ടെഹ്‌റാൻ: തലസ്ഥാനമായ ടെഹ്റാനിലെ നിയമകാര്യ കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ ഇറാനിയൻ സുപ്രീംകോടതിയിലെ രണ്ട് മുതിർന്ന ജസ്റ്റിസുമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആയുധധാരിയായ ഒരു അജ്ഞാതനാണ് കൊല നടത്തിയതെന്നും ശനിയാഴ്ച പുലർച്ചെ വെടിവെപ്പിന് ശേഷം ഇയാൾ ആത്മഹത്യ ചെയ്തുവെന്നും ജുഡീഷ്യറിയുടെ മീഡിയ സെന്റർ പ്രസ്താവനയിൽ പറഞ്ഞു. കോടതിയുടെ വ്യത്യസ്‌ത ബ്രാഞ്ച് അധ്യക്ഷൻമാരായ ഹുജ്ജത്ത് അൽ ഇസ്‌ലാം റാസിനി, ഹുജ്ജത്ത് അൽ ഇസ്‌ലാം വൽ മുസ്‌ലിമീൻ മൊഖ്സെ എന്നിവരാണ് കൊല്ലപ്പെട്ടത്.
ദേശീയ സുരക്ഷ, ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരുന്നവരാണ് കൊല്ലപ്പെട്ട ജഡ്ജിമാരെന്നും ഇരുവരും ധൈര്യവും പരിചയസമ്പത്തുള്ളവരാണെന്നും പ്രസ്താവനയിൽ പറയുന്നു. രണ്ട് ജഡ്ജിമാരുടെയും മുറികളിലേക്ക് കൈത്തോക്കുമായി ഒരാൾ കടന്നുകയറുകയും വെടിവെക്കുകയുമായിരുന്നുവെന്ന് ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാംഗീർ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
Also Read: ‘ലവ് യൂ ഹണീ’; മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഒബാമ
ഇയാൾ ആരാണെന്നോ എന്തായിരുന്നു ഉദ്ദേശമെന്നോ വ്യക്തമല്ല. കുറ്റവാളിക്ക് സുപ്രീംകോടതിയിൽ മുമ്പ് കേസുകളൊന്നും ഉണ്ടായിരുന്നില്ല.
ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റതായി സർക്കാർ ഉടമസ്ഥതയിലുള്ള ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റിയും അന്വേഷണം നടക്കുകയാണ്. 1998ൽ ടെഹ്‌റാൻ ജുഡീഷ്യറിയുടെ തലവനായി സേവനമനുഷ്ഠിക്കുമ്പോൾ ജസ്റ്റിസ് ഇസ്‍ലാം റസിനി ഇത്തരത്തിൽ വധശ്രമത്തിന് വിധേയനായിരുന്നു.