ഡല്‍ഹി: കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകള്‍ നല്‍കിയില്ലെങ്കിലും ശിക്ഷ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും അപേക്ഷ നല്‍കിയവരെ മാത്രമേ ശിക്ഷ ഇളവിന് പരിഗണിക്കുകയുള്ളുവെന്ന സാഹചര്യമാണ് നിലവിലിലുള്ളത്. ഇത്തരം നിലപാടുകള്‍ വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. കുറ്റവാളികള്‍ക്ക് ശിക്ഷാഇളവ് നല്‍കാന്‍ സ്ഥിരം നയമില്ലാത്ത സംസ്ഥാനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ നയമുണ്ടാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരിലും വിവിധ കാലം തടവിന് ശിക്ഷിക്കപ്പെട്ടവരിലും ശിക്ഷ ഇളവിന് അര്‍ഹതയുള്ളവരുടെ പട്ടികകള്‍ ജയില്‍ സൂപ്രണ്ടുമാര്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറണം. ആ പട്ടിക പരിശോധിച്ച് ശിക്ഷ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണം. കുറ്റകൃത്യത്തിന്റെ പ്രകൃതം, ശിക്ഷ ഇളവ് കിട്ടി പുറത്തിറങ്ങിയാല്‍ പുതിയ ജീവിതം തുടങ്ങാനുള്ള സാധ്യതകള്‍, ക്രിമിനല്‍ പശ്ചാത്തലം പോലെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാകണം ശിക്ഷ ഇളവ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.