ആനക്കര: വേനല്‍ച്ചൂടിന്റെ ആധിക്യം വർധിച്ചതോടെ നൊങ്ക് വിപണിയും ഉണർന്നു. ഗ്രാമീണ മേഖലകളില്‍ ഉത്സവ കാലവും തുടങ്ങിയതോടെ വിപണി സജീവമാകാൻ കാരണമായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങളില്‍ നൊങ്ക് വ്യാപാരം വർധിച്ചു.
രാസവളപ്രയോഗം ഇല്ലാതെ ഉത്പാദിപ്പിക്കുന്നതാണെന്നതിനാലും ഔഷധ ഗുണമേറിയതും ദൂഷ്യഫലങ്ങളില്ലാത്തതുമായതിനാലും നൊങ്കിന് ആവശ്യക്കാര്‍ ഏറെയാണ്. ഒരു നൊങ്കിന് പത്ത് മുതല്‍ പന്ത്രണ്ട് രൂപ വരെയാണ് വില. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഏറ്റവുമധികം പന തോട്ടങ്ങളുള്ളത്. കന്യാകുമാരിയിലെ വള്ളിയൂര്‍, പണക്കുടി എന്നിവിടങ്ങളില്‍നിന്നാണ് നൊങ്ക് വ്യാപകമായി കേരളത്തില്‍ എത്തുന്നത്.