന്‍ സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കാന്‍ തന്ത്രപരമായ നീക്കമാണ് ബി.ജെ.പി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിക്കടിയുള്ള തൃശൂര്‍ സന്ദര്‍ശനവും ഈ അജണ്ട മുന്‍ നിര്‍ത്തിയുള്ളതാണ്.

സുരേഷ് ഗോപി വിജയിച്ചാല്‍, അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കുമെന്ന പ്രചരണം ശക്തമായതും ഇതേ തുടര്‍ന്നാണ്. എന്നാല്‍, ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാര്‍ ഇപ്പോള്‍ മാസ് മറുപടിയാണ് ബി.ജെ.പിയ്ക്ക് നല്‍കിയിരിക്കുന്നത്. സംസ്‌കൃതത്തിലെ ‘കര്‍ത്തരി കര്‍മ്മണി’ പ്രയോഗത്തോടാണ്, സുരേഷ് ഗോപി പ്രധാനമന്ത്രിയാകുമെന്ന പ്രചരണത്തെ അദ്ദേഹം താരതമ്യപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ express Kerala-യ്ക്കു നല്‍കിയ പ്രതികരണത്തിലായിരുന്നു ഈ പരാമര്‍ശം.

‘കര്‍ത്തരി കര്‍മണി’ പ്രയോഗം നമ്മുടെ സംസ്‌കൃതത്തിലെ ഗ്രാമറില്‍ പറയുന്നതാണ്. രാവണന്‍ സീതയെ കണ്ടില്ലായിരുന്നു എങ്കില്‍ രാമന്‍ രാവണനെ കൊല്ലുമായിരുന്നു എന്നു പറയുന്ന ഒരു കര്‍ത്തരി കര്‍മണി പ്രയോഗം ഉണ്ട്. അത്പക്ഷേ രാഷ്ട്രീയത്തില്‍ പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിക്ക് എപ്പോഴും കേരളത്തില്‍ വരാമെന്നും എന്നാല്‍ പ്രളയം നടന്ന കാലത്ത് പ്രധാനമന്ത്രിയെ ഞങ്ങള്‍ ഇവിടൊന്നും കണ്ടിട്ടില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പരിഹസിച്ചു. പ്രളയ കാലത്തൊന്നും അദ്ദേഹത്തെ ആരും ഇവിടെ കണ്ടിട്ടില്ല. തൃശൂരില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പതിനായിരങ്ങള്‍ കിടന്നപ്പോഴൊന്നും പ്രധാനമന്ത്രി എന്താ കാണാന്‍ വരാഞ്ഞതെന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. മണിപ്പൂരിലൊന്നും പോകാതെ തൃശൂരില്‍ വരുമ്പോള്‍ പ്രധാനമന്ത്രിയുടെ വരവെന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടെന്നും സുനില്‍ കുമാര്‍ തുറന്നടിച്ചു.

കേരളത്തില്‍ നിന്ന് രണ്ടക്ക സീറ്റ് ബിജെപിയ്ക്ക് കിട്ടുമെന്ന് പറയുന്ന പ്രധാനമന്ത്രിക്ക് ഇന്ത്യയില്‍ 400 സീറ്റ് കിട്ടുമെന്ന് പറയാമല്ലോയെന്നു ചൂണ്ടികാട്ടിയ സുനില്‍കുമാര്‍, രണ്ടും കൂടി ഒന്ന് താരതമ്യപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. മോദി പറഞ്ഞ 390 കഴിച്ച് ബാക്കി 10 സീറ്റ് കേരളത്തില്‍ നിന്നാണ്. അതുവച്ച് കണക്കുകൂട്ടിയാല്‍ തന്നെ ആ അവകാശവാദം പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതേതരത്വവും ജനാധിപത്യവും ഉണ്ടാവണമെങ്കില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യേണ്ടതെന്നും തൃശൂരിലെ ഇടതു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു. മതേതരത്വവും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മതേതര വാദികളായ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഇടതുപക്ഷത്തെ വിജയിപ്പിക്കാന്‍ തയ്യാറായേ മതിയാവൂ എന്നുള്ളതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹം ആവശ്യപ്പെടുന്നത്.

ടി എന്‍ പ്രതാപന്റെ ചുവരെഴുത്ത് വന്നതിന് ശേഷം പെട്ടന്ന് സ്ഥാനാര്‍ഥിയെ മാറ്റിയ വിഷയത്തിലും സുനില്‍കുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് അവരുടെ സ്ഥാനാര്‍ഥി മാറുന്നതും പുതിയ സ്ഥാനാര്‍ഥി വരുന്നതും പുതിയ കാര്യങ്ങളല്ലല്ലോ, അതുകൊണ്ടു തന്നെ അതൊക്കെ അവരുടെ സംഘടനപരമായ കാര്യങ്ങളാണെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

Top