കണ്ണൂർ നടാൽ ഒകെയുപി സ്‌കൂളിന് സമീപം ദേശീയപാതയിൽ അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ചു നാളെ (വ്യാഴാഴ്ച) ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് നടക്കും. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച പണിമുടക്ക് രാവിലെ മുതൽ വൈകുന്നേരം വരെയാണ്. കണ്ണൂർ-തലശ്ശേരി റൂട്ടിലെ യാത്രക്കാരെയാണ് സമരം പ്രധാനമായും ബാധിക്കുകയെങ്കിലും ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് സർവീസുകളും സ്തംഭിക്കുന്നതോടെ പതിനായിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാകും.
ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് നടാലിൽ അടിപ്പാത നിർമ്മിക്കണമെന്നത് പ്രദേശവാസികളുടെയും ബസുടമകളുടെയും ദീർഘകാലമായുള്ള ആവശ്യമാണ്. നിലവിലെ അശാസ്ത്രീയമായ നിർമ്മാണം തുടർന്നാൽ, കണ്ണൂർ-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾക്ക് ഏകദേശം ഏഴ് കിലോമീറ്റർ അധികം ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇന്ധനച്ചെലവ് വർദ്ധിക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ താങ്ങാനാവില്ലെന്നും സർവീസ് റോഡുകളുടെ വീതിക്കുറവ് വലിയ വാഹനങ്ങൾക്ക് തടസ്സമാണെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
Also Read: ആരോപണങ്ങൾ പച്ചക്കള്ളം; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുലിന്റെ അഭിഭാഷകൻ
അടിപ്പാത നിർമ്മാണത്തിനായി ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വലിയ ഇടപെടലുകൾ ഇതിനോടകം നടന്നിട്ടുണ്ട്. കെ. സുധാകരൻ എം.പി, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ കേന്ദ്ര ഗതാഗത മന്ത്രിയുടെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിരുന്നു. അടുത്തിടെ സി. സദാനന്ദൻ എം.പിയും സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
അടിയന്തരമായി സർക്കാർ തലത്തിൽ ഇടപെടലുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ദേശീയപാത അതോറിറ്റി കാണിക്കുന്ന പിടിവാശിയാണ് നിർമ്മാണത്തിന് തടസ്സമാകുന്നതെന്ന് ജനകീയ സമിതി ആരോപിക്കുന്നു. നാളത്തെ പണിമുടക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവർത്തനത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.






