കുവൈത്തിൽ കർശന നടപടി! കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 8 പ്രവാസികൾക്ക് 10 വർഷം തടവും കോടികളുടെ പിഴയും

സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട് പരിഗണിച്ച ഈ കേസിൽ, കുറ്റകൃത്യത്തിൽ ഉൾപ്പെട്ട രണ്ട് വാണിജ്യ കമ്പനികൾക്ക് 9 ദശലക്ഷം ദിനാർ പിഴ ചുമത്തുകയും അവ സ്ഥിരമായി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്

കുവൈത്തിൽ കർശന നടപടി! കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 8 പ്രവാസികൾക്ക് 10 വർഷം തടവും കോടികളുടെ പിഴയും
കുവൈത്തിൽ കർശന നടപടി! കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 8 പ്രവാസികൾക്ക് 10 വർഷം തടവും കോടികളുടെ പിഴയും

കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പ്രതികളായ എട്ട് പ്രവാസികൾക്ക് പത്ത് വർഷം കഠിനതടവും 18 ദശലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ച് കോടതി. സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട് പരിഗണിച്ച ഈ കേസിൽ, കുറ്റകൃത്യത്തിൽ ഉൾപ്പെട്ട രണ്ട് വാണിജ്യ കമ്പനികൾക്ക് 9 ദശലക്ഷം ദിനാർ പിഴ ചുമത്തുകയും അവ സ്ഥിരമായി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യത്ത് നിയമനടപടികൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടി.

അതേസമയം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസിങ് ചട്ടങ്ങളും ഗുരുതരമായി ലംഘിച്ചതിനെ തുടർന്ന് കുവൈത്തിലെ സാൽമിയയിൽ ഒരു റെസ്റ്റോറന്റും ഫുഡ് സ്റ്റോറേജ് കേന്ദ്രവും അധികൃതർ റെയ്ഡ് ചെയ്ത് പൂട്ടിച്ചു. ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും സാൽമിയ സി.ഐ.ഡിയും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷനും സംയുക്തമായാണ് ഈ പരിശോധന നടത്തിയത്. മോശം സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി.

അധികൃതർ മുൻപ് പൂട്ടാൻ ഉത്തരവിട്ടിരുന്ന റെസ്റ്റോറന്റ് യാതൊരു അനുമതിയും ഇല്ലാതെ വീണ്ടും പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ ലൈസൻസ് ഇല്ലാതിരിക്കുക, ഗുണനിലവാരമില്ലാത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുക, അനുവദനീയമല്ലാത്ത അധിക സ്ഥലങ്ങൾ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് സ്ഥാപനത്തിൽ നിന്നും പിടികൂടിയത്. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 11 തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു. ഇതിൽ എട്ട് പേരുടെ കൈവശം ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായി.

തുടർന്ന് നടത്തിയ പരിശോധനയിൽ മായം കലർന്നതും ഉപയോഗശൂന്യവുമായ 114 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർണ്ണമായി നശിപ്പിച്ചു. വിവിധ നിയമലംഘനങ്ങൾക്ക് സ്ഥാപനത്തിന് എതിരെ 18 റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള കർശന പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share Email
Top