കേരളത്തിൽ വേനൽ കനക്കുന്നു; തൃശൂരില്‍ 40 ഡിഗ്രിവരെ താപനില ഉയരാൻ സാധ്യത, ജാഗ്രതാ നിർദേശം

സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ശനിയാഴ്ചവരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ 40 ഡിഗ്രിവരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞകൊല്ലം ഈ സമയം 38 ഡിഗ്രിയാണ് തൃശൂരില്‍ രേഖപ്പെടുത്തിയിരുന്നത്. തൃശൂർ വെള്ളാനിക്കരയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ അഞ്ചുവര്‍ഷം മുമ്പ് മാര്‍ച്ച് 26-ന് 40 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നതായി കാലാവസ്ഥ വകുപ്പ് മേധാവി ഡോ. ബി. അജിത് കുമാര്‍ പറഞ്ഞു.

Top