ഒരു പ്രൊഫഷണൽ റേസിങ് താരമാണ് തമിഴ് സൂപ്പർതാരം അജിത് കുമാർ. സിനിമാ ലോകത്തും റേസിങ് ട്രാക്കിലും ഒരുപോലെ മിന്നിനിൽക്കുകയാണ് അദ്ദേഹം. അജിത് കുമാർ റേസിങ് എന്ന പേരിലുള്ള ഒരു റേസിങ് ടീമിന്റെ ഉടമയായ അജിത്, അന്താരാഷ്ട്ര തലങ്ങളിൽ നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
താരത്തിന്റെ റേസിങ് കാറുകളുടെ നീണ്ട നിരയിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണിപ്പോൾ. മെഴ്‌സിഡീസ് എഎംജി ജിടി3 എന്ന റേസിങ് കാർ ആണ് പുതിയ താരം. വാഹനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Also Read: വിപണിയിലെത്തിയിട്ട് പത്തുവർഷങ്ങൾ; നേട്ടത്തിലെത്തി ഈ മിഡ് സൈസ് എസ് യു വി
അജിത് കുമാർ റേസിങ്ങിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് എഎംജി ജിടി3യുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘എഎംജി ജിടി3 – ഒരു പുതിയ തുടക്കത്തിലേക്ക്’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രങ്ങളിൽ പുതിയ കാറിനൊപ്പം നടൻ പ്രത്യക്ഷപ്പെട്ടു. ബ്രാൻഡിന്റെ ഔദ്യോഗിക സൈറ്റിൽ വാഹനത്തിന്റെ വില 1,030,000 യൂറോ (ഏകദേശം 10 കോടി രൂപ) ആണെന്ന് സൂചിപ്പിക്കുന്നു. കാറിന്റെ ഔദ്യോഗിക വിശദാംശങ്ങളൊന്നും ടീം പങ്കുവെച്ചിട്ടില്ലാത്തതിനാൽ വിലയിൽ വ്യത്യാസമുണ്ടാകാം. പുത്തൻ കാറിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ അജിത് ആരാധകരും ആവേശത്തിലാണ്.