‘കുടുംബം വേറെ, പ്രസ്ഥാനം വേറെ’; പത്മജ വേണുഗോപാല്‍

‘കുടുംബം വേറെ, പ്രസ്ഥാനം വേറെ’; പത്മജ വേണുഗോപാല്‍

തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാല്‍. തന്നെ വേണ്ട എന്ന് പരസ്യമായി പറഞ്ഞ്, സഹോദര ബന്ധം പോലും ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന് വേണ്ടി താന്‍ എന്തിന് പ്രാര്‍ത്ഥിക്കണമെന്നും പത്മജ ചോദിച്ചു. തൃശ്ശൂരില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പത്മജയുടെ പ്രതികരണം.

സഹോദരന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രാര്‍ത്ഥിക്കാനായി അദ്ദേഹം അസുഖം ബാധിച്ച് കിടക്കുകയൊന്നുമല്ലല്ലോ എന്നായിരുന്നു പത്മജയുടെ മറുപടി. കുടുംബം വേറെയാണ്, പ്രസ്ഥാനം വേറെയാണ്. എന്നിരുന്നാല്‍ പോലും അദ്ദേഹത്തെ താന്‍ തള്ളി പറഞ്ഞിട്ടില്ല. അദ്ദേഹമാണ് എന്നെ കാണണ്ട, ഞാന്‍ സഹോദരിയല്ല, എന്നെ വേണ്ട എന്നൊക്കെ പറഞ്ഞത്. അതുകൊണ്ട് തന്നെ എന്നെ തള്ളി പറഞ്ഞ അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി താന്‍ എന്തിന് പ്രാര്‍ത്ഥിക്കണമെന്നും പത്മജ ചോദിച്ചു.

തന്റെ സഹോദരന്‍ തോല്‍ക്കും എന്ന് പറയില്ല. പക്ഷേ തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വിജയം നൂറുശതമാനം ഉറപ്പാണ്. എന്നാലും ഉറച്ച് പറയാന്‍ താന്‍ ജ്യോത്സ്യം പഠിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. തൃശൂര്‍ക്കാര്‍ സുരേഷ് ഗോപിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. ആ തരംഗം പ്രചാരണ സമയത്ത് കാണാന്‍ കഴിഞ്ഞതുമാണ്. ചെറുപ്പക്കാരും സ്ത്രീകളും അദ്ദേഹത്തിന് തന്നെ വോട്ട് ചെയ്യും. എന്നാല്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കാനായി കള്ളവോട്ടിന് സാധ്യതയുണ്ടെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ പത്മജ തള്ളി. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെയാണ് കള്ളവോട്ട് ചെയ്യുന്നതെന്നും പത്മജ ആരോപിച്ചു.

Top