ഡല്‍ഹി: 2027 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഉണ്ടാകില്ലെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. 50 ഓവര്‍ ക്രിക്കറ്റില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും 2027 ലോകകപ്പില്‍ ഇരുതാരങ്ങളും പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു..
രോഹിത്തും കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 7 ന് രോഹിത് റെഡ് ബോള്‍ ഫോര്‍മാറ്റ് മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മെയ് 12 ന് വിരാടും ടെസ്റ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു. 2024 ലെ ലോകകപ്പ് നേടിയതിന് ശേഷം ഇരുവരും ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ചാംപ്യന്‍സ് ട്രോഫി വിജയിച്ച ഇന്ത്യന്‍ ടീമിലും രോഹിത്തും കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും പ്രകടനം മികച്ചതായിരുന്നുവെങ്കിലും അടുത്ത ലോകകപ്പില്‍ ഇരുവരും പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് ഗവാസ്‌കറുടെ നിരീക്ഷണം.
Also Read: ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു; ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ
‘ഏകദിന ഫോര്‍മാറ്റില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ 2027 ലോകകപ്പിനുള്ള ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കുമോ? മുന്‍പ് നല്‍കിയിരുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ രോഹിത്തിനും കോഹ്ലിക്കും കഴിയുമോ എന്നായിരിക്കും സെലക്ഷന്‍ കമ്മിറ്റി നോക്കുന്നത്. അവര്‍ക്ക് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ സെലക്ഷന്‍ കമ്മിറ്റി തീര്‍ച്ചയായും രോഹിത്തിനെയും കോഹ്ലിയെയും ടീമില്‍ ഉള്‍പ്പെടുത്തും’, ഗവാസ്‌കര്‍ സ്‌പോര്‍ട്‌സ് ടുഡേയോട് പറഞ്ഞു.
‘ഇന്ത്യന്‍ ടീമില്‍ ഇരുവര്‍ക്കും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നില്ല. അവര്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ആര്‍ക്കറിയാം? അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ മികച്ച ഫോം കാഴ്ചവെച്ച് സെഞ്ച്വറികള്‍ നേടിയാല്‍, അവര്‍ തീര്‍ച്ചയായും ലോകകപ്പ് കളിക്കും,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.