സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്താൻ വൈകും

മടക്കയാത്ര ഏപ്രിൽ ആദ്യ വാരത്തിലേക്ക് നീളാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു

സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്താൻ വൈകും
സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്താൻ വൈകും

വാഷിങ്ടൺ: ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് തിരിച്ചെത്താൻ നേരത്തെ നിശ്ചയിച്ചതിലും വൈകും. ഇരുവരെയും ഫെബ്രുവരിയിൽ തിരിച്ചെത്തിക്കാനാകില്ലെന്നും മാർച്ച് അവസാനത്തോടെയാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ഇവർക്കരികിലേക്ക് എത്തുകയെന്നും നാസ അറിയിച്ചു.

മടക്കയാത്ര ഏപ്രിൽ ആദ്യ വാരത്തിലേക്ക് നീളാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എട്ട് ദിവസം നീണ്ട ദൗത്യത്തിനായി ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. എന്നാല്‍ പേടകത്തിനുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും കാരണം സുനിതയ്ക്കും വില്‍മോറിനും കൂടുതല്‍ ദിവസം ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വന്നു.

Also Read: ഏറ്റവും കനം കുറഞ്ഞ വാച്ച് ; 3.32 കോടി രൂപ വില

ആഴ്ച്ചകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സഞ്ചാരികളില്ലാതെ സ്റ്റാര്‍ലൈനര്‍ തിരികെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബഹിരാകാശ നിലയത്തിലെ അപ്രതീക്ഷിതമായ തങ്ങല്‍ സുനിത വില്യംസിന്‍റെ ആരോഗ്യസ്ഥിതി വഷളാക്കിയതായി പുറത്തുവന്ന ചിത്രങ്ങളില്‍നിന്നും വ്യക്തമായിരുന്നു.

എന്നാല്‍ സുനിതയുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ടെന്നും മതിയായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും നാസ വിശദീകരിച്ചിരുന്നു. ബഹിരാകാശ നിലയത്തിലെ ശാസ്ത്രപരീക്ഷണങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും സുനിത പങ്കെടുക്കുന്നുണ്ട്. ഇതിനിടെ ക്രിസ്മസ് തൊപ്പി ധരിച്ച് ഇരുവരും നിൽക്കുന്ന ചിത്രവും വൈറലായിരുന്നു.

സഞ്ചാരികളെ 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്സ്യൂളില്‍ തിരികെ എത്തിക്കാനാണ് നേരത്തെ നാസ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ ആറിന് സഞ്ചാരികളില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലിറക്കിയിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ക്രൂ 9 ഉദ്യമം ഉപേക്ഷിച്ചിരിക്കുകയാണ്. പകരമായി ഒരുക്കിയിട്ടുള്ള ക്രൂ 10 മാര്‍ച്ച് മാസത്തിന് മുമ്പ് വിക്ഷേപിക്കാന്‍ സാധിക്കില്ലെന്നുമാണ് നാസ അറിയിച്ചിരിക്കുന്നത്. ബഹിരാകാശ പേടകത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ വേണ്ട സമയം പരിഗണിച്ചാണ് മാര്‍ച്ചിലേക്ക് നീക്കിയിരിക്കുന്നത്.

Share Email
Top