തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. ആക്രമണം നടത്തിയ നായയെ തുരത്തി ഓടിക്കുന്നതിനിടെ നാല് ക്ഷേത്ര ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഓഗസ്റ്റ് 10 തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ വടക്കേ നടയ്ക്ക് പുറത്ത് വെച്ചായിരുന്നു സംഭവം.
ദർശനം കഴിഞ്ഞ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽക്കുകയായിരുന്ന ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേർക്കാണ് കടിയേറ്റത്. കാലിന് പരിക്കേറ്റ ഇവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച തെരുവുനായയെ ജീവനക്കാർ ചേർന്ന് പുറത്തേക്ക് ഓടിക്കുകയായിരുന്നു. ഇതിനിടെ നായയെ പിടികൂടാൻ ശ്രമിച്ച നാല് ക്ഷേത്ര ഗാർഡുകൾക്കും പോറലേറ്റു. തുടർന്ന് കിഴക്കേ നടയിൽ വെച്ച് തെരുവുനായയെ പിടികൂടി നഗരസഭയ്ക്ക് കൈമാറി. സംഭവത്തെ തുടർന്ന് ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന മറ്റ് ചില തെരുവുനായ്ക്കളെക്കൂടി നഗരസഭാ അധികൃതർ പിടികൂടിയിട്ടുണ്ട്.






