വേനല്‍ക്കാല മുടി സംരക്ഷണം

വേനല്‍ക്കാല മുടി സംരക്ഷണം

രോ കാലാവസ്ഥയിലും ചര്‍മ്മത്തിനും മുടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യമായി വരുന്നത്. മുടിയും ചര്‍മ്മവുമൊക്കെ വെയിലേറ്റ് സ്വാഭാവിക ഭംഗി നഷ്ടപ്പെടാനുള്ള സാധ്യത ഈ സമയത്ത് വളരെ കൂടുതലാണ്. ക്യത്യമായ പരിചരണം ഉറപ്പാക്കിയില്ലെങ്കില്‍ ഒരുപക്ഷെ മുടിയുടെയും ചര്‍മ്മത്തിന്റെയുമൊക്കെ ആരോഗ്യത്തെ തന്നെ ഇത് ബാധിച്ചേക്കാം. അതികഠിനമായ ചൂടിലൂടെ ആണ് ഈ വേനല്‍ക്കാലം കടന്ന് പോകുന്നത്. മുടിയില്‍ സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ചെറുതല്ല. മുടികൊഴിച്ചില്‍, താരന്‍, വരണ്ട മുടി, മുടിയുടെ അറ്റം പിളരല്‍, മുടി പൊട്ടല്‍ പോലെ നിരവധി പ്രശ്‌നങ്ങള്‍ പലരെയും അലട്ടുന്നുണ്ട്. ചൂട് കാലമായത് കൊണ്ട് തന്നെ പലര്‍ക്കും തണുത്ത വെള്ളത്തില്‍ കുളിക്കാനായിരിക്കും താല്പര്യം. എന്നാല്‍ ദിവസവും ചൂട് വെള്ളത്തില്‍ ശീലമുള്ള ചിലരെങ്കിലും ഉണ്ടാകും. പക്ഷെ ചൂട് വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് അത്ര നല്ലതല്ല. മുടി ചൂട് വെള്ളത്തില്‍ കഴുകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.
വരണ്ട മുടിയുള്ളവരാണെങ്കില്‍ വീണ്ടും ചൂട് വെള്ളത്തില്‍ കുളിക്കുന്നത് അവരുടെ മുടിയെ കൂടുതല്‍ വരണ്ടതാക്കും. ചൂട് വെള്ളത്തിന് പകരം തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതായിരിക്കും കൂടുതല്‍ ഉചിതം.

അതികഠിനമായ ചൂട് കാരണം തലയോട്ടിയും മുടിയുമൊക്കെ വിയര്‍ക്കുന്നത് സ്വാഭാവികമാണ്. ചൂടും വിയര്‍പ്പും കാരണം ഒരുപാട് തവണ കുളിക്കുന്ന സ്വാഭാവം പലര്‍ക്കും ഉണ്ടാകും. വേനല്‍ കാലത്ത് ശുചിത്വം ഉറപ്പാക്കാന്‍ പല തവണ കുളിക്കുമ്പോള്‍ ഉള്ള ഷാംപൂവിന്റെ ഉപയോഗം ഒഴിവാക്കുക. എപ്പോഴും ഷാംപൂ ഉപയോഗിക്കാതെ പകരം വെള്ളം മാത്രം ഉപയോഗിച്ച് മുടി കഴുകുന്നതായിരിക്കും കൂടുതല്‍ ഉത്തമം. അങ്ങനെ ചെയ്യുന്നത് വഴി മുടിയില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന എണ്ണകളും പ്രോട്ടീനുകളും നഷ്ടപെടുന്നത് ഒഴിവാക്കാനും മുടിയുടെ ഭംഗി നിലനിര്‍ത്താനും സാധിക്കുന്നു. മുടിയില്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എല്ലാവര്‍ക്കുമറിയാവുന്നതാണ്. മുടിയുടെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ കണ്ടീഷണറുകള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. പക്ഷെ വേനല്‍ കാലത്ത് മുടിയ്ക്ക് ആവശ്യം ലീവ് ഇന്‍ കണ്ടിഷന്റുകള്‍ ആണ്. മുടിയുടെ ഭംഗി നിലനിര്‍ത്തുന്നതിനോട് ഒപ്പം അന്തരീക്ഷത്തിലെ പൊടിയില്‍ നിന്നും അഴുക്കില്‍ നിന്നും അതുപോലെ ചൂടില്‍ നിന്നും ഒക്കെ സംരക്ഷിക്കാന്‍ ലീവ് ഇന്‍ കണ്ടീഷണറുകള്‍ വളരെയധികം സഹായിക്കും.

മുടി നല്ല സ്‌റ്റൈല്ലായി കിടക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇന്നത്തെ കാലത്ത് സ്‌റ്റൈലിങ് ഉത്പന്നങ്ങള്‍ പലരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. മുടിയുടെ ഭംഗി കൂട്ടുന്നതിലും ഒരു വ്യക്തിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും ഇത്തരം സ്‌റ്റൈലിങ് ടൂളുകളുടെ പങ്ക് ചെറുതല്ല. പക്ഷെ വേനല്‍ കാലത്ത് മുടിയില്‍ അധികമായി ചൂടേല്‍പ്പിക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയ്ക്ക് പുറമെ വീണ്ടും ഇത്തരം ചൂട് കൂടുതലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വീണ്ടും നശിപ്പിക്കും. അത്യാവശ്യത്തിന് മാത്രം ഇത്തരം സ്‌റ്റൈല്ലിങ്ങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതാണ് ഈ വേനല്‍ കാലത്ത് നല്ലത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാവുന്ന കാര്യങ്ങള്‍ വേണം ഈ കാലാവസ്ഥയില്‍ ചെയ്യാന്‍. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും തലയില്‍ നന്നായി എണ്ണ തേച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. കെമിക്കല്‍ ട്രീട്‌മെന്റുകളും ഹെയര്‍ കളറിങ്ങും വേനല്‍ കാലത്ത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായിട്ടായിരിക്കും ബാധിക്കുന്നത്. അതുകൊണ്ട് അത് ഒഴിവാക്കാന്‍ ശ്രമിക്കുക.

മുടിയ്ക്ക് ചര്‍മ്മത്തിനും പുറമെ നിന്ന് നല്‍കുന്ന സംരക്ഷണം മാത്രമല്ല ആവശ്യം കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ഭക്ഷണ രീതികള്‍ എത്രത്തോളം നല്ലതാണോ അത്രയും മുടിയുടെ ആരോഗ്യവും ഭംഗിയും കൂടുമെന്നാണ് പറയപ്പെടുന്നത്. ചര്‍മ്മത്തിനെയും മുടിയെയും കൂടുതല്‍ കാലം ചെറുപ്പമായി നിലനിര്‍ത്താന്‍ നല്ല പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. മധുര പലഹാരങ്ങള്‍ കഴിക്കുന്നത് പരമാവധി കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കേണ്ടതും ഏറെ പ്രധാനമാണ്. മുടിയുടെ വളര്‍ച്ചയില്‍ പ്രോട്ടീന് വലിയൊരു പങ്കുണ്ട്. ഡയറ്റില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മുടിയ്ക്ക് ഏറെ ആവശ്യമായ ബയോട്ടിനും മറ്റു വൈറ്റമിനുകളും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.

Top