ആന്ധ്രാപ്രദേശിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പ്രക്ഷോഭ സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

ആന്ധ്രാപ്രദേശിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പ്രക്ഷോഭ സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

വിജയവാഡ : ആന്ധ്രാപ്രദേശിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പ്രക്ഷോഭ സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. കോളേജിലും ഹോസ്റ്റലിലും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുണ്ടെന്നും അധികൃതര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും ആരോപിച്ചാണ് തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ പഠനം മുടക്കി സമരം തുടങ്ങിയത്. കാന്റീനിലെ ഭക്ഷണത്തിന്റെ മോശം അവസ്ഥയും വിദ്യാര്‍ഥികള്‍ ചൂണ്ടി കാണിക്കുന്നു.

കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വിഷയത്തില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ വാദം. വേനല്‍ക്കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈനാക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെക്കുന്നു. വിദ്യാര്‍ഥികളില്‍ നിരവധി മലയാളികളുമുണ്ട്. മലയാളി വിദ്യാര്‍ഥികള്‍ തന്നെയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

2015-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന് സ്വന്തമായി കെട്ടിടമോ ഹോസ്റ്റലോ ഉണ്ടായിരുന്നില്ല. 2023-വരെ മറ്റൊരു കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.കെട്ടിടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹോസ്റ്റലില്‍ കുടിവെള്ളത്തിന്റെ പരിമിതിയുണ്ടെന്നും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സാഹചര്യമുണ്ടായെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

Top