ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‘പരിവർത്തന ഘട്ടം’എന്ന വാദത്തെ ശക്തമായി തള്ളി ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ. ടീമിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് ന്യായീകരണമായി ഈ പദപ്രയോഗം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും, ബാറ്റിംഗിലെ നിലവാരത്തകർച്ച പരിഹരിക്കാൻ അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് വിജയത്തിന് ശേഷം ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഗവാസ്കറുടെ തുറന്നടി.
ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പരിശീലകൻ ഗൗതം ഗംഭീറും ‘പരിവർത്തന ഘട്ടം’ എന്ന വാദം ഉന്നയിക്കുമ്പോഴാണ് ഗവാസ്കർ അതിനെതിരെ ശക്തമായി രംഗത്തെത്തിയത്. “എല്ലാ ടീമുകളിലും താരങ്ങൾ വിരമിക്കുന്നതും പുതിയവർ വരുന്നതും സ്വാഭാവികമായ മാറ്റങ്ങളാണ്. അതിനെ പരിവർത്തന ഘട്ടം എന്ന് വിളിച്ച് തോൽവികൾക്ക് മറപിടിക്കുന്നത് നിർത്തണം. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം പുലർത്താനാണ് ടീം ശ്രമിക്കേണ്ടത്. ബൗളിംഗിനേക്കാൾ ഇന്ന് ആശങ്കയുണ്ടാക്കുന്നത് ബാറ്റിംഗിലെ പ്രകടനമാണ്,” ഗവാസ്കർ ചൂണ്ടിക്കാട്ടി.
Also Read:ആഫ്രിക്കൻ റഫറിയെ വിമാനത്താവളത്തിൽ തടഞ്ഞു; ഫുട്ബോൾ ലോകത്ത് പ്രതിഷേധം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും സ്വന്തം മണ്ണിൽ വഴങ്ങിയ 0-2 വൈറ്റ് വാഷ് തോൽവികൾ ബാറ്റിംഗ് നിരയിലെ സാങ്കേതികമായ പോരായ്മകളെയും അച്ചടക്കമില്ലായ്മയെയും തുറന്നുകാട്ടുന്നുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ടി20 ശൈലിയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് ബാറ്റിംഗിൽ തെറ്റായ തീരുമാനങ്ങൾക്കും അക്ഷമയ്ക്കും കാരണമാകുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ മൗലികമായ ശൈലിയിലേക്ക് മടങ്ങിയെത്തണമെന്നും അദ്ദേഹം ഉപദേശിച്ചു.





